കുതിരാൻ വീണ്ടും കുരുക്കാകുമോ?
text_fieldsതൃശൂർ: ദേശീയപാത 544ൽ കുതിരാൻ തുരങ്കം കഴിഞ്ഞ് തൃശൂരിലേക്കുള്ള പാതയിൽ രൂപപ്പെട്ട വിള്ളൽ ഒരടിയിലേറെ താഴ്ചയിലേക്ക് ഇടിഞ്ഞതോടെ ഇവിടെ വീണ്ടും കുരുക്കാകുമെന്ന് ആശങ്ക. നിലവിൽ ഇവിടെ ഒറ്റവരിയായി ഗതാഗതം നടക്കുന്നുണ്ട്.
വ്യാഴാഴ്ച മുതൽ വലിയ വാഹനങ്ങൾ പാലക്കാട്ടേക്കുള്ള ട്രാക്കിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ പാത കൂടുതൽ ഇടിയാനിടയുണ്ടെന്ന് നാട്ടുകാർ പറയുന്നു. അപകടാവസ്ഥ തുടർന്നാൽ തൃശൂരിലേക്കുള്ള ഈ ട്രാക്കിൽ ഗതാഗതം പൂർണമായും നിരോധിക്കേണ്ടിവരും. നിലവിൽ മൂന്ന് വീതം ആറ് ട്രാക്കുകളിലാണ് ഈ ഭാഗത്ത് ഗതാഗതം നടക്കുന്നത്. അടിയന്തര സാഹചര്യം ഉണ്ടായാൽ കുതിരാൻ തുരങ്കം കഴിഞ്ഞ് ഉടൻ ഗതാഗതം തിരിച്ചുവിടാനാണ് തീരുമാനം.
പാത ഇടിഞ്ഞ ഭാഗത്ത് സർവിസ് റോഡിൽ കാര്യമായ ഗതാഗതം നടക്കുന്നില്ല. തൊട്ടടുത്ത് ഒരു മെക്കാനിക്കൽ വർക്ക്ഷോപ് പ്രവർത്തിക്കുന്നുണ്ട്. ഒരാഴ്ച മുമ്പാണ് തൃശൂർ ഭാഗത്തേക്കുള്ള പാലത്തിൽ പത്ത് മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്. കരാർ കമ്പനി ഇവിടെ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് വിള്ളൽ അടച്ചിരുന്നു. എന്നാൽ, മന്ത്രിയുൾപ്പെടെ ഇടപെട്ട് ഇവിടെ പാത പുനർനിർമിക്കാൻ നിർദേശം നൽകുകയായിരുന്നു.
മഴക്കാലം പരിഗണിച്ച് വിള്ളലുകള്‍ അധികമാവാതിരിക്കാന് അടിയന്തര നടപടിക്കും നിർദേശം നൽകിയിരുന്നു. പാതയിൽ അപകടാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കരാര്‍ കമ്പനിയുടെ ഒരു മെയിന്റനന്‍സ് സംഘത്തെ പ്രദേശത്ത് മുഴുവന്‍ സമയവും നിയോഗിക്കാനും നിർദേശമുണ്ട്. എല്ലാ സാങ്കേതികസംവിധാനങ്ങളും അടങ്ങിയ ഈ സംഘത്തിന്റെ സേവനം പ്രദേശത്ത് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
രണ്ട് ദിവസമായി മഴ കനത്ത് പെയ്തതോടെ പാതയിൽ പലയിടത്തും ചെറിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. കുഴികൾ അടക്കാനുള്ള നടപടി നടക്കുന്നുണ്ട്. പാലങ്ങളിൽനിന്നും പ്രധാന പാതയിൽനിന്നുമുള്ള വെള്ളം സർവിസ് റോഡിലേക്ക് പരന്ന് ഒഴുകുന്നതിനാൽ പലയിടത്തും തകർച്ചഭീഷണിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.