കുട്ടികളുടെ കുറവ് പരിശോധിക്കാൻ സ്കൂളിലെത്തിയ ഉപജില്ല വിദ്യാഭ്യാസ ഓഫിസറെ ബന്ദിയാക്കി
text_fieldsകൊണ്ടാഴി: കുട്ടികളുടെ കുറവ് പരിശോധിക്കാൻ സ്കൂളിലെത്തിയ ഉപജില്ല വിദ്യാഭ്യാസ ഓഫിസറെ മാനേജരും പ്രധാനധ്യാപികയും മകനും ചേർന്ന് ബന്ദിയാക്കി ആക്രമിച്ചതായി പരാതി. കൊണ്ടാഴി പ്ലാന്റേഷൻ എ.എൽ.പി സ്കൂളിലാണ് തിങ്കളാഴ്ച ഉച്ചക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എ. മൊയ്തീനെ മാനേജർ പൗലോസ്, ഇയാളുടെ ഭാര്യയും പ്രധാന അധ്യാപികയും ആയ മിനി പൗലോസ്, മകനും അധ്യാപകനുമായ പിന്റു പൗലോസ് എന്നിവർ ചേർന്ന് തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്.
കുട്ടികൾ കുറവുള്ളതായി നേരത്തെ വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഉച്ചഭക്ഷണ ചുമതലയുള്ള ഓഫിസർ പുഷ്പ വർഗീസ്, മറ്റു രണ്ടു ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന സംഘം സ്കൂളിലെത്തിയത്.
പരിശോധനയിൽ 106 കുട്ടികൾ കുറവുള്ളതായി കണ്ടെത്തി. ഇക്കാര്യം ഇൻസ്പെക്ഷൻ ഡയറിയിൽ രേഖപ്പെടുത്താൻ ഓഫിസിൽ കയറിയപ്പോഴാണ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എ. മൊയ്തീനെ തടഞ്ഞുവെച്ചു അസഭ്യ വർഷം നടത്തിയത്. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ രക്ഷിച്ചത്.
പിന്നീട് വാഹനത്തിൽ കയറിയപ്പോൾ കുട്ടികളെ വാഹനത്തിനു ചുറ്റും നിർത്തി തടയാനും ശ്രമിച്ചു. ഒടുവിൽ രക്ഷപ്പെട്ട ഇവർ പഴയന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
മുമ്പ് നടത്തിയ പരിശോധനയിൽ 64 കുട്ടികൾ സ്ഥിരമായി കുറവുള്ളതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഏതാനും ഡിവിഷൻ കുറവ് വരുത്താൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ജൂൺ മുതൽ ഇല്ലാത്ത കുട്ടികളുടെ പേരിൽ ഉച്ചഭക്ഷണത്തിനുള്ള തുക സ്കൂൾ കൈപ്പറ്റിയിരുന്നു.
മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ പ്രതിഷേധിച്ചു
തൃശൂർ: വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി പ്ലാന്റേഷൻ എ.എൽ.പി സ്കൂൾ അധികൃതരുടെ ക്രമക്കേട് അന്വേഷിക്കാനെത്തിയ വടക്കാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറെയും നൂൺമീൽ ഓഫിസറെയും ക്ലർക്കുമാരെയും കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും ചെയ്ത സംഭവത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ (കെ.ഇ.ഡി.എം.എസ്.യു) പ്രതിഷേധിച്ചു.
സംഭവത്തിന് ഉത്തരവാദികളായ മാനേജർക്കെതിരെയും സ്കൂൾ പ്രധാനാധ്യാപികക്കെതിരെയും അവരുടെ മകനായ അധ്യാപകനെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി മുഖേന പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയതായി ജില്ല പ്രസിഡന്റ് എൻ.ജി. ബാബുകുമാർ, സെക്രട്ടറി എൻ.എസ്. ദിലീപ് കുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.