തസ്കര വിളയാട്ടം: പെരിഞ്ഞനത്ത് അടച്ചിട്ട വീട്ടിൽ മോഷണം; മതിലകത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച
text_fieldsകയ്പമംഗലം: പെരിഞ്ഞനത്ത് അടച്ചിട്ട വീട്ടിൽ മോഷണം. 80,000 രൂപയും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടു. തൊട്ടടുത്ത മൂന്ന് വീടുകളിലും മോഷണശ്രമവും നടന്നിട്ടുണ്ട്. പെരിഞ്ഞനം ആറാട്ടുകടവ് തെക്ക് പീടികപറമ്പിൽ ഭരതന്റെ മകൻ രാജ്മോഹന്റെ വീട്ടിലാണ് മോഷണം നടന്നത്. മുൻവാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച രൂപയും സ്വർണാഭരണങ്ങളുമാണ് കവർന്നത്.
രാജ്മോഹനും കുടുംബവും ബിസിനസുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലാണ് താമസം. മൂന്ന് മാസം മുമ്പാണ് ഇവർ നാട്ടിലെത്തി മടങ്ങിയത്. സ്വർണാഭരണങ്ങൾ എത്ര നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വീട്ടുകാർ എത്തിയ ശേഷമേ അറിയാൻ കഴിയുള്ളൂ. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതെന്ന് കരുതുന്നു. തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളായ പീടികപറമ്പിൽ സലി, പീടികപറമ്പിൽ ചന്ദ്രൻ, പീടികപറമ്പിൽ വാസുദേവൻ എന്നിവരുടെ വീടുകളും മോഷ് ടാക്കൾ കുത്തിത്തുറന്ന് അകത്ത് കടന്നിട്ടുണ്ട്. ഇവിടെനിന്ന് വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഈ മൂന്ന് വീടുകളിലും ആളുണ്ടായിരുന്നില്ല.
ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മോഷണം തടയാനും ജനങ്ങളുടെ ഭീതി അകറ്റാനും ശക്തമായ ഇടപെടലുണ്ടാകുമെന്നും മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്നും ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു. രണ്ട് ദിവസം മുമ്പ് രാമത്ത് പുഷ്പന്റെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
കൊടുങ്ങല്ലൂർ: മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീനാരായണപുരം പി വെമ്പല്ലൂരിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. പി വെമ്പല്ലൂർ അമ്പലനടക്ക് സമീപം പോണത്ത് ഷണ്മുഖന്റെ വീട്ടിലാണ് മോഷണം നടന്നത്. 10,000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്.
വീടിന് ചുറ്റുമുള്ള നാല് സി.സി.ടി.വി കാമറകൾ നശിപ്പിച്ച നിലയിലാണ്. വീടിന്റെ വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരകളിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും വലിച്ചു വാരിയിട്ട നിലയിലാണ്.
വർഷങ്ങളയി യു.എ.ഇയിൽ ബിസിനസ് ചെയ്യുന്ന ഷണ്മുഖൻ കുടുംബത്തോടൊപ്പം ദുബൈയിലാണ്. മൂന്നു മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ച വീടിന്റെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ ദുബൈയിലെ വീട്ടിൽ വെച്ച് പരിശോധിച്ച വീട്ടുകാർ സംശയം തോന്നി പി വെമ്പല്ലൂരിലെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.