പാണഞ്ചേരിയിലും ചേലക്കരയിലും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായി; കെ.സി ഗ്രൂപ്പിന് സമ്പൂർണാധിപത്യം
text_fieldsതൃശൂർ: പ്രഖ്യാപിക്കാനുണ്ടായിരുന്ന പാണഞ്ചേരി, ചേലക്കര േബ്ലാക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പ്രസിഡൻറുമാരെയും പ്രഖ്യാപിച്ചു. പാണഞ്ചേരിയിൽ കെ.എൻ. വിജയകുമാറിനെയും ചേലക്കരയിൽ പി.എം. അനീഷിനെയും നിയമിച്ച് കെ.പി.സി.സി ഉത്തരവിറങ്ങി. ഇതോടെ ജില്ലയിലെ 26 കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെയും നിയമനം പൂർത്തിയായി.
പഴയ ആളുകളെ മാറ്റി പുതുമുഖങ്ങളാക്കിയതോടെ സമ്പൂർണമായും കെ.സി വിഭാഗം കൈയടക്കി. കനത്ത നഷ്ടം നേരിട്ട എ ഗ്രൂപ് പരസ്യപോര് പ്രഖ്യാപിച്ചു കഴിഞ്ഞു. മുതിർന്ന നേതാവ് കെ.പി. വിശ്വനാഥൻ നേരിട്ട് കളത്തിലിറങ്ങി. അതേ സമയം യുവ എ ഗ്രൂപ്പ് രണ്ട് കമ്മിറ്റികൾ കിട്ടിയതിന്റെ ആവേശത്തിലാണ്. ഇതോടെ നിർജീവമായ എ ഗ്രൂപ്പിൽ നിന്ന് കൂടുതൽ ആളുകളെ കൂടെയെത്തിക്കാനുള്ള ശ്രമത്തിലാണ്.
പാണഞ്ചേരിയിലും ചേലക്കരയിലും ഡി.സി.സി പ്രസിഡന്റ് നോമിനികളെ വെക്കാൻ തീവ്രശ്രമമുണ്ടായെങ്കിലും എം.പി. വിൻസെൻറിന്റെ നോമിനിയെ നിയമിച്ചത് കനത്ത തിരിച്ചടിയായി. നേരത്തെ 11 ബ്ളോക്ക് കമ്മിറ്റികൾ ഉണ്ടായിരുന്ന എ ഗ്രൂപ്പിനെ ഏഴിലൊതുക്കി കെ.സി വിഭാഗം എട്ട് കമ്മിറ്റികൾ സ്വന്തമാക്കിയപ്പോൾ ചെന്നിത്തലക്ക് രണ്ടിലൊതുങ്ങേണ്ടി വന്നു. കെ. സുധാകരൻ നാലെണ്ണമെടുത്തപ്പോൾ തേറമ്പിൽ, പത്മജ, കെ.പി. വിശ്വനാഥൻ എന്നിവർക്ക് ഓരോരുത്തരെ നൽകി.
എ ഗ്രൂപ്പിനെ പിളർത്തിയ യുവ എ ഗ്രൂപ്പിന് രണ്ട് കമ്മിറ്റികളാണ് ലഭിച്ചത്. വിശാല ഐ ഗ്രൂപ്പിന്റെയും പുതിയ യുവ എ ഗ്രൂപ്പിന്റെയും പേരിൽ വന്നവരെല്ലാം കെ.സി. വേണുഗോപാലിനോട് അടുപ്പമുള്ളവരായതോടെ ജില്ലയിലെ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികളിൽ കെ.സി. വേണുഗോപാൽ വിഭാഗം സമ്പൂർണാധിപത്യം നേടി.
നേരത്തെ എ, ഐ വിഭാഗങ്ങൾ വിഭജിച്ചെടുത്ത കമ്മിറ്റികളിൽ പൂർണമായും ഒതുക്കിയിട്ടും പ്രതികരിക്കാൻ പോലുമാകാത്ത വിധത്തിലാണ് ചെന്നിത്തല പക്ഷം. രണ്ട് കമ്മിറ്റികളാണ് പേരിനുള്ളത്. അതേ സമയം ബഹിഷ്കരണമടക്കം കടുത്ത നടപടികളിലേക്കാണ് എ ഗ്രൂപ്പിന്റെ നീക്കം. ഞായറാഴ്ച കെ.പി. വിശ്വനാഥൻ പാർട്ടി ഓഫിസിൽ ഗ്രൂപ് യോഗം വിളിച്ചുചേർത്ത് പരസ്യമായി രംഗത്തെത്തി.
പാർട്ടി ഓഫിസുകളിലേക്ക് കടത്തില്ലെന്ന രൂക്ഷ പ്രതികരണമടക്കമാണ് വിശ്വനാഥൻ നടത്തിയത്. ഇതിനിടെ വടക്കാഞ്ചേരിയിൽ സമൂഹമാധ്യമത്തിൽ രാജി പ്രഖ്യാപിച്ച കെ. അജിത് കുമാറിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലെ സംഘവും രംഗത്തെത്തി. നിയുക്ത ബ്ളോക്ക് പ്രസിഡന്റിനെ അംഗീകരിക്കില്ലെന്നും നടപടി ഉണ്ടായില്ലെങ്കിൽ കൂട്ടരാജി അടക്കം കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.