ദുരിതമൊഴിയാതെ പുഴയോരവാസികൾ; ക്യാമ്പുകളിലുള്ളവർക്ക് മടങ്ങാനായിട്ടില്ല
text_fieldsമാള: മഴയൊഴിഞ്ഞതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പിൽ കുറവ് ദൃശ്യമാണെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങി പോകാനായിട്ടില്ല. ആയിരത്തിലധികം പേരാണ് വിവിധ ക്യാമ്പുകളിലായുള്ളത്. ജില്ലയിലെ താഴ്ന്ന പ്രദേശമായ കുഴൂർ പഞ്ചായത്തിലുള്ളവരടക്കമാണ് ദുരിത കയത്തിലുള്ളത്.
പുഴയിൽനിന്ന് പാടശേഖരങ്ങളിലെത്തിയ വെള്ളമിറങ്ങാത്തതാണ് വിനയാകുന്നത്. പുഴയുടെ വിവിധ കൈവഴികൾ വഴി ക്രമാതീതമായി വെള്ളം ഇരച്ചെത്തിയിരുന്നു. നിരവധി റോഡുകളിൽ ഇവ ഗതാഗത തടസ്സമായി തുടരുകയാണ്.
അന്നമനട-വെസ്റ്റ് കൊരട്ടി റോഡ് പൂർണമായും വെള്ളത്തിനടിയിലാണ്. കുഴൂർ-കുണ്ടൂർ റോഡിലും സ്ഥിതി വ്യത്യസ്തമല്ല. കൊച്ചുകടവ് പ്രദേശത്തേ നൂറോളം വീടുകളിൽനിന്ന് വെള്ളം ഒഴിഞ്ഞുപോയിട്ടില്ല. അതേസമയം, നാലമ്പല തീർഥാടകർ പോകുന്ന റോഡിലെ പാലിശ്ശേരി വെള്ളക്കെട്ട് ഒഴിഞ്ഞിട്ടുണ്ട്.
അന്നമനട-മാമ്പ്ര റോഡിലും വെള്ളമിറങ്ങിയിട്ടുണ്ട്. കുഴൂർ ഭാഗത്തെ തിരുത്ത, ആലമറ്റം, വയലാർ, ചെത്തികോട്, തിരുമുക്കുളം, മൈത്ര തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. പെരിയാറിൽ നിന്നെത്തുന്ന ജലം ചാലക്കുടി പുഴ അവസാനിക്കുന്ന എളന്തിക്കരയിൽ എത്തുന്നത് ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകി ഏറ്റം തുടങ്ങിയതിനാൽ വെള്ളക്കെട്ട് രൂക്ഷമായി തന്നെ തുടരും.
ഞായറാഴ്ച പകൽ മഴ മാറിനിന്നാൽ മേഖലയിലെ ദുരിതത്തിന് അറുതിയാകും. ഇതിനായുള്ള പ്രാർഥനയിലാണ് പുഴയോരനിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.