സർക്കാറിനെ വിശ്വസിച്ച് ജി ഫോം പിൻവലിച്ച ബസുടമകൾ വെട്ടിൽ
text_fieldsതൃശൂർ: രണ്ടാംലോക് ഡൗണിനുശേഷം സർക്കാർ റോഡ് നികുതി ഒഴിവാക്കി നൽകുമെന്ന പ്രതീക്ഷയിൽ സർവിസ് തുടങ്ങിയ സ്റ്റേജ് കാര്യേജ് ബസുടമകൾ നികുതി അടക്കാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിൽ.
റോഡ് നികുതി ഒഴിവാക്കുന്നതിന് വേണ്ടി ഫോം ജി നൽകി ഷെഡുകളിൽ നിർത്തിയിട്ടിരുന്ന ബസുകളുടെ ഉടമകൾ സർക്കാർ നികുതി ഒഴിവാക്കി നൽകുമെന്ന പ്രതീക്ഷയിൽ ഫോം ജി പിൻവലിച്ച് സർവിസ് തുടങ്ങിയതാണ് ഇരുട്ടടിയായത്. റോഡ് നികുതിയിൽ സർക്കാർ ഇളവ് നൽകാത്തതിനാൽ നികുതി അടക്കാൻ കഴിയാതെ സർവിസ് നടത്തേണ്ട സ്ഥിതിയിലായി. 2021 ഡിസംബർ 31ന് മുമ്പ് ആറുമാസത്തെ റോഡ് നികുതി അടക്കണമെന്നായിരുന്നു സർക്കാർ തീരുമാനം.
റോഡ് നികുതി ഒഴിവാക്കി നൽകിയില്ലെന്ന് മാത്രമല്ല പിഴ കൂടാതെ നികുതി അടക്കാനുള്ള കാലാവധിയും സർക്കാർ നീട്ടിയില്ല. 80 ശതമാനത്തിലധികം ബസുടമകൾക്കും ഡിസംബർ 31ന് റോഡ് നികുതി അടക്കാൻ സാധിച്ചിട്ടില്ലെന്ന് ബസ് ഉടമ സംഘടന പറയുന്നു. പത്ത് ശതമാനം പിഴയോട് കൂടി മാത്രമേ ഇനി നികുതി അടക്കാൻ കഴിയൂ. ജനുവരി കഴിഞ്ഞാൽ ഇത് 20 ശതമാനമായി വർധിക്കും. 20,000 മുതൽ 36,000 വരെയാണ് മൂന്ന് മാസത്തേക്ക് റോഡ് നികുതി.
ഇന്ധന ചെലവിനും ജീവനക്കാരുടെ ശമ്പളത്തിനുമുള്ള വരുമാനം നിലവിൽ ലഭ്യമാകുന്നില്ലെന്നിരിക്കെയാണ് ബസുടമകളിൽനിന്ന് കഴുത്തറുപ്പൻ പലിശയോടെ ഫീസ് ഈടാക്കുന്നത്. റോഡ് നികുതി അടക്കാത്ത ബസുകൾ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് പത്ത് ശതമാനം പലിശക്ക് പുറമെ നികുതിയടക്കാതെ സർവിസ് നടത്തിയതിന് 7,500 രൂപ പിഴയും ചുമത്തുന്നുണ്ട്.
റോഡ് നികുതിയും പത്തുശതമാനം പലിശയും 7,500 രൂപ പിഴയും അടക്കാൻ കഴിയാതെ സർവിസ് നിർത്തിവെക്കേണ്ട സാഹചര്യമാണെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ പറഞ്ഞു. കഴിഞ്ഞ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലോക്ഡൗൺ കാരണം സർവിസ് നടത്താൻ കഴിയാത്ത ബസുടമകളോട് സർക്കാർ ഈ രീതിയിലുള്ള നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിരക്ക് വർധന ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ നവംബറിൽ മന്ത്രി അർധരാത്രിയിൽ നടത്തിയ ചർച്ചയിലെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിന്മാറുകയായിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കും സാധാരണ യാത്രക്കാർക്കും യാത്രാസൗകര്യം നൽകുന്ന സ്വകാര്യ ബസുകൾ നിലനിർത്തുന്നതിന് വേണ്ടി സർക്കാർ ആറുമാസത്തെ റോഡ് നികുതി ഒഴിവാക്കുന്നതിനാവശ്യമായ നടപടി എടുക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.