സംസ്ഥാന ബജറ്റ്: വാരിക്കോരി.. പക്ഷേ...
text_fieldsതൃശൂർ: വാരിക്കോരിയാണ് ബജറ്റിൽ പ്രഖ്യാപനങ്ങൾ. എന്നാൽ, ജില്ലയിൽ പുതിയ പദ്ധതികൾ കുറവ്. പശ്ചാത്തല വികസനത്തിനും തീര, മലയോര വികസനത്തിനും അർഹമായ പരിഗണന ലഭിച്ചിട്ടില്ല. യുനെസ്കോയുടെ ലേണിങ് സിറ്റീസ് പട്ടികയിൽ ഉൾപ്പെട്ട തൃശൂരിന്റെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറക് മുളക്കാൻ അവസരമൊരുക്കന്ന നിർദേശങ്ങളില്ല.
ചേറ്റുവയിലും ഇതര മേഖലകളിലും ഉൾപ്പെടെയുള്ള മത്സ്യബന്ധന തുറമുഖങ്ങളും മറ്റുമായി അവഗണനയുടെ വിവിധ തലങ്ങൾ പ്രത്യക്ഷത്തിൽ ഏറെയാണ്. ജില്ലയുടെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകൾക്ക് അനുസരിച്ച് പ്രത്യേക പദ്ധതികളും ഇടംപിടിച്ചില്ല.
എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് -മുനമ്പം പാലം നിർമാണം സംബന്ധിച്ച കാര്യത്തിൽ ബജറ്റ് മൗനം പാലിച്ചത് തീരത്തിന് നിരാശയായി. വിവിധ പദ്ധതികളിൽ ജില്ലക്ക് പ്രാതിനിധ്യം നൽകി എന്നല്ലാതെ മറ്റു സവിശേഷതകൾ ഏതുമില്ല.
അതേസമയം, തൃശൂർ പൂരം അടക്കം പൈതൃക ഉത്സവങ്ങൾക്ക് എട്ടുകോടി വകയിരുത്തിയത് ആഹ്ലാദകരമായ ബജറ്റ് പ്രഖ്യാപനമാണ്. പുത്തൂർ സുവോളജിക്കൽ പാർക്ക്, തൃശൂർ മൃഗശാല നവീകരണം, റൈസ് പാർക്ക് തുടങ്ങിയവയും പ്രത്യാശ നൽകുന്നു.
കോടിപ്രതീക്ഷയിൽ കളറാവും തൃശൂർ പൂരം
തൃശൂർ: ചരിത്രത്തിൽ ആദ്യമായി പൂരം ബജറ്റിൽ ഇടംനേടിയതിന്റെ ആഹ്ലാദത്തിലാണ് ജില്ല. തൃശൂർ പൂരം ഉൾപ്പെടെയുള്ള പൈതൃക ഉത്സവങ്ങൾക്കും പ്രാദേശിക സാംസ്കാരിക പരിപാടികൾക്കുമായി എട്ട് കോടിയാണ് അനുവദിച്ചിരിക്കുന്നത്. യുനെസ്കോ അംഗീകരിച്ച, ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ തൃശൂർ പൂരം തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളും എട്ട് ഘടകപൂരങ്ങളുമാണ് പൂരപങ്കാളികളെങ്കിലും പൂരത്തിന്റെ മുഴുവൻ ക്രമീകരണങ്ങളും സർക്കാർ നിയന്ത്രണത്തിലാണ് നടക്കുക.
ജില്ല ഭരണകൂടവും കോർപറേഷനും പണം ചെലവാക്കാറുണ്ടെങ്കിലും നേരിട്ട് ബജറ്റിൽ ഇടം നൽകി പൂരത്തിന് പണം അനുവദിക്കുന്നത് ആദ്യമായിട്ടാണ്. ഘടകപൂരങ്ങൾക്ക് ടൂറിസം വകുപ്പ് മുഖേന കൊച്ചിൻ ദേവസ്വം ബോർഡ് തുക അനുവദിക്കാറുണ്ട്. പൂരത്തിന് സൗകര്യങ്ങൾ ഒരുക്കാൻ വിനോദസഞ്ചാര വകുപ്പിൽനിന്നുള്ള പണവും പരോക്ഷമായാണ് പൂരത്തിന് ലഭിക്കാറുള്ളത്. പൊതുമരാമത്ത് വകുപ്പ് ഒരുക്കുന്ന ക്രമീകരണങ്ങളും സഹായങ്ങളായി ലഭിക്കാറുണ്ട്.
കഴിഞ്ഞ വർഷം 15 ലക്ഷം രൂപ സർക്കാർ പൂരത്തിനായി പ്രഖ്യാപിച്ചിരുന്നു. അത് ഇതുവരെയും വന്നിട്ടില്ലെങ്കിലും പ്രഖ്യാപനത്തിലുണ്ട്. പൂരത്തിനു മാത്രമായി എത്ര ലഭിക്കുമെന്നോ എന്തിനായിരിക്കും ഈ തുക ചെലവാക്കുകയെന്നോ ഉള്ള കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
തുക വകയിരുത്തിയ തീരുമാനത്തെ പൂരത്തിന്റെ പ്രധാന പങ്കാളിക്ഷേത്രങ്ങളായ തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങൾ സ്വാഗതം ചെയ്തു. വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതിയും സർക്കാറിനെ അഭിനന്ദിച്ചു. സ്വാഗതാർഹമാണെന്ന് ഉപദേശകസമിതി അറിയിച്ചു. യോഗത്തിൽ പ്രസിഡന്റ് പി. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ. ഹരിഹരൻ സംസാരിച്ചു.
ചാലക്കുടി പ്ലാനറ്റേറിയം നിർമാണം പൂർത്തീകരിക്കും
തൃശൂർ: ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന് കീഴിൽ ചാലക്കുടിയിലും സ്ഥാപിക്കുന്ന നിർമാണം പൂർത്തീകരിക്കും. പ്ലാനറ്റേറിയങ്ങളുടെ ജില്ല പൈതൃക മ്യൂസിയങ്ങൾ സ്ഥാപിക്കാൻ 5.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുരാവസ്തു വകുപ്പിന് 20.90 കോടിയും, മ്യൂസിയം ആൻഡ് സൂ ഡയറക്ടറേറ്റിന് 28.75 കോടിയും സാംസ്കാരിക വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 113.29 കോടിയും വകയിരുത്തിയതിന്റെ ഗുണം ജില്ലക്കും ലഭിക്കും.
മൃഗശാലക്കും സഹായം
തൃശൂർ: മൃഗശാല നവീകരണത്തിനും പുതിയ മൃഗങ്ങളെ ലഭ്യമാക്കുന്നതിനും വെർച്വൽ പെറ്റ് അഡോപ്ഷൻ പദ്ധതി ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം മൃഗശാലക്കൊപ്പം 8.15 കോടി വകയിരുത്തി. വികസനം എത്തിനോക്കാത്ത മൃഗശാലക്ക് ഏറെ അനുഗ്രഹമാവും ഇത്.
അതേസമയം, പുത്തൂർ സുവോളജിക്കൽ പാർക്ക് വരുന്നതോടെ മൃഗശാലയിലെ മൃഗങ്ങളെ അങ്ങോട്ട് മാറ്റുന്നതടക്കം കാര്യങ്ങൾ ചർച്ചയിലുണ്ട്. തിരുവനന്തപുരം മൃഗശാലയിൽനിന്ന് അടക്കം മൃഗങ്ങളെ ഇങ്ങോട്ട് എത്തിക്കുന്നതിന് അനുഗുണമാണ് പുതിയ പ്രഖ്യാപനം. നിലവിലെ മൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥക്ക് അനുകരിച്ച് താമസവും ഒരുക്കാനാവും.
സുവോളജിക്കൽ പാർക്കിന് ആറുകോടി
തൃശൂർ: ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടും മൂന്നും നിർമാണഘട്ടങ്ങൾ ഇഴയുന്ന പുത്തൂർ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്കിന് ആശ്വാസമാണ് ബജറ്റിലെ ആറുകോടി. ഒന്നാംഘട്ടം മാത്രം പണി പൂർത്തിയാക്കിയ പാർക്ക് ഈ വർഷംതന്നെ നിർമാണം പൂർത്തിയാക്കി പൊതുജനത്തിനായി തുറന്നുകൊടുക്കാനാണ് തുക വകയിരുത്തിയത്. രണ്ടാംഘട്ടം അവസാനഘട്ടത്തിലും മൂന്നാംഘട്ടം 50 ശതമാനവും പൂർത്തിയായിട്ടുണ്ട്.
മൃഗശാലക്കും സഹായം
തൃശൂർ: മൃഗശാല നവീകരണത്തിനും പുതിയ മൃഗങ്ങളെ ലഭ്യമാക്കുന്നതിനും വെർച്വൽ പെറ്റ് അഡോപ്ഷൻ പദ്ധതി ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം മൃഗശാലക്കൊപ്പം 8.15 കോടി വകയിരുത്തി. വികസനം എത്തിനോക്കാത്ത മൃഗശാലക്ക് ഏറെ അനുഗ്രഹമാവും ഇത്.
അതേസമയം, പുത്തൂർ സുവോളജിക്കൽ പാർക്ക് വരുന്നതോടെ മൃഗശാലയിലെ മൃഗങ്ങളെ അങ്ങോട്ട് മാറ്റുന്നതടക്കം കാര്യങ്ങൾ ചർച്ചയിലുണ്ട്. തിരുവനന്തപുരം മൃഗശാലയിൽനിന്ന് അടക്കം മൃഗങ്ങളെ ഇങ്ങോട്ട് എത്തിക്കുന്നതിന് അനുഗുണമാണ് പുതിയ പ്രഖ്യാപനം. നിലവിലെ മൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥക്ക് അനുകരിച്ച് താമസവും ഒരുക്കാനാവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.