ചാലക്കുടിയിൽ അഭിഭാഷകരും പൊലീസും തമ്മിലെ ശീതസമരം അവസാനിപ്പിക്കാൻ ചർച്ച ഇന്ന്
text_fieldsചാലക്കുടി: ചാലക്കുടിയിലെ ബാർ അസോസിയേഷൻകാരും പൊലീസുകാരും തമ്മിലെ ശീതസമരം അവസാനിപ്പിക്കാൻ ശ്രമം. ഇതിന്‍റെ ഭാഗമായി സനീഷ് കുമാർ ജോസഫ് എം.എൽ.എ മുൻകൈയെടുത്ത് ഇരു വിഭാഗവുമായി ചർച്ച നടത്തും.
ശനിയാഴ്ച വൈകീട്ട് ആറിന് ചാലക്കുടി റെസ്റ്റ് ഹൗസിലാണ് ഇരുവിഭാഗത്തെയും പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ചർച്ച വെച്ചിട്ടുള്ളത്. ബാർ അസോസിയേഷന്‍റെ പ്രധാന ഭാരവാഹികൾ, ചാലക്കുടി ഡിവൈ.എസ്.പി, രണ്ട് എസ്.എച്ച്.ഒമാർ എന്നിവരാണ് ഇരുവിഭാഗത്തെയും പ്രതിനിധാനം ചെയ്ത് പങ്കെടുക്കുക.
ചാലക്കുടി നഗരസഭ ചെയർമാനടക്കം തെരഞ്ഞെടുക്കപ്പെട്ടവരും പങ്കെടുക്കും. ചാലക്കുടി കോടതിയുടെ മുൻവശത്തെ താൽക്കാലിക മുറിയിൽ പഴയതുപോലെ വിശ്രമിക്കാൻ പൊലീസുകാർക്ക് വീണ്ടും സൗകര്യമൊരുക്കിക്കൊണ്ടുള്ള ഒത്തുതീർപ്പാകും നടപ്പാക്കുക. പൊലീസും അഭിഭാഷകരും തമ്മിലെ ശീതസമരം തുടങ്ങിയിട്ട് കുറച്ച് ആഴ്ചകളായി.
ചാലക്കുടിയിലെ കോടതി സമുച്ചയം നിർമാണത്തിലായതിനാൽ നഗരസഭ ലൈബ്രറിയുടെ കെട്ടിടത്തിലാണ് കോടതികൾ കുറച്ചു വർഷമായി താൽക്കാലികമായി പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്‍റെ പാർക്കിങ് ഏരിയയിലെ പരിമിതമായ സ്ഥലത്ത് തകര ഷീറ്റ് മറച്ച താൽക്കാലിക ഷെഡ് രണ്ട് മുറികളാക്കിയാണ് ഒരു ഭാഗത്ത് പൊലീസും മറുഭാഗത്ത് അഭിഭാഷകരും തങ്ങുന്നത്.
ദിവസങ്ങൾക്കു മുമ്പ് കൊരട്ടി പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസും ചാലക്കുടി ബാർ അസോസിയേഷനിലെ അഭിഭാഷകനും തമ്മിൽ വാക്തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ചാലക്കുടി കോടതിയുടെ മുൻവശത്തെ വിശ്രമമുറിയിൽനിന്ന് അഭിഭാഷകർ പൊലീസുകാരെ പുറത്താക്കുകയും മുറി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. തുടർന്ന് മുറിയുടെ ഇടഭിത്തി തകർക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.