കഞ്ചാവ് കടത്ത്: രണ്ട് പേർക്ക് ഏഴ് വർഷം കഠിന തടവും 75,000 രൂപ പിഴയും
text_fieldsതൃശൂർ: വിൽപനക്കായി എത്തിച്ച 21 കിലോ കഞ്ചാവുമായി പിടിയിലായ രണ്ട് പേർക്ക് ഏഴ് വർഷം കഠിന തടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മാള പൂപ്പത്തി സ്വദേശി ഷാജി, കൊച്ചി പള്ളുരുത്തി സ്വദേശി അഹമ്മദ് സുഹൈൽ നൈന എന്നിവരെയാണ് തൃശൂർ അഡീഷണൽ ജില്ല ജഡ്ജ് ടി.കെ. മിനിമോൾ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
2020 നവംബർ 22ന് മണ്ണുത്തി സെന്ററിൽനിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. കോവിഡ് അടച്ചിടൽ കാലത്ത് വിശാഖപട്ടണത്ത് നിന്നാണ് വൻതോതിൽ കഞ്ചാവെത്തിച്ചത്. രണ്ട് ബാഗുകളിലായി സൂക്ഷിച്ച 21.250 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
നിലവില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് സബ് ഇന്‍സ്പെക്ടറായ കെ.എന്‍. വിജയന്‍ മണ്ണുത്തി എസ്.ഐ ആയിരിക്കെ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെയും ബലം പ്രയോഗിച്ച് തടയുകയായിരുന്നു.
പ്രോസിക്യൂഷന്‍ ഭാഗം ആറ് സാക്ഷികളെ വിസ്തരിച്ചു. മണ്ണുത്തി സി.ഐ ആയിരുന്ന ഇപ്പോഴത്തെ കാളികാവ് സി.ഐ എം. ശശിധരന്‍ പിള്ളയാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. മണ്ണുത്തി പൊലീസ് ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ. മണികണ്ഠനാണ് പ്രോസിക്യൂഷന്‍ നടപടികളെ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുനില്‍, അഭിഭാഷകരായ കെ.എ. അമീര്‍, പി.ആർ. വിഷ്ണുദത്തന്‍ എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.