വീര്യം കൂട്ടാൻ കള്ളിൽ കഞ്ചാവ്: തൃശൂർ ജില്ലയിലും കേസെടുത്തു
text_fieldsതൃശൂർ: വീര്യം കൂട്ടാൻ കള്ളിൽ കഞ്ചാവ് കലർത്തി വിൽപന തൃശൂരിലും. എക്സൈസ് ശേഖരിച്ച സാമ്പിളുകളിലാണ് കള്ളിൽ കഞ്ചാവ് കലർത്തിയെന്നത് തെളിഞ്ഞത്. കഴിഞ്ഞ ദിവസം ലാബ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ജില്ലയിൽ ഇത് ആദ്യമായാണ് കള്ളിൽ കഞ്ചാവ് കലർത്തിയത് സംബന്ധിച്ച് കേസെടുക്കുന്നത്. കള്ളിെൻറ വീര്യം കൂട്ടാൻ കഞ്ചാവിെൻറ ഇല അരച്ചുചേർക്കുകയോ അല്ലെങ്കില് കഞ്ചാവ് കിഴി ഉപയോഗിക്കുകയോ ചെയ്യുകയാണ്.
ലോക്ഡൗൺ കാലത്ത് വ്യാജമദ്യ വിൽപനയും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെയും വരവും വിൽപനയും വൻതോതിൽ വർധിച്ചിരുന്നു. ഷാപ്പുകളിൽ കള്ളിെൻറ ക്ഷാമവും ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞതാണ് കള്ളിന് വീര്യം കൂട്ടാനുള്ള കൃത്രിമ മാർഗങ്ങളിലേക്ക് കടക്കുന്നതിന് കാരണമായി എക്സൈസ് ചൂണ്ടിക്കാണിക്കുന്നത്.
നേരേത്ത മറ്റ് രാസപദാർഥങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴാണ് കഞ്ചാവും കലർത്തുന്നത്. ഏറെ അപകട സാധ്യതയുള്ള ലഹരി ഉപയോഗമാണിത്. ഷാപ്പുകളിൽ മതിയായ പരിശോധനകൾ കൃത്യമായി നടക്കാത്തതും ഉദ്യോഗസ്ഥരുമായുള്ള ഷാപ്പുടമകളുടെ വഴിവിട്ട സൗഹൃദവും വ്യാജന്മാർക്ക് സൗകര്യമാകുന്നു. ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളുമില്ലെന്ന് എക്സൈസും ഇതിന് വിശദീകരണം നൽകുന്നു. കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും വ്യാജമദ്യവും തുടങ്ങി കണ്ണുതെറ്റിച്ച് കടത്തുന്ന നൂറുകണക്കിന് കിലോ ലഹരിവസ്തുക്കളാണ് എക്സൈസ് നിരന്തര ശ്രമത്തിലൂടെ പിടികൂടുന്നത്. എന്നാൽ, ഷാപ്പുകളിലൂടെ വീര്യം കൂട്ടാൻ നിരോധിത വസ്തുക്കളുപയോഗിച്ചുള്ള വിൽപനയെ തടയുന്നതിൽ എക്സൈസ് പരാജയപ്പെടുകയാണ്.
നിരന്തരമായ കർശന പരിശോധനകളും നിയമനടപടികളും ശക്തമായ ബോധവത്കരണവുമാണ് ഇതിനുള്ള പരിഹാരമായി എക്സൈസ് അധികൃതരും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.