നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി; മൂന്ന് കാൽനടക്കാർക്ക് പരിക്ക്
text_fieldsതൃശൂർ: നിയന്ത്രണംവിട്ട് അമിതവേഗത്തിലെത്തിയ കാർ കാൽനടക്കാർക്കിടയിലേക്ക് പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്കേറ്റു. അപകടമുണ്ടായിട്ടും നിർത്താതെപോയ കാറിനെ പിന്തുടർന്ന് പൊലീസ് പിടികൂടി. മദ്യലഹരിയിലാണ് കാർ ഓടിച്ചിരുന്നത്.
നെടുപുഴ ഫ്രൻഡ്സ് ഗാർഡൻ സൈന്തമഠം ശിവകുമാറിന്റെ മകൻ മണികണ്ഠൻ (27), വലപ്പാട് ചോയിപ്പറമ്പിൽ വീട്ടിൽ സന്തോഷ് (51), ഒല്ലൂർ സ്വദേശി സൈമൺ (60) എന്നിവർക്കാണ് പരിക്കേറ്റത്. മണികണ്ഠന്റെ നില ഗുരുതരമാണ്. പാലക്കാട് പെരിങ്ങോട്ടുകുറിശി സ്വദേശിയാണ് മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്.
ഉച്ചക്കുശേഷം അയ്യന്തോള്‍ ചുങ്കത്തിന് സമീപമാണ് അപകടം. റോഡിന് വലതുവശത്തുകൂടി നടന്നുപോവുകയായിരുന്നവർക്കിടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. കാർ അപകടമുണ്ടാക്കി നിർത്താതെപോയെന്ന് വിവരം കിട്ടിയതോടെ കലക്ടറേറ്റ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷൽ ബ്രാഞ്ച് സിവിൽ പൊലീസ് ഓഫിസർ അരുൺജിത്ത് ബൈക്കിൽ പിന്തുടർന്ന് പുതൂർക്കരയിൽ വെച്ച് പിടികൂടുകയായിരുന്നു.
ഭാവി വധുവിനെ പരീക്ഷയെഴുതിക്കാനെത്തിയതായിരുന്നു. പടിഞ്ഞാറെ കോട്ട ജ്യോതി ടവറിലായിരുന്നു പരീക്ഷ. പരീക്ഷ കഴിയുവോളമുള്ള സമയത്തെ ഇടവേളയിൽ മദ്യപിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂർ പടിഞ്ഞാറെകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.