25 ഏക്കർ തണ്ണീർത്തടം മാലിന്യം തള്ളി നികത്തുന്നു
text_fieldsചാലക്കുടി: വെള്ളാഞ്ചിറ പാടശേഖരത്തിൽ 25 ഏക്കറോളം സ്ഥലം ഭൂമാഫിയ മാലിന്യം തള്ളി നികത്തുന്നു. കാലങ്ങളായി തണ്ണീർത്തടമായി കിടക്കുന്ന സ്ഥലം വിൽക്കാൻ വേണ്ടിയാണ് നികത്തിയതെന്നാണ് ആക്ഷേപം. വെള്ളാഞ്ചിറ പള്ളിക്ക് സമീപം കുരിശിന് താഴെ കോഴിക്കുളം പാടത്താണ് സംഭവം. 25 ഏക്കറിൽ പകുതിയിലധികം നികത്തി.
തണ്ണീർത്തടത്തോട് ചേർന്ന കരഭൂമി നികത്താനുള്ള അനുമതി നേടിയതിന്റെ മറവിലാണ് വിശാലമായ പാടശേഖരം നികത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന പാടശേഖരം വേനലിൽ സമീപ പ്രദേശങ്ങൾക്ക് ജലലഭ്യതക്ക് സഹായകമാണ്. ആശുപത്രി മാലിന്യം, സ്പോഞ്ച്, കിടക്കകൾ, പ്ലാസ്റ്റിക് മാലിന്യം എന്നിവ റോളുകളാക്കി ചുരുട്ടി പാടത്തെ തോടുകൾ അടക്കമുള്ളവയിൽ തള്ളി അതിന് മുകളിൽ ക്വാറി വേസ്റ്റും ക്ലേയും അടിച്ച് നികത്തുകയാണ്. ഇത്തരം ക്ലേ വയലുകളിൽ നിക്ഷേപിക്കാൻ പാടില്ല.
ഇതുമൂലം ജല ഉറവിടങ്ങൾ മലിനമാകുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ചെയ്യുമെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്. പാടശേഖരം പൂർവസ്ഥിതിയിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ആളൂർ പഞ്ചായത്തിലും വില്ലേജ് ഓഫിസിലും പൊലീസ് സ്റ്റേഷനിലും കൃഷിഭവൻ മുഖേന പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ടവർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് രൂപംനൽകാനാണ് പ്രദേശവാസികൾ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.