മുന്നറിയിപ്പില്ലാതെ തമിഴ്നാട് തൂണക്കടവ് തുറന്നുവിട്ടു; ചാലക്കുടിപ്പുഴയിൽ വെള്ളം പൊങ്ങി
text_fieldsഅതിരപ്പിള്ളി: തമിഴ്നാട് മുന്നറിയിപ്പില്ലാതെ തൂണക്കടവ് തുറന്നുവിട്ടതിനാൽ പെരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടിപ്പുഴയിലേക്ക് വെള്ളിയാഴ്ച ഇരട്ടിവെള്ളം വന്നെത്തി. അതേസമയം, തമിഴ്നാട് അപ്പർഷോളയാർ നിറഞ്ഞുകവിഞ്ഞത് പുതിയ ആശങ്ക ഉയർത്തുന്നുണ്ട്. ശനിയാഴ്ച രാത്രി ഇത് തുറന്നുവിട്ടേക്കാം. അപ്പർ ഷോളയാറിലെ വെള്ളം രണ്ട് വഴികളിലൂടെ തുറന്നുവിടാം. ഷട്ടർ വഴിയാണ് തുറന്നുവിടുന്നതെങ്കിൽ കേരള ഷോളയാർ ഡാമിലേക്ക് എത്തിച്ചേരും. ടണൽ വഴിയാണ് തമിഴ്നാട് വെള്ളം വിടുന്നതെങ്കിൽ പറമ്പിക്കുളത്തേക്കാണ് എത്തുക. അവിടെ വെള്ളം നിറഞ്ഞാൽ അവരുടെ തൂണക്കടവ് ഡാമിലേക്കും തുറക്കും. ഇവിടെനിന്ന് വെള്ളം തുറന്നാൽ കേരളത്തിലെ പെരിങ്ങൽക്കുത്തിലേക്കാവും വെള്ളം എത്തുക. ഇത് ചെറിയ സമയം പെരിങ്ങലിൽ അനിയന്ത്രിതമായ സാഹചര്യം സൃഷ്ടിക്കുകയും ചാലക്കുടിപ്പുഴയിലേക്ക് നേരെ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യും.
ഇപ്പോഴത്തെ സാഹചര്യത്തിൽ പെരിങ്ങലിലെ ഷട്ടറുകൾ സദാ തുറന്ന അവസ്ഥയിലാണ്. ഒരു മുന്നറിയിപ്പോ ചർച്ചയോ ഇല്ലാതെയാണ് തമിഴ്നാട് തൂണക്കടവിൽനിന്ന് വെള്ളം തുറന്നുവിടുന്നതെന്നത് ആശങ്ക ഉയർത്തുന്നു. പ്രത്യേകിച്ച് ചാലക്കുടി മേഖലയിൽ അതിവൃഷ്ടി ഉണ്ടായ സാഹചര്യത്തിൽ. എന്നാൽ, അപ്പർ ഷോളയാറിൽനിന്ന് പറമ്പിക്കുളത്തേക്ക് വെള്ളം ഒഴുക്കിവിടാതെ കേരളം ഷോളയാറിലേക്ക് വെള്ളം വിടുകയാണെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിസന്ധി ഉണ്ടാവില്ല. അപ്പർ ഷോളയാറിലെ ജലം ഉൾക്കൊള്ളാനുള്ള ശേഷി ഇപ്പോൾ കേരള ഷോളയാറിനുണ്ട്.
പെരിങ്ങൽക്കുത്തിൽ രണ്ട് സ്ലൂയിസുകൾ തുറന്നു
ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് 421 മീറ്റർ കടന്നതിനെ തുടർന്ന് രണ്ട് സ്ലൂയിസ് ഗേറ്റുകൾ തുറന്നു. ഡാമിൽനിന്ന് സ്ലൂയിസ് വഴിയും ക്രസ്റ്റ് ഗേറ്റുകൾ ചാലക്കുടി പുഴയിലേക്ക് ജലമൊഴുകുന്നതിനാൽ പുഴയോരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച ജില്ലയിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചതിനാൽ, ജലനിരപ്പ് 415 മീറ്ററായി താഴ്ത്താൻ ജില്ല കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറിന് 419.70 മീറ്ററാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 64.69 ശതമാനമാണ് ഡാമിൽ സംഭരിച്ചിട്ടുള്ളത്. ക്രസ്റ്റ് ഗേറ്റുകൾ വഴി സെക്കൻഡിൽ 23.14 ക്യൂബിക് മീറ്റർ ജലവും സ്ലൂയിസുകൾ വഴി സെക്കൻഡിൽ 361.28 ക്യൂബിക് മീറ്റർ ജലവും ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ട്. 424 മീറ്ററാണ് പെരിങ്ങൽക്കുത്തിെൻറ പൂർണ സംഭരണ നില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.