ഉപരോധ സമരം: കാർഷിക സർവകലാശാല സ്തംഭനത്തിൽ
text_fieldsതൃശൂർ: സി.പി.എം ആഭിമുഖ്യമുള്ള ജീവനക്കാരുടെ സംഘടനയുടെ സെക്രട്ടറിയെ വിരമിക്കുന്നതിന് തൊട്ടുമുമ്പ് വൈസ് ചാൻസലർ തരംതാഴ്ത്തിയതിന് എതിരെ 16 ദിവസമായി നടക്കുന്ന ഉപരോധ സമരത്തിൽ കേരള കാർഷിക സർവകലാശാലയുടെ പ്രവർത്തനം സ്തംഭനത്തിൽ.
രജിസ്ട്രാറെ രാത്രി 10 വരെ ഉപരോധിക്കുന്ന രീതിയിലാണ് സമരം പുരോഗമിക്കുന്നത്. എജുക്കേഷൻ ഡയറക്ടർ ഉൾപ്പെടെയുള്ളവരെ തടയുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയതോടെ ഗവേഷണ ഡയറക്ടറും കംപ്ട്രോളറും അടക്കമുള്ളവർ ഓഫിസിൽ വരുന്നില്ല.
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ ബഹുജന പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തി സഹായസമിതി രൂപവത്കരിക്കുമെന്ന് കെ.എ.യു ജനാധിപത്യ സംരക്ഷണ സമിതി ചെയർമാൻ ഡോ. പി.കെ. സുരേഷ് കുമാർ അറിയിച്ചു.
ഭരണ സമിതി അംഗവും മന്ത്രിയുമായ കെ. രാജൻ ഉടൻ വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ സർവകലാശാലയിലെ അനീതികളിലും സ്വജനപക്ഷപാതത്തിലും അദ്ദേഹത്തിനും പങ്കുണ്ടെന്ന് കരുതേണ്ടിവരുമെന്ന് 16ാം ദിവസത്തെ ഉപരോധം ഉദ്ഘാടനം ചെയ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബാപ്പുട്ടി പറഞ്ഞു.
സമരം വ്യാപിപ്പിക്കാൻ നിർബന്ധിതമാക്കി സർവകലാശാലയുടെ പ്രവർത്തനം അവതാളത്തിലാക്കുന്ന സമീപനം ഭരണസമിതിക്ക് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.