കൊടും വെയിലിലും പര്യടന തിരക്കിൽ സ്ഥാനാർഥികൾ
text_fieldsതൃശൂർ: പൊള്ളുന്ന വെയിലിലും ചാലക്കുടിയിൽ സ്ഥാനാർഥികൾ പ്രചാരണ തിരക്കിലാണ്. ഇടത്-വലത് മുന്നണി സ്ഥാനാർഥികൾക്കൊപ്പം ട്വന്റി-20, എൻ.ഡി.എ സ്ഥാനാർഥികളും മണ്ഡല പര്യടനം തുടരുകയാണ്. പഞ്ചായത്തുതല കൺവെൻഷനുകൾ സമാന്തരമായി പുരോഗമിക്കുന്നുണ്ട്.
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ കുറുപ്പംപടിയിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാൻ വ്യാഴാഴ്ച പ്രചാരണം ആരംഭിച്ചത്. കീഴില്ലം യു.പി സ്കൂളിലെത്തിയ ബെന്നിയെ കുട്ടികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
മീമ്പാറയിൽ നിന്നാണ് ഉച്ചക്കുശേഷം സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. ഓടക്കാലി, അശമന്നൂർ, വേങ്ങൂർ എന്നിവിടങ്ങളിലെ മഠങ്ങളും സ്കൂളുകളും സന്ദർശിച്ച് ബെന്നി ബഹനാൻ പിന്തുണ തേടി.
പൈതൃകമുറങ്ങുന്ന മുസിരിസ് പട്ടണമായ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചായിരുന്നു വ്യാഴാഴ്ച ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഫ. സി. രവീന്ദ്രനാഥിന്റെ പ്രചാരണം. കൊടുങ്ങല്ലൂർ, മാള ഭാഗങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.
ട്വന്റി-20 സ്ഥാനാർഥി അഡ്വ. ചാർളി പോളിന്റെ രണ്ടാംഘട്ട പര്യടനം ഒമ്പതാം ദിവസം കാഞ്ഞൂർ പഞ്ചായത്തിൽ നടന്നു. സ്ഥാനാർഥിയും സംഘവും പാറപ്പുറത്തുള്ള മൂന്ന് ഹരിജൻ, ലക്ഷംവീട് കോളനികളും സന്ദർശിച്ചു
പാറപ്പുറം വല്ലംകടവിലുള്ള സ്നേഹജ്യോതി ബോയ്സ് ഹോം, ഐശ്വര്യ ഗ്രാമം തുടങ്ങിയ ഇടങ്ങളും സന്ദർശിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച പര്യടനം വൈകീട്ട് ഏഴുവരെ നീണ്ടു. എൻ.ഡി.എ സ്ഥാനാർഥി കെ.എ. ഉണ്ണികൃഷ്ണൻ കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പുത്തൻചിറയിൽ നിന്നാണ് വ്യാഴാഴ്ച പ്രചാരണം ആരംഭിച്ചത്. വിവിധ പ്രദേശങ്ങളിലെ ആരാധാനാലയങ്ങളും വ്യാപാരശാലകളിലും എത്തി വോട്ടഭ്യർഥിച്ചു. വെള്ളിയാഴ്ച കുന്നത്തുനാട്ടിലാണ് പര്യടനം.
പൈതൃക നഗരത്തിന്റെ മനസ്സുതേടി രവീന്ദ്രനാഥിന്റെ സഞ്ചാരം
കൊടുങ്ങല്ലൂർ: പൈതൃക കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചായിരുന്നു വ്യാഴാഴ്ച ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥിന്റെ പ്രചാരണം രാവിലെ എട്ടോടെ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ അരമനയിൽ സന്ദർശിച്ചു.
ബിഷപ്പിനോട് അനുഗ്രഹം തേടിയ രവീന്ദ്രനാഥിനോട് തന്റെ വോട്ട് ചാലക്കുടി മണ്ഡലത്തിൽ അല്ലെന്നും എല്ലാവിധ പ്രാർഥനകളും ആശംസകളും നേരുന്നുവെന്നും ബിഷപ്പ് അറിയിച്ചു. തുടർന്ന് കോട്ടപ്പുറം ചന്തയിലൂടെ പാർട്ടി പ്രവർത്തകർക്കൊപ്പം നടന്ന് അദ്ദേഹം കച്ചവടക്കാരോടും നാട്ടുകാരോടും വോട്ടഭ്യർഥിച്ചു.
കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളജും മാള ഗവ. ഐ.ടി.ഐയും സന്ദർശിച്ച പ്രഫ. സി. രവീന്ദ്രനാഥിനെ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയായിരുന്നു വിദ്യാർഥികൾ സ്വീകരിച്ചത്. അധ്യാപകരെ സന്ദർശിച്ച ശേഷം ആശയം വിനിമയം നടത്താനും അദ്ദേഹം മറന്നില്ല. കാഴ്ച് പരിമിതിയെ അതിജീവിച്ച് പഠിച്ച് വിജയം കൈവരിച്ച കെ.കെ.ടി.എം കോളജിലെ ഹിസ്റ്ററി വിഭാഗം അധ്യാപകൻ ജി. ഹരികൃഷ്ണനെ സ്ഥാനാർഥി അനുമോദിച്ചു.
തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കോതപ്പറമ്പ് സെന്റ് തോമസ് പള്ളി, കോടതി സമുച്ചയം, പൊലീസ് സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ, കോഓപറേറ്റിവ് കോളജ്, ഗവ. ഗേൾസ് എച്ച്.എസ്.എസ്, കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ്, പുല്ലൂറ്റ് സെന്റ് അഗസ്റ്റിൻ കോൺവെൻറ്, പുല്ലൂറ്റ് തെക്കുംപുറം ഹദ്ദാദ് ജുമാമസ്ജിദ്, ചാപ്പറ ജങ്ഷൻ, മാള കുറുവിലശേരി എം.ഇ.ടി.എസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, കോട്ടക്കൽ സെന്റ് തെരേസാസ് പള്ളി, അന്നമനട ടൗൺ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്, അന്നമനട, കുഴൂര്‍, പൊയ്യ പഞ്ചായത്ത് ബൂത്ത് യോഗങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭ അധ്യക്ഷ ടി.കെ. ഗീത, എൽ.ഡി.എഫ് നേതാക്കളായ പി.കെ. ഡേവിസ്, ജോസ് കുരിശിങ്കൽ, ടി.കെ. സന്തോഷ്, സി.സി. വിപിൻ ചന്ദ്രൻ, കെ.വി. വസന്തകുമാർ പി.എ. ജോൺസൺ, സിവി. ഉണ്ണികൃഷ്ണൻ, മുസ്താഖലി തുടങ്ങിയവർ അനുഗമിച്ചു.
രമ്യ ഹരിദാസ് വോട്ടഭ്യർഥിച്ച് കുന്നംകുളത്ത്
കുന്നംകുളം: യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് കുന്നംകുളം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. കുന്നംകുളം, ആർത്താറ്റ്, ചൊവ്വന്നൂർ, പോർക്കുളം, കാട്ടകാമ്പാൽ മേഖലകളിലെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്ദർശിച്ചു.
കുന്നംകുളത്ത് മുസ്ലിം പള്ളിയിലെ സന്ദർശനത്തിന് ശേഷം, മത്സ്യ മാർക്കറ്റിലെത്തി. പിന്നീട് സീനിയർ ഗ്രൗണ്ടിലെ പ്രഭാത സവാരിക്കാരെ കണ്ടു. ബഥനി ആശ്രമം, ചൊവ്വന്നൂർ മഠം, ചിറളയം മഠം, കക്കാട് ഗണപതി ക്ഷേത്രം, ആർത്താറ്റ് പള്ളികൾ, പഴഞ്ഞി സെന്റ് മേരീസ് കാത്തിഡ്രൽ, മുസ്ലിം പള്ളികൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജെയ്സിങ് കൃഷ്ണൻ, ജനറൽ കൺവീനർ അമ്പലപാട്ട് മണികണ്ഠൻ, ഡി.സി.സി ജനറൽ സെക്രട്ടറി ബിജോയ് ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്മാരായ അഡ്വ. സി.ബി. രാജീവ്, സുരേഷ് മമ്പറമ്പിൽ, പ്രസാദ് പുലിക്കോടൻ, കെ. ജയശങ്കർ, ഇ. പി. കമറുദ്ദീൻ, നെൽസൺ ഐപ്പ്, ബിജു സി. ബേബി, മഹിള കോൺഗ്രസ് കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് കവിത പ്രേമരാജ്, ഡോ. സോയ ജോസഫ്, സി.വി. ജാക്സൺ, മിഷ സെബാസ്റ്റ്യൻ, രമേഷ്, ബാലചന്ദ്രൻ, എം.എം. അലി എന്നിവരും ഉണ്ടായിരുന്നു.
വി.ഐ.പികളാകാന്‍ മണിയന്‍കിണറിലെ വോട്ടര്‍മാര്‍
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ‘സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൽപ്പെട്ട ഒളകര ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മണിയന്‍കിണര്‍ ആദിവാസി കോളനിയില്‍ വി.ഐ.പി കാമ്പയിന് സംഘടിപ്പിച്ചു.
എല്ലാ വോട്ടര്‍മാരോടും വോട്ട് ചെയ്ത് അവകാശം വിനിയോഗിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ വി.ആര്. കൃഷ്ണതേജ പറഞ്ഞു. കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കോളനിയിലെ മുതിര്‍ന്ന വോട്ടറായ വെള്ളച്ചിയമ്മയെ ആദരിച്ചു.
പീച്ചി വൈല്‍ഡ് ലൈഫ് വാര്ഡന് പി.എം. പ്രഭു അധ്യക്ഷത വഹിച്ചു. അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, ഒല്ലൂര്‍ നിയോജകമണ്ഡലം അസി. റിട്ടേണിങ് ഓഫിസറും തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറുമായ രവികുമാര്‍ മീണ, ഊര് മൂപ്പന് കുട്ടന്, പട്ടിക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ.സി. പ്രജി എന്നിവര്‍ സംസാരിച്ചു.
പീച്ചി -വാഴാനി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് സുമു സ്കറിയ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രതിജ്ഞ ചൊല്ലി. സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന പ്രമേയം വെള്ളച്ചിയമ്മ കലക്ടര്‍ക്ക് കൈമാറി. വോട്ടവകാശ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്ന ബോധവത്കരണ ക്ലാസ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ രംജിഷ് രാജ് നയിച്ചു. വനദിനാചരണത്തോടനുബന്ധിച്ച് കോളനി പരിസരത്ത് കലക്ടര്‍ വൃക്ഷതൈ നട്ടു. ‘വോട്ട് ഈസ് പവര്‍ ആന്റ് വോട്ടര്‍ ഈസ് പവര്‍ഫുള്‍’, ‘വോട്ട് ചെയ്യൂ വി.ഐ.പി ആകൂ’എന്ന ആശയമാണ് കാമ്പയിന് മുന്നോട്ട് വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.