നവകേരള സദസ്സിന് പണം; തൃശൂർ ജില്ല പഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്
text_fieldsതൃശൂർ: നവകേരള സദസ്സുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് യോഗത്തിൽ തർക്കം. തുകയനുവദിക്കാനുള്ള അജണ്ടയിൽ വിയോജിപ്പ് രേഖപ്പെടുത്തി കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഏക മുസ്ലിംലീഗ് അംഗം യോഗത്തിൽ പങ്കെടുത്തതുമില്ല. നവകേരള സദസ്സിന് പണം അനുവദിക്കാനാവില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ യോഗത്തെ അറിയിച്ചു. പണം അനുവദിച്ചാൽ ജനം പൊറുക്കില്ലെന്നും അതിനാൽ തീരുമാനത്തിനെ എതിർക്കുന്നതായും വിയോജന കുറിപ്പ് എഴുതിയാണ് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയത്.
ജൂലൈ മാസത്തിൽ അനുവദിക്കേണ്ട വികസനഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ചത് ഇക്കഴിഞ്ഞ ആറിനാണ്. ഉത്തരവ് വന്നുവെങ്കിലും ഫണ്ട് ലഭിച്ചിട്ടില്ലെന്നും പ്രസിഡൻറ് തന്നെ യോഗത്തെ അറിയിച്ചതോടെ ഇതും പ്രതിപക്ഷം വിഷയമാക്കി. വികസന പദ്ധതികൾ എല്ലാം അവതാളത്തിലാണ്. അഞ്ച് ലക്ഷത്തിലധികം വരുന്ന തുക ട്രഷറി പാസാക്കാത്തതിനാൽ പുതിയ കരാറുകൾ എടുക്കാൻ ആരും മുന്നോട്ട് വരുന്നില്ല.
ഇതിന് പുറമെ ലൈഫ് പദ്ധതി, കാൻസർ രോഗികൾക്കുള്ള പദ്ധതി, ഭിന്നശേഷിക്കാർ, മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ തുടങ്ങിയവർക്കുള്ള ഫണ്ട് ചിലവഴിക്കേണ്ടതും ഇതിൽ നിന്നാണ്. തുക ലഭിക്കാൻ വൈകുന്നതിനാൽ ഈ പദ്ധതികളും പ്രശ്നത്തിലാണെന്ന് പ്രതിപക്ഷ കക്ഷി നേതാവ് ജോസഫ് ടാജറ്റ് പറഞ്ഞു.
നവംബറിൽ അനുവദിക്കേണ്ട മൂന്നാം ഗഡു എന്ന് അനുവദിക്കുമെന്നും വ്യക്തതയില്ല. നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തിലേതുപോലെ മാർച്ച് 30 ന് തന്നെയേ അനുവദിക്കാനിടയുള്ളൂവെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. അത് വികസന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും.
സാമ്പത്തീക വർഷം അവസാനിക്കാൻ മൂന്ന് മാസം മാത്രം ശേഷിക്കെ പദ്ധതി വിനിയോഗം 21 ശതമാനമാണ്. 29 അംഗ ഭരണസമിതിയിൽ ഒരു ലീഗ് അംഗം ഉൾപ്പെടെ അഞ്ച് പേരാണ് പ്രതിപക്ഷത്തുള്ളത്. ഇതിൽ മൂന്ന് പേരാണ് യോഗത്തിൽ പങ്കെടുത്തത്. നവകേരള സദസ്സിന് തുക അനുവദിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഭരണസമിതി പിന്മാറണമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ. ജോസഫ് ടാജറ്റ്, അംഗങ്ങളായ ജിമ്മി ചൂണ്ടൽ, ലീല സുബ്രമണ്യൻ എന്നിവർ ആവശ്യപ്പെട്ടു.
140 മണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കും -വി.ഡി. സതീശൻ
മാള: നവകേരള സദസ്സെന്ന നാടകത്തെ ജനകീയ കോടതിയിൽ വിചാരണ ചെയ്യാൻ യു.ഡി.എഫ് 140 മണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാളയിൽ കോൺഗ്രസ് മാള ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗര പ്രമുഖരായ സാമൂഹിക പെൻഷൻ കിട്ടാത്തവർ, കെ.എസ്.ആർ.ടി.സി പെൻഷൻ കിട്ടാത്തവർ, ലൈഫ് പദ്ധതി അപേക്ഷ നൽകി കാത്തിരിക്കുന്നവർ ഇവരെയെല്ലാം ഉൾക്കൊള്ളിച്ചാകും അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടുകാരുടെ ചിലവിൽ ജനങ്ങളുടെ മുന്നിൽ സർക്കാർ നടത്തുന്ന നാടകമാണ് നവകേരള സദസ്സ്. ജനങ്ങൾ നിരാശയും ദുരിതവും അനുഭവിക്കുന്ന സമയത്താണ് നാടകം കളിക്കുന്നതെന്നും സതീശൻ പറഞ്ഞു. മാള ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. വിജയൻ അധ്യക്ഷത വഹിച്ചു.
ബെന്നി ബഹനാൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ഡി.സി.സി ജന. സെക്രട്ടറിമാരായ വി.എ അബ്ദുൾ കരീം, എ.എ. അഷ്റഫ്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ജോസ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി ജന.സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.