ആരാധകരേ ശാന്തരാകുവിൻ...ജഴ്സി സ്റ്റോക്കുണ്ട്
text_fieldsതൃശൂര്‍: ഫിഫ ലോകകപ്പ് മാമാങ്കത്തിന് മൂന്നുനാൾ ശേഷിക്കവേ ജില്ലയിൽ എങ്ങും ജഴ്സിയാണ് താരം. നേരത്തെ തന്നെ പ്രിയതാരങ്ങളെ മനസ്സിൽ വരിച്ചവർ അവരുടെ ഏറ്റവും മികച്ച ജഴ്സി വാങ്ങിക്കഴിഞ്ഞു. ഇഷ്ടതാരങ്ങളുടെ പേരും നമ്പറും പ്രിന്റ് ചെയ്ത അഴകേറും ജഴ്സികൾക്കായി ഓട്ടപ്പാച്ചിലിലാണ് ബാക്കി ആരാധകർ.
കൂടുതൽ പേരും വാങ്ങുന്നത് അര്‍ജന്റീനയുടെ ഇതിഹാസ താരം സാക്ഷാൽ മെസ്സിയുടെതാണ്. പിന്നാലെ പോർച്ചുഗലിന്റെ റൊണാൾഡോയുടെ ഏഴാം നമ്പറിനും ബ്രസീൽ താരം നെയ്മറിന്റെ പത്താം നമ്പർ മഞ്ഞ ജഴ്സിക്കും ആവശ്യക്കാരേറെ. കഴിഞ്ഞതവണ ലോകകപ്പ് നേടിയ ഫ്രാൻസിന്റെ 10ാം നമ്പർ താരം കിലിയൻ എംബാപ്പെക്കൊപ്പം നിൽക്കുന്നവരും ഏറെയാണ്.
ഇംഗ്ലണ്ട് നായകനായ ഹാരി കെയിന്റെ ഒമ്പതാം നമ്പർ തേടി എത്തുന്നവരും കൂട്ടത്തിലുണ്ട്. ബാലൺ ഡി ഓർ പുരസ്കാരം നേടിയ ഫ്രാൻസിന്റെ കരീം ബെൻസേമയെ നെഞ്ചേറ്റിയവരുമുണ്ട്. ജർമനി, സ്‌പെയിൻ അടക്കം ടീമുകളുടെ ജഴ്സിക്കായി പരമ്പരാഗത ആരാധകരും കൂട്ടത്തിലുണ്ട്.
പാരമ്പര്യം ചോര്‍ന്നുപോകാത്തതും എന്നാല്‍ പുതിയകാലത്തോട് സംവദിക്കുന്നതുമായ പുത്തൻ ജഴ്സികളുമായാണ് 32 ടീമുകളും ഖത്തറിൽ എത്തിയത്. ഒഫിഷ്യലിനോട് സാദൃശ്യം പുലര്‍ത്തുന്ന ഏറെ ആകര്‍ഷകമായ ഡിസൈനിലും സ്‌റ്റൈലിലുമാണ് ജഴ്സികള്‍ വിപണിയിലുള്ളത്.
ടീം പ്രഖ്യാപനം കഴിഞ്ഞ് സൗഹൃദ മത്സരങ്ങൾ കൂടി കഴിഞ്ഞ് കൃത്യമായ വിശകലനത്തിന് പിന്നാലെ ആരൊപ്പം കൂടണമെന്ന സംശയാലുക്കൾ മാത്രമാണ് ഇനിയും ജഴ്സി വാങ്ങാതെ മാറിനിൽക്കുന്നവർ. അവർ കൂടി എത്തുന്നതോടെ വിപണി പൊടിപൊടിക്കുമെന്ന പ്രത്യാശയിലാണ് വ്യാപാരികൾ.
കളിഭ്രാന്തന്മാരെ ആകർഷിക്കാൻ ദിനംപ്രതി പുതിയ സ്റ്റോക്ക് എത്തിച്ച് പ്രദർശിപ്പിക്കുന്നതിൽ വ്യാപാരികൾ തമ്മിൽ മത്സരത്തിലാണ്. സോഷ്യല്‍ മീഡിയകളും മറ്റും കൂടുതല്‍ സജീവമായതോടെ മുൻ കാലങ്ങളേക്കാൾ ഇത്തവണ ആവശ്യക്കാർ കൂടുതലാണെന്നും അടുത്ത ദിവസങ്ങളിൽ ഇത് കൂടുമെന്നുമാണ് ജില്ലയിലെ വ്യാപാരികളുടെ പ്രത്യാശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.