പട്ടാപ്പകൽ വീടുകളിൽ മോഷണം; കൽക്കി സന്തോഷ് അറസ്റ്റിൽ
text_fieldsതൃശൂർ: പകൽ ബൈക്കിൽ കറങ്ങി ആളില്ലാത്ത വീടുകളിൽ ഒളിപ്പിച്ചുെവച്ച സ്ഥലത്തുനിന്ന് താക്കോലുകൾ കണ്ടെത്തി വാതിലുകൾ തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷണം നടത്തുന്ന വിരുതൻ പിടിയിൽ. പീച്ചി പുളിക്കൽ വീട്ടിൽ സന്തോഷിനെയാണ് (കൽക്കി സന്തോഷ് -38) നിഴൽ പൊലീസും മണ്ണുത്തി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. തൃശൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അനേകം മോഷണ കേസുകളിലെ പ്രതിയാണ് സന്തോഷ്.
നിരവധി തവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. 2018ൽ നൂറോളം പവൻ സ്വർണാഭരണങ്ങൾ വീടുകളിൽനിന്ന് മോഷ്ടിച്ച കേസുകളിൽ ഷാഡോ പൊലീസിെൻറ പിടിയിലായി ജയിലിലായിരുന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനുശേഷം നിരവധി മോഷണങ്ങൾ നടത്തിയെന്ന് പറയുന്നു.
കഴിഞ്ഞ എട്ടിന് മാടക്കത്തറ വെള്ളാനിക്കരയിൽ വട്ടേക്കാട്ട് വീട്ടിൽ മനോജും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയ സമയത്ത് അലമാരയിൽ സൂക്ഷിച്ച ആറ് പവൻ ആഭരണങ്ങളും 90,000 രൂപയും മോഷണം പോയ കേസിൽ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
മോഷ്ടിച്ചതിൽ രോഗികളെ സഹായിക്കാൻ സ്വരൂപിച്ച തുകയും
തൃശൂർ: കൽക്കി സന്തോഷ് മോഷ്ടിച്ചതിൽ ചികിത്സക്കായി ആളുകളിൽനിന്ന് സമാഹരിച്ച തുകയും. നവംബർ എട്ടിനാണ് വെള്ളാനിക്കരയിലെ മനോജും കുടുംബവും വീടുപൂട്ടി താക്കോൽ ചെടിച്ചട്ടിയിൽവെച്ച് പുറത്തേക്ക് പോയത്. പിറ്റേന്ന് തിരിച്ചെത്തിയപ്പോൾ താക്കോൽ ചെടിച്ചട്ടിയിൽ തന്നെയുണ്ടായിരുന്നു.
അലമാരയിൽ നോക്കിയപ്പോഴാണ് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി അറിഞ്ഞത്. പൊലീസ് സമീപത്തെ വീടുകളിലേയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷണം നടന്ന് പത്ത് ദിവസങ്ങൾക്കുള്ളിൽ സന്തോഷ് അറസ്റ്റിലായത്. ആഗസ്റ്റ് 18ന് ചിറക്കേക്കോട് ആനന്ദ് നഗറിൽ മടിച്ചിംപാറ രവിയുടെ വീട്ടിൽനിന്ന് 2,20,000 രൂപ കവർന്നതും ഇയാളായിരുന്നു. ചിറക്കേക്കോട് സൗഹൃദ കൂട്ടായ്മ പാവപ്പെട്ട ആളുകളെ സഹായിക്കാൻ സ്വരൂപിച്ച പണമായിരുന്നു ഇത്.
2018ൽ ഒല്ലൂർ തൈക്കാട്ടുശ്ശേരി വടക്കൂട്ട് പ്രശാന്തെൻറ വീട്ടിൽനിന്ന് 50 പവനും തലോറിലെ വീട്ടിൽനിന്ന് ആറ് പവനും വിയ്യൂരിൽ നാല് പവനും കാൽലക്ഷവും തുടങ്ങി വിവിധയിടങ്ങളിൽ നിന്നായി നിരവധി മോഷണങ്ങളാണ് സന്തോഷ് നടത്തിയത്. വിറ്റഴിച്ച സ്ഥലങ്ങളിൽനിന്ന് ആഭരണങ്ങളും ഇയാൾ സഞ്ചരിക്കാൻ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു.
തൃശൂർ വെസ്റ്റ്, മണ്ണുത്തി, പീച്ചി, കൊടകര, പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂർ, വിയ്യൂർ എന്നീ സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. മണ്ണുത്തി എസ്.എച്ച്.ഒ എം. ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ മണ്ണുത്തി എസ്.െഎമാരായ കെ. പ്രദീപ്കുമാർ, കെ.കെ. സുരേഷ്, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.െഎമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, രാജൻ, എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എ.എസ്.ഐമാരായ പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, സി.പി.ഒമാരായ കെ.ബി. വിപിൻദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് കേസന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.