കാണാം സ്ഥാനാർഥികളുടെ 'കൈയിലിരിപ്പ്'
text_fieldsതൃശൂർ: നാമനിർദേശ പത്രിക സമർപ്പണം കഴിഞ്ഞു. സ്ഥാനാർഥികളുടെ സത്യവാങ് മൂലം പരിശോധിക്കുേമ്പാൾ തീർത്തും വിഭിന്നരാണവർ. സ്ഥാനാർഥികൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾക്ക് സമാനമല്ല അവരുടെ ഇഷ്ടങ്ങളും ആസ്തിയും സ്വത്തുകളുമെല്ലാം. ചിലർ ഏറെ സാധാരണത്വം പുലർത്തുേമ്പാൾ മറ്റു ചിലരുടെ കാര്യത്തിൽ അവരുടെ മേഖലകളിലെ തിളക്കം ശരിക്കും പ്രകടവുമാണ്. പരിമിതമായ ചുറ്റുപാടുകളിൽനിന്ന് എത്തിയവരും പാരമ്പര്യത്തിെൻറ ശീതളിമയിൽ ജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. നിക്ഷേപങ്ങളും സ്വത്തും കൃഷിയിടവും ഇഷ്ടങ്ങളുമൊെക്കയായി ജില്ലയിലെ സ്ഥാനാർഥികൾ വൈവിധ്യമുള്ളരാണ്.
ബി. ഗോപാലകൃഷ്ണന് ഭാര്യയോളം പോര
ഭാര്യമാർക്ക് കൂടുതൽ നിക്ഷേപമുള്ള സ്ഥാനാർഥികൾ ജില്ലയിലുണ്ട്. ഒല്ലൂരിലെ ബി.ജെ.പി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന് 25,50,000 രൂപയാണ് സ്വത്തെങ്കിൽ ഭാര്യക്ക് 2.40 കോടിയുണ്ട്. കുന്നംകുളത്തെ സി.പി.എം സ്ഥാനാർഥി തദ്ദേശ മന്ത്രി എ.സി. മൊയ്തീന് വിവിധ ബാങ്കുകളിൽ അടക്കം നിക്ഷേപമായി 19,86,801 രൂപ സ്ഥാനാർഥിക്ക് നിക്ഷേപമുള്ളപ്പോൾ ഭാര്യക്ക് 57,86,591 രൂപ മൂല്യമുള്ള നിക്ഷേപമുണ്ട്. ഗുരുവായൂരിലെ മുസ്ലിം ലീഗ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന് 21,54,179 രൂപ നിക്ഷേപമുള്ളപ്പോൾ ഭാര്യക്ക് 37,01,891 രൂപയാണുള്ളത്. സി.പി.ഐ സ്ഥാനാർഥി കെ. രാജന് 3,53,671 രൂപയാണ് നിക്ഷേപമെങ്കിൽ ഭാര്യക്ക് 10,48,620 രൂപയുണ്ട്. പുതുക്കാട് സി.പി.എം സ്ഥാനാർഥിക്ക് 65,881.16 രൂപയാണ് നിക്ഷേപമെങ്കിൽ ഭാര്യക്ക് 7,42,491 രൂപയുണ്ട്. വടക്കാഞ്ചേരിയിലെ സി.പി.എം സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിക്ക് 90,188 രൂപയാണുള്ളെതങ്കിൽ ഭാര്യക്ക് 12,95,219 രൂപയാണുള്ളത്. കൊടുങ്ങല്ലൂരിലെ സി.പി.ഐ സ്ഥാനാർഥി വി.ആർ. സുനിൽകുമാറിന് 6,76,544 രൂപയാണ് നിക്ഷേപമെങ്കിൽ ഭാര്യക്ക് 8,77,768 രൂപയുമുണ്ട്. കയ്പമംഗലത്തെ കോൺഗ്രസ് സ്ഥാനാർഥി ശോഭ സുബിന് 7732 രൂപയുണ്ടെങ്കിൽ ഭാര്യക്ക് 2,06,297 രൂപയാണ് നിക്ഷേപം.
ബിന്ദുവിെൻറ ഭർത്താവിന് സ്വർണമില്ല;പത്മജയുടെ ഭർത്താവിനുണ്ട്
ഇരിങ്ങാലക്കുടയിലെ സി.പി.എം സ്ഥാനാർഥി പ്രഫ. ആർ. ബിന്ദുവിന് 13,20,000 രൂപയുടെ 40 പവൻ സ്വർണമാണുള്ളത്. ഭർത്താവ് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി കൂടിയായ എ. വിജയരാഘവന് പക്ഷേ, സ്വർണമെന്നുമില്ല. തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി പത്മജ വേണുഗോപാലിന് 25 പവൻ സ്വർണമുൾപ്പെടെ അരക്കോടിയുടെ ആഭരണങ്ങളുണ്ട്. ഭർത്താവ് വേണുഗോപാലിന് 6.25 പവൻ സ്വർണമുൾപ്പെടെ 17,50,000 രൂപയുടെ ആഭരണങ്ങളാണുള്ളത്.
'കൈയിലിരിപ്പ്' മോശം; പലർക്കും
കൈവശമുള്ള തുകയിൽ നടൻ സുരേഷ് ഗോപിയേക്കാൾ ഇരട്ടിയിൽ അധികമുണ്ട് പത്മജക്ക്. സുരേഷ് ഗോപിക്ക് 40,000 രൂപ കൈവശമുള്ളപ്പോൾ 85,000 രൂപയാണ് പത്മജയുടെ കൈവശമുള്ളത്. ഭർത്താവ് വേണുഗോപാലിെൻറ ൈകയിൽ നാലുലക്ഷവും. മന്ത്രി എ.സി. മൊയ്തീെൻറയും ഭാര്യയുെടയും ൈകവശം 20,000 രൂപ വീതമുണ്ട്. വടക്കാഞ്ചേരിയിലെ സി.പി.എം സ്ഥാനാർഥിയുടെയും ഭാര്യയുടെയും ൈകയിലും 20,000 രൂപയുണ്ട്. കയ്പമംഗലെത്ത ഇടത് സ്ഥാനാർഥി ഇ.ടി. ടൈസെൻറ ൈകയിലുള്ള 10,000 രൂപ തന്നെ ഭാര്യക്കുമുണ്ട്. സംവരണ മണ്ഡലമായ നാട്ടികയിലെ സി.പി.ഐ സ്ഥാനാർഥിയാണ് കൈവശം കുറഞ്ഞ തുകയുള്ളയാൾ. 1100 രൂപയാണ് അദ്ദേഹത്തിെൻറ ൈകവശമുള്ളത്. മണലൂരിലെ സി.പി.എം സ്ഥാനാർഥി നിലവിലെ എം.എൽ.എ കൂടിയായ മുരളി പെരുനെല്ലിയുടെ ൈകയിൽ 1250 രൂപയാണുള്ളത്. ൈകയിൽ 5,000 രൂപ കൊണ്ടു നടക്കുന്നവരാണ് അധിക സ്ഥാനാർഥികളും. ഇക്കാര്യത്തിൽ പാർട്ടിയും മുന്നണിയും ഒന്നുമില്ല.
താരംതന്നെ രാജാവ്
താര സ്ഥാനാർഥിക്ക് ഏറെ പിറകിലാണ് സമ്പത്തിെൻറ കാര്യത്തിൽ ജില്ലയിലെ ഇതര സ്ഥാനാർഥികൾ. ബാധ്യതയും സമാനമാണ്. ഒപ്പം വ്യാജ വാഹന രജിസ്ട്രേഷനിൽ രണ്ട് കേസുകൾ അടക്കം സിനിമയിലെ തട്ടുപൊളിപ്പൻ ഡയലോഗുകൾക്ക് സമാനമാണ് തൃശൂർ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയായ ബി.ജെ.പിയുടെ സുരേഷ് ഗോപി നാമനിർദേശ പത്രികയിൽ നൽകിയ സത്യവാങ്മൂലം. ഭാര്യ രാധിക സുരേഷിനേക്കാൾ മൂന്നിരട്ടി സ്വർണം നടനുണ്ട്. രാധികക്ക് 47,79,000 രൂപ വിലമതിക്കുന്ന 125 പവൻ സ്വർണം ആണുള്ളതെങ്കിൽ 375 പവൻ സ്വർണമാണ് സുരേഷ് ഗോപിക്കുള്ളത്. 1,43,37,000 രൂപ വിലയാണ് ഇതിന് കാണിച്ചിട്ടുള്ളത്. 2.16 കോടി നിക്ഷേപവും 7.73 കോടിയുടെ സ്വത്തുമുണ്ട്. ഇതൊെക്ക ആണെങ്കിലും 68,00,477.61 രൂപയുടെ ബാധ്യതയുണ്ട്.
കൃഷിയിൽ മുമ്പൻ സുരേഷ് ഗോപി
കാർഷിക രംഗത്ത് വിവിധ മുദ്രാവാക്യങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ അരങ്ങു തകർക്കുേമ്പാൾ ജില്ലയിലെ സ്ഥാനാർഥികളിൽ അധികപേരും കർഷക തൽപരരല്ല. തമിഴ്നാട്ടിൽ 82 ഏക്കറും 42 സെൻറും കൃഷി ഭൂമിയുള്ള സുരേഷ് േഗാപി ഇക്കാര്യത്തിൽ വേറിട്ടു നിൽക്കുന്നു. തൃശൂരിലെ സി.പി.ഐ സ്ഥാനാർഥി പി. ബാലചന്ദ്രന് അന്തിക്കട്ട് കൃഷി ഭൂമിയുണ്ട്, കോൺഗ്രസ് സ്ഥാനാർഥി പത്മജ വേണുഗോപാലിന് കൃഷിയില്ല. എന്നാൽ, അവരുടെ ഭർത്താവിനുണ്ട്. ചാലക്കുടിയിലെ കേരള കോൺഗ്രസ് സ്ഥാനാർഥിയായ ഡെന്നീസ് കെ. ആൻറണിക്ക് കിഴക്കുംമുറിയിൽ കൃഷിഭൂമിയുണ്ട്. കുന്നംകുളത്തെ സി.പി.എം സ്ഥാനാർഥി എ.സി. മൊയ്തീനും ചാലക്കുടിയിലെ കോൺഗ്രസ് സ്ഥാനാർഥി സനീഷ് കുമാറിനും കൃഷിഭൂമി ഇല്ല. ഇരിങ്ങാലക്കുടയിലെ സി.പി.എം സ്ഥാനാർഥി പ്രഫ. ആർ. ബിന്ദുവിനും കൃഷിഭൂമിയില്ല. സമാനമാണ് പുതുതലമുറ സ്ഥാനാർഥികളും കൃഷിയോട് വല്ലാത്ത ആഭിമുഖ്യമില്ലാത്തവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.