കണ്ണ് തുറക്കാതെ അത്യാധുനിക കാമറകൾ
text_fieldsതൃശൂർ: വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ നിരത്തിൽ സ്വകാര്യ -ടൂറിസ്റ്റ് -കെ.എസ്.ആർ.ടി.സി ബസുകളെയും വാഹനങ്ങളെയും പൊലീസും മോട്ടോർ വാഹന വകുപ്പും ഓടിച്ചിട്ട് പിടികൂടുമ്പോൾ, നിരത്തിലെ നിയമലംഘനങ്ങൾ പിടികൂടാൻ ലക്ഷങ്ങൾ ചെലവിടുന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറകൾ ഇനിയും പ്രവർത്തിച്ചുതുടങ്ങിയില്ല. വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമലംഘകരെ വഴിയിൽ പതുങ്ങിനിന്ന് പിടികൂടുന്നതിന് പകരമായാണ് അത്യാധുനിക കാമറകൾ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
കാമറയിൽ നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ വാഹൻ ഡേറ്റ ബേസിൽനിന്ന് വാഹനയുടമയുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം. പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന, രാത്രിയിലും പകലും ഒരുപോലെ ദൃശ്യങ്ങൾ പകർത്താൻ കഴിവുള്ള കാമറകളിൽ ഹെൽമറ്റ്, സീറ്റ്ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ, വാഹനങ്ങളിലെ കൂട്ടിച്ചേർക്കലുകൾ, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം എന്നിങ്ങനെയുള്ളവ കണ്ടെത്തി വാഹനയുടമക്ക് പിഴ അടക്കാൻ നോട്ടീസ് നൽകുന്നതാണ് എ.ഐ കാമറകൾ. ജില്ലയിൽ 57 കാമറകളാണ് സ്ഥാപിക്കുക.
എന്നാൽ, വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഇതുവരെയും കാമറകൾ അവയുടെ പണി തുടങ്ങിയിട്ടില്ല. പകരം റോഡിലെ കാഴ്ചകൾ കണ്ടിരിക്കലാണ് പലയിടത്തും വെച്ച ഒറ്റപ്പെട്ട കാമറകളുടെ ഇപ്പോഴത്തെ ഡ്യൂട്ടി. കാമറകൾ സജ്ജമാവാത്തതിനെക്കുറിച്ച് വകുപ്പിനുതന്നെ വ്യക്തതയില്ല. സോഫ്റ്റ്വെയർ പൂർണ സജ്ജമായിട്ടില്ലെന്നാണ് ഒരു വാദമെങ്കിൽ, കെൽട്രോൺ പൂർണമായി കാമറകൾ കൈമാറിയിട്ടില്ലെന്നും പറയുന്നു.
അമിതവേഗവും ജീവനക്കാരുടെ ലഹരിയുപയോഗവുമൊക്കെയായി ദിനേന ഗതാഗത നിയമലംഘന കേസുകൾ പിടിയിലാവുന്നതിന്റെ കണക്കുകൾ പൊലീസും മോട്ടോർ വാഹനവകുപ്പും പറയുമ്പോഴും പലമടങ്ങ് നിയമലംഘനം നിരത്തുകളിൽ നടക്കുന്നുണ്ട്. തൃശൂർ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി കോർപറേഷനും പൊലീസുമായി സഹകരിച്ച് സ്ഥാപിച്ച അത്യാധുനിക കാമറകൾ ഫലപ്രദമാണെന്ന് തെളിയിച്ചുകഴിഞ്ഞു. ബൈക്കിലെത്തി മാല കവരുന്ന സംഘത്തെയുൾപ്പെടെ കുടുക്കാൻ തൃശൂർ നഗരത്തിലെ കാമറകൾക്ക് കഴിഞ്ഞു. മണ്ണുത്തി മുതൽ പാവറട്ടി വരെ വ്യാപാരി സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളുമൊക്കെയായി സഹകരിച്ച് കാമറകൾ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
നിയമലംഘകരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊതുജനങ്ങളുടെ സഹകരണമാണ് വേണ്ടതെന്നാണ് പൊലീസ് ഭാഷ്യം. ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ 'ശുഭയാത്ര' വാട്സ് ആപ് നമ്പറിലേക്ക് ഫോട്ടോയും വിഡിയോയും സഹിതം അയക്കണമെന്നാണ് പൊലീസിന്റെ നിർദേശം. നിയമലംഘകർക്കെതിരെ സ്വീകരിച്ച നടപടി ഏഴ് ദിവസത്തിനകം അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ഗതാഗത നിയമലംഘനങ്ങൾ ഫോട്ടോകൾ / ചെറിയ വിഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒമാരെ വാട്സ്ആപ്പിൽ അറിയിക്കാമെന്നും വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.