തൃശൂർ ജില്ലയിലെ ആദിവാസി മേഖലകളിൽ ബി.എസ്.എൻ.എൽ 17 ടവറുകൾ സ്ഥാപിക്കുന്നു
text_fieldsതൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ ഒമ്പത് ആദിവാസി കേന്ദ്രങ്ങളിൽ 17 ബി.എസ്.എൻ.എൽ മൊബൈൽ ടവറുകൾ അനുവദിച്ചതായി ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. ടെലഫോൺ സിഗ്നൽ തീരെയില്ലാത്ത വരന്തരപ്പിള്ളി പഞ്ചായത്തിലെ എച്ചിപ്പാറ, ഒളനപ്പറമ്പ്, കുണ്ടായി എസ്റ്റേറ്റ്, മറ്റത്തൂർ പഞ്ചായത്തിലെ നായാട്ടുകുണ്ട്, ആനപ്പാന്തം, പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാൽ, കരടിക്കുണ്ട്, മണിയൻകിണർ, ഒളകര ഉൾപ്പെടെ ആദിവാസി മേഖലകളിലാണ് ടവറുകൾ അനുവദിച്ചത്.
50 ലക്ഷം രൂപയിലേറെ ചെലവ് വരുന്ന ഓരോ ടവറിനും രണ്ടര കിലോമീറ്റർ ചുറ്റളവിൽ റേഞ്ച് ലഭിക്കും. 5ജിയിലേക്ക് പരിവർത്തനം വരുത്താൻ കഴിയുന്ന 4ജി ഉപകരണമാണ് സ്ഥാപിക്കുന്നത്. വൈദ്യുതിക്ക് പുറമെ സൗരോർജ സംവിധാനങ്ങളും പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.
ടവർ സ്ഥാപിക്കാൻ ഓരോന്നിനും അഞ്ച് സെന്റ് വീതം വനഭൂമി അനുവദിച്ചിട്ടുണ്ട്. ഇതുമൂലം ജില്ലയിലെ 24 പട്ടികവർഗ കോളനികൾക്കും അനുബന്ധ പ്രദേശങ്ങൾക്കും മൊബൈൽ സിഗ്നൽ ലഭിക്കും. പാണഞ്ചേരി പഞ്ചായത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്ന സ്ഥലങ്ങളിലെ വനഭൂമിയുടെ കേന്ദ്ര അനുമതി എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എം.പി പറഞ്ഞു. അത് ലഭിച്ചാൽ അവിടെ നിർമാണം ആരംഭിക്കും. മറ്റിടങ്ങളിലെ നിർമാണം അന്തിമഘട്ടത്തിലാണ്. ഫെബ്രുവരിയിൽ ഒന്നാം ഘട്ടം കമീഷൻ ചെയ്യും. ഏപ്രിലോടെ നിർമാണം പൂർത്തിയാക്കും.
പഠനം ഓൺലൈനിലായ കോവിഡ് കാലത്ത് ആദിവാസി മേഖലകളിൽ പലയിടത്തും നെറ്റ് വർക്ക് കവറേജ് ഉണ്ടായിരുന്നില്ല. അവിടെ മൊബൈൽ ടവർ സ്ഥാപിക്കാൻ എം.പി ഫണ്ട് അനുവദിച്ചെങ്കിലും കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെന്നും തുടർന്ന് നടത്തിയ ശ്രമത്തിലാണ് അനുമതി ലഭിച്ചതെന്നും എം.പി അറിയിച്ചു. ടവർ നിർമാണം നടക്കുന്ന വിവിധ കോളനികൾ ടി.എൻ. പ്രതാപൻ എം.പി, ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ സുകുമാരൻ, ഡി.ജി.എം രവിചന്ദ്രൻ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.