കുന്നംകുളം-ഗുരുവായൂർ-കുണ്ടുകടവ് റൂട്ടിലെ ബസ് പണിമുടക്ക് സർവിസ് ഇന്ന് പുനരാരംഭിക്കും
text_fieldsപെരുമ്പടപ്പ്: കുന്നംകുളം-ഗുരുവായൂർ-കുണ്ടുകടവ് റൂട്ടിലെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച രാവിലെ മുതൽ സർവിസ് നടത്തും. ചൊവ്വാഴ്ച വൈകീട്ട് പൊന്നാനി ആർ.ടി.ഒ ഓഫിസിലാണ് ബസ് ജീവനക്കാരെയും ഉടമകളെയും ചർച്ചക്ക് വിളിച്ചിരിക്കുന്നത്. ജനപ്രതിനിധികളുടെ ആവശ്യത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ട് ജീവനക്കാർ യോഗം ചേരുകയും ചൊവ്വാഴ്ച രാവിലെ മുതൽ ജോലിയിൽ പ്രവേശിക്കാൻ തയാറെടുക്കുകയും ചെയ്തു.
ബസ് ജീവനക്കാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ചർച്ചക്ക് വേദി ഒരുക്കിയത്. ചർച്ചക്ക് മുമ്പ് തന്നെ സർവിസ് ആരംഭിക്കുകയും പിന്നീട് യോഗ തീരുമാനമനുസരിച് തുടർപ്രവർത്തനങ്ങളായി മുന്നോട്ടുപോകുകയും ചെയ്യാനാണ് ജീവനക്കാരുടെ തീരുമാനം. റൂട്ടിൽ നാല് ദിവസം ബസ് സർവിസ് നിലച്ചത് പൊതുജനത്തിന് വലിയ ദുരിതമായിരുന്നു. കെ.എസ്.ആർ.ടി.സി സർവിസ് പേരിന് മാത്രമുള്ള റൂട്ടിൽ സ്വകാര്യ ബസുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിച്ചിരുന്നത്.
ഇതാണ് ദുരിതം ഇരട്ടിക്കാൻ ഇടയാക്കിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുന്നംകുളം-ഗുരുവായൂർ-കുണ്ടുകടവ് സംസ്ഥാനപാതയിൽ ബസ് ഓട്ടം നിർത്തിവെച്ചത്. കുന്നംകുളം-കുണ്ടുകടവ് റൂട്ടിലെ വിജിത്ത് ബസിലെ കണ്ടക്ടർ വാസുവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് പെരുമ്പടപ്പ് പൊലീസ് ഒരു അന്വേഷണവും കൂടാതെ സർവിസ് നടത്തിയിരുന്ന ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയും പോക്സോ നിയമം ചുമത്തി റിമാൻഡ് ചെയ്യുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു ബസ് പണിമുടക്ക് ആരംഭിച്ചത്. തുടർന്ന് ജോലി സുരക്ഷിതമല്ലെന്ന് പറഞ്ഞ് ബസ് ജീവനക്കാർ ജോലിയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
നേരത്തേയും വിദ്യാർഥികളുടെ പരാതിയിൽ ബസ് ജീവനക്കാരനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ ചർച്ചയിൽ ഇത്തരം സംഭവമുണ്ടായാൽ കൃത്യമായ അന്വേഷണം നടത്തി മാത്രമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് പൊലീസ് ഉറപ്പുനൽകിയിരുന്നതായി ബസ് ജീവനക്കാർ പറഞ്ഞു. ബസ് പണിമുടക്ക് മൂലം സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. സർക്കാർ സ്കൂളുകളിലേക്കും കോളജുകളിലേക്കും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുച്ഛമായ ശമ്പളത്തിന് കടകളിൽ ജോലി ചെയ്യുന്നവർ അധികകൂലി നൽകി മറ്റു സംവിധാനങ്ങളെയാണ്ആശ്രയിച്ചു. കൂടാതെ പൊന്നാനി മേഖലകളിലെ സ്കൂളുകളിലെ ഉൾപ്പെടെ നിരവധി അധ്യാപകരും കുന്നംകുളം, ആൽത്തറ മേഖലകളിലുള്ളവരാണ്. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ബസ് സർവിസ് മുന്നറിയിപ്പ് കൂടാതെ നിർത്തുന്നത് പൊതു ജനത്തോടുള്ള വെല്ലുവിളിയാണെന്ന് യാത്രക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.