'കളിക്കളമില്ലാത്തതുകൊണ്ട് മൊബൈലിൽ നോക്കിയിരിക്കേണ്ട; ദാ പിടിച്ചോ ഒരേക്കർ'
text_fieldsചെറുതുരുത്തി: ഉപദേശത്തിന് നേതാവും കുടുംബവും കൊടുത്തത് ഒരു ഏക്കർ കളിസ്ഥലം. ദേശമംഗലം പഞ്ചായത്തിലെ തലശ്ശേരി പിലക്കാട് കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ ജാനകി അമ്മയും രണ്ട് മക്കളുമാണ് യുവാക്കൾക്ക് കളിക്കാനായി ഒരു ഏക്കർ സ്ഥലം വിട്ട് നൽകിയത്. സ്ഥലം നൽകുന്നതിെൻറ ഉദ്ഘാടനം ഉത്സവ അന്തരീക്ഷത്തിൽ യു.ആർ. പ്രദീപ് എം.എൽ.എ. നിർവഹിച്ചു.
കളിസ്ഥലം ഇല്ലാത്തതിനെ തുടർന്ന് ഏതു സമയവും ബസ്സ്റ്റോപ്പിലിരുന്ന് മൊബൈലിൽ കളിക്കുന്ന പ്രദേശത്തെ യുവാക്കളോട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കെ.സി. അരവിന്ദാക്ഷൻ അഭ്യർഥിച്ചു: 'നിങ്ങൾക്ക് ബസ്സ്റ്റോപ്പുകളിൽ ഇരുന്ന് മൊബൈലിൽ കളിക്കാതെ വേറെ വല്ല കളികളിലും ഏർപ്പെട്ടുകൂടെ'. കളിക്കാനായി ഒരു സ്ഥലം നിങ്ങൾ ശരിയാക്കി തരുമോ എന്നാണ് യുവാക്കൾ തിരിച്ചുചോദിച്ചത്. ഇതു കേട്ടതോടെ വേണ്ട നടപടികൾ ഞാൻ സ്വീകരിക്കുമെന്നു പറഞ്ഞാണ് നേതാവ് വീട്ടിലെത്തിയത്.
മാതാവ്, ജാനകി അമ്മയോടും സഹോദരൻ കെ.സി. രവീന്ദ്രനോടുമായി ഈ ആശയം കൈകാര്യം ചെയ്യുകയും വരവൂർ പഞ്ചായത്ത് അതിർത്തിയിലുള്ള ഇവരുടെ ഒരു ഏക്കർ യുവാക്കൾക്ക് കളിക്കാനായി വിട്ടുകൊടുക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ സ്ഥലം വൃത്തിയാക്കി കളിക്കളമാക്കി. ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് സുനിത അധ്യക്ഷത വഹിച്ചു. സേതുമാധവൻ, സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.