അടിയേറ്റ് ലാത്തി പൊട്ടി; അടി കൊണ്ടവർ 1000 രൂപ വീതം പിഴ നൽകണം!
text_fieldsകുന്നംകുളം: തല്ല് കിട്ടിയതും പോരാ, കാശും പോയ സ്ഥിതിയായി യൂത്ത് കോൺഗ്രസുകാർക്ക്. പൊലീസ് ലാത്തിച്ചാർജിൽ ലാത്തി പൊട്ടിയതിനാണ് 1000 രൂപ വീതം 22 പേരിൽനിന്ന് പിഴ ഈടാക്കിയത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഫൈബർ ലാത്തികൾ പൊട്ടിയതിന് പൊതുമുതൽ നശിപ്പിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമായിരുന്നു കേസ്.
2020 ജൂലൈ 14നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈഫ് മിഷൻ അഴിമതിയാരോപണം ഉന്നയിച്ച് നടത്തിയ മാർച്ച് തൃശൂർ റോഡിൽ തടഞ്ഞു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരമായി ഓരോരുത്തരും 1500 രൂപ വീതം കെട്ടിവെക്കണമെന്നാണ് ജില്ല സെഷൻസ് കോടതി വിധിച്ചിരുന്നത്.
ഇതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പിഴയിൽ ഇളവ് നൽകി 1000 രൂപ അടക്കാൻ ഹൈകോടതി നിർദേശിച്ചത്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് അടക്കമുള്ളവരിൽ നിന്ന് പിഴ ഈടാക്കിയത്. കോവിഡ് പ്രോട്ടോകോൾ ലംഘനം, ഗതാഗതം തടസ്സപ്പെടുത്തൽ, പൊലീസിനെ കൈയേറ്റം ചെയ്യൽ, കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ തുടങ്ങിയതിനും വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇവർക്കെതിരെയുള്ള കേസ് കോടതിയിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.