കെട്ടിട സമുച്ചയങ്ങൾ പെരുകി; ടൗൺ പ്ലാനിങ്ങിൽ താൽപര്യമില്ലാതെ തദ്ദേശ വകുപ്പ്
text_fieldsതൃശൂർ: കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ഗ്രാമപഞ്ചായത്തുതലം വരെ കെട്ടിട നിർമാണചട്ടം ബാധകമാക്കി ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ടൗൺ പ്ലാനിങ് വിഭാഗമെത്തിയില്ല. പഞ്ചായത്തുകളിലുൾപ്പെടെ കെട്ടിടങ്ങളും സമുച്ചയങ്ങളും പെരുകിയിട്ടും വിവിധ വകുപ്പുകളെ ഒന്നിപ്പിച്ച് ഏകീകൃത തദ്ദേശവകുപ്പ് വന്നിട്ടും ഈ വിഭാഗം ചർച്ചകളിൽ മാത്രമൊതുങ്ങുകയാണ്. ഇപ്പോൾ ആകെയുള്ളത് ജില്ല കേന്ദ്രീകരിച്ച ഒരു ടൗൺപ്ലാനിങ് ഓഫിസ് മാത്രം. ഇവിടെയാണെങ്കിൽ ജോലി ഭാരവും ജീവനക്കാരുടെ കുറവും.
2007 വരെ ടൗൺ പ്ലാനിങ് വിഭാഗം ഓഫിസുകൾ കോർപറേഷൻ, മുനിസിപ്പാലിറ്റി തലങ്ങളിലുണ്ടായിരുന്നു. പിന്നീട് മൂന്നാർ അനധികൃത നിർമാണ ഒഴിപ്പിക്കൽ നടപടികളിലെ കോടതി പരാമർശത്തെ തുടർന്നാണ് പ്രത്യേക ഉത്തരവിലൂടെ 2007 ജൂൺ ആറിന് 1999ലെ കേരള മുനിസിപ്പൽ ബിൽഡിങ് ചട്ടത്തിലെ കെട്ടിട നിർമാണ നിയന്ത്രണം പഞ്ചായത്തുകളിൽ ബാധകമാക്കി ഉത്തരവിറങ്ങിയത്. പിന്നീട് 2011ൽ പഞ്ചായത്തുകൾക്കായി പ്രത്യേകം കെട്ടിട നിർമാണചട്ടം നിലവിൽവന്നു. അന്നുമുതൽ തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നിർമാണ ചട്ടം സംബന്ധമായ ഫയലുകളുടെ ഉത്തരവാദിത്തം എൻജിനീയറിങ് വിഭാഗത്തിന് വന്നുചേർന്നു.
പഴയ മുനിസിപ്പൽ കോമൺ സർവിസിൽ ടൗൺ പ്ലാനിങ്ങിനും പൊതുമരാമത്ത് പ്രവൃത്തികൾക്കും പ്രത്യേകം വിഭാഗം ഉണ്ടായിരുന്നു. പിന്നീട് തദ്ദേശ എൻജിനീയറിങ് വിഭാഗം രൂപവത്കരിച്ചപ്പോൾ തദ്ദേശ പ്ലാനിങ് വിഭാഗം കൂടി ഉണ്ടാവേണ്ടതാണെങ്കിലും അതും നടന്നില്ല. 15 വർഷംകൊണ്ട് തദ്ദേശ എൻജിനീയറിങ് വകുപ്പിന്റെ പ്രവൃത്തികളുടെ ബാഹുല്യം വർധിച്ചെങ്കിലും ഇപ്പോഴും ഉദ്യോഗസ്ഥ വിന്യാസം കുറവാണ്. നഗരസഭകളിലും കോർപറേഷനുകളിലുമാണ് ഭേദപ്പെട്ട നിലയിൽ ഉദ്യോഗസ്ഥ വിന്യാസം ഉള്ളത്. പഞ്ചായത്തുകളുടെ അവസ്ഥ പരിതാപകരമാണ്.
വൻ നഗരത്തിന് തുല്യമായ നെടുമ്പാശ്ശേരി പഞ്ചായത്തിൽ കേവലം രണ്ട് ഓവർസിയർ, ഒരു അസി. എൻജിനീയർ തസ്തിക മാത്രമേ ഉള്ളൂ. 70 കിലോമീറ്ററിലധികം ദൈർഘ്യവും 490 ച.കീ. വിസ്തീർണവുമുള്ള അതിരപ്പിള്ളി പഞ്ചായത്തിലും സമാന സ്ഥിതിയാണ്. തൃശൂർ നഗരത്തിലെ ഏറ്റവും വലിയ നിർമിത നഗരം പോലും സമീപ പഞ്ചായത്തിലാണ് നിലനിൽക്കുന്നത്. നിലവിൽ തദ്ദേശ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് പുറമേ കെട്ടിട നിർമാണ അപേക്ഷകൾ കൂടി എൻജിനീയറിങ് വിഭാഗത്തിന്റെ ചുമതലയിൽ വന്നതോടെ ജോലിഭാരം കൂടുകയും ചെയ്തു. പൊതുജനത്തിന് സേവനം ലഭ്യമാകുന്നതിൽ കാലതാമസം വരുന്നെന്ന പരാതിയും വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.