‘ബഡി സീബ്ര’എത്തി; ഇനി എന്തിന് ടെൻഷൻ !
text_fieldsതൃശൂർ: അംഗപരിമിതരും കാഴ്ച-കേൾവി ശക്തിയില്ലാത്തവരും മുതിർന്ന പൗരന്മാർക്കുമടക്കം സ്വരാജ് റൗണ്ടിൽ റോഡ് മുറിച്ചുകടക്കാൻ സൗകര്യമാകുന്ന മാതൃക സിഗ്നൽസംവിധാനം ബഡി സീബ്ര ഉദ്ഘാടനം ചെയ്തു. നായ്ക്കനാൽ ജങ്ഷനിലാണ് ഉപകരണം സജ്ജമാക്കിയത്.
നിലവിലെ സിഗ്നൽ ലൈറ്റ് പൊലീസുദ്യോഗസ്ഥനായ ബോബി ചാണ്ടി രൂപകൽപന ചെയ്ത് നിർമിച്ച മറ്റൊരു ഉപകരണവുമായി ബന്ധിപ്പിച്ചാണ് ഉപകരണം. സിഗ്നലിൽ ചുവപ്പുലൈറ്റ് തെളിയുമ്പോൾ ഈ ഉപകരണത്തിന്റെ മുകൾ ഭാഗം കറങ്ങുകയും പ്രത്യേക വിസിൽ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. വാഹനങ്ങൾ നിർത്തിയിടുമ്പോൾ ഈ ശബ്ദം കേട്ട്, കാഴ്ചശക്തിയില്ലാത്തവർക്ക് റോഡുമുറിച്ചുകടക്കാൻ സഹായിക്കും.
കാഴ്ചശക്തിയും കേൾവിശക്തിയുമില്ലാത്തവർക്ക് ഉപകരണത്തിന്റെ മുകളിൽ തൊട്ടുനോക്കി, റോഡ് മുറിച്ചുകടക്കേണ്ട സമയം മനസ്സിലാക്കാം. നായ്ക്കനാൽ സിഗ്നൽ ലൈറ്റ് പ്രദേശത്ത് ഇത്തരത്തിലുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. സ്വരാജ് റൗണ്ടിൽനിന്ന് തേക്കിൻകാട് മൈതാനത്തേക്ക് മുറിച്ചുകടക്കുന്നിടത്തും ഷൊർണൂർ റോഡ് മുറിച്ചുകടക്കുന്നിടത്തുമാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ സിഗ്നൽ സംവിധാനം നാടിന് സമർപ്പിച്ചു. പൊലീസ് അക്കാദമി അസി.ഡയറക്ടർ പി.എ. മുഹമ്മദ് ആരിഫ്, അസി. കമീഷണർമാരായ കെ.കെ. സജീവ്, കെ.സി. സേതു, ട്രാഫിക് എൻഫോഴ്സ്മെന്റ് സബ് ഇൻസ്പെക്ടർ പി. ബിനൻ, ബോബി ചാണ്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.