കൈമാറ്റത്തിനുള്ള തടസ്സം നീങ്ങിയിട്ടും ലക്ഷ്യം കാണാതെ ആനകളെ എത്തിക്കൽ
text_fieldsതൃശൂർ: കൈമാറ്റത്തിനുള്ള വിലക്ക് നീങ്ങിയെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്ന് നാട്ടാനകളെ എത്തിക്കാനുള്ള നീക്കം ഇനിയും ലക്ഷ്യത്തിലെത്തിയില്ല. അപേക്ഷകളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകാത്തതിനാലാണ് ആനകളെ എത്തിക്കാനുള്ള ക്ഷേത്രങ്ങളുടെ അടക്കം നീക്കം ഫലപ്രാപ്തിയിലെത്താത്തത്.
കഴിഞ്ഞ മാർച്ച് 14നാണ് ആനകളുടെ കൈമാറ്റത്തിനുള്ള വിലക്ക് നീക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. 16 വർഷമായി നിലനിന്ന വിലക്ക് നീങ്ങിയതോടെ നാട്ടാനകളുടെ എണ്ണത്തിൽ കുറവ് നേരിടുന്ന സംസ്ഥാനത്തിന് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.
കൈമാറുന്ന സംസ്ഥാനത്തിന്റെയും കൊണ്ടുവരുന്ന സംസ്ഥാനത്തിന്റെയും നിരാക്ഷേപപത്രം വേണമെന്ന വ്യവസ്ഥ പാലിച്ചാൽ ആനകളെ എത്തിക്കാൻ കഴിയുന്നതാണ് കേന്ദ്ര ഉത്തരവ്. സംസ്ഥാന സർക്കാർ വിഷയത്തിൽ നയപരമായി തീരുമാനമെടുത്താൽ മാത്രമേ ആനകളെ എത്തിക്കൽ യാഥാർഥ്യമാകൂ എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് ഉത്സവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ആനകൾ. നൂറിലേറെ ആനകൾ വരെ അണിനിരക്കുന്ന എഴുന്നള്ളത്തുകൾ സംസ്ഥാനത്തുണ്ട്. നിലവിൽ 450ൽ താഴെ നാട്ടാനകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്. പല ക്ഷേത്രോത്സവങ്ങളും ഒരേ തീയതികളിലാവും നടക്കുന്നത്.
ഇതുമൂലം ആനയെ ലഭിക്കാതെ പ്രതിസന്ധി നേരിടുന്ന സാഹചര്യം നിലവിലുണ്ട്. ആനകളുടെ എണ്ണം കുറച്ചാണ് പലരും ഈ പ്രതിസന്ധി തരണംചെയ്യുന്നത്. എന്നാൽപോലും വൻതുക പാട്ടമായി ആനകൾക്ക് നൽകേണ്ടിവരും. മദപ്പാട് അടക്കം പല കാരണങ്ങളാൽ എല്ലാ ആനകളെയും ഉത്സവത്തിന് എഴുന്നള്ളിക്കാനും കഴിയാറില്ല. പല ക്ഷേത്രങ്ങളും സ്വന്തമായി ആനകളെ പരിപാലിക്കുന്നവരാണ്.
എന്നാൽ, ചെരിഞ്ഞ ആനകൾക്ക് പകരക്കാരില്ലാത്തത് ഇവർക്കും പ്രതിസന്ധി ഉയർത്തുന്നുണ്ട്. പല ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ആനക്കൈമാറ്റത്തിനുള്ള തടസ്സം നീക്കാൻ സർക്കാറിൽ സമ്മർദം ചെലുത്തിവരുകയായിരുന്നു. തുടർന്നാണ് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്.
2022ൽ കൊണ്ടുവന്ന ഭേദഗതിക്ക് ചട്ടങ്ങളായത് കഴിഞ്ഞ മാർച്ചിലാണ്. അസം, ബിഹാർ സംസ്ഥാനങ്ങളിൽനിന്നാണ് പ്രധാനമായും ആനകളെ എത്തിക്കുക. നിലവിൽ കേരളത്തിലെ തലയെടുപ്പുള്ള നാട്ടാനകളിൽ പലതും ബിഹാറിൽനിന്ന് എത്തിച്ചിട്ടുള്ളവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.