ചാലക്കുടി അടിപ്പാതയിൽ ട്രയൽ റൺ നടത്തി
text_fieldsചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി നഗരസഭ ജങ്ഷനിലെ അടിപ്പാത നിർമാണത്തിന്റെ പൂർത്തീകരണത്തിനായി ട്രയൽ റൺ നടത്തി. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് ട്രയൽ റൺ നടത്തിയത്. തൃശൂർ ഭാഗത്തേക്കാണ് ആദ്യഘട്ടത്തിൽ പാലത്തിന് മുകളിലൂടെ ഗതാഗതം അനുവദിക്കുക. നിലവിൽ പടിഞ്ഞാറ് ഭാഗത്തെ സർവിസ് റോഡിലൂടെയാണ് തൃശൂരിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നത്.
പാലത്തിന് മുകളിലൂടെ പടിഞ്ഞാറ് വശത്തെ ട്രാക്കിന്റെ തുടക്കത്തിലെ ടാറിങ് ബാക്കിയുണ്ട്. അത് തീർക്കുന്നതുവരെ കിഴക്ക് ഭാഗത്തെ അടിപ്പാതയുടെ ട്രാക്കിലൂടെയാവും തൃശൂർ ഭാഗത്തേക്ക് ഗതാഗതം ഒരുക്കുക. അതിനായി മീഡിയൻ പൊളിച്ചുമാറ്റി എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ കിഴക്കുഭാഗത്തുള്ള ട്രാക്കിലേക്ക് തിരിച്ചുവിടും.
പടിഞ്ഞാറ് വശത്തെ ട്രാക്കിലെ ടാറിങ് പൂർത്തിയായാൽ മാത്രമേ എറണാകുളം ട്രാക്ക് സജീവമാകൂ. അതു വരെ കിഴക്കുവശത്തെ സർവിസ് റോഡിലൂടെ തന്നെ വാഹനങ്ങൾ കടന്നു പോകണം. വർഷങ്ങളായി മുടങ്ങിക്കിടന്ന ചാലക്കുടി അടിപ്പാതയുടെ നിർമാണ പ്രവൃത്തികൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് വേഗത കൈവന്നത്. 10 വർഷം മുമ്പാണ് പ്രവൃത്തി ആരംഭിച്ചത്.
പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തിരുന്നു. ഉടൻ അടിപ്പാതയുടെ ഇരുവശത്തെയും അപൂർണമായ ഭിത്തികൾ പുതിയ കരാറുകാരൻ പൂർത്തിയാക്കി. അടിപ്പാതയുടെ ബോക്സ് നിർമിച്ച് ഇരുവശത്തും മണ്ണടിച്ച് ഉയർത്തി. അതിന് ഉപരിതലത്തിൽ ടാറിങ് ചെയ്യുന്ന പ്രവൃത്തികളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവന്നിരുന്നത്.
അതോടൊപ്പം റോഡിന്റെ ഇരുവശത്തെയും കോൺക്രീറ്റ് സംരക്ഷണഭിത്തികളുടെ നിർമാണവും നടന്നുവന്നിരുന്നു. അത് എകദേശം പൂർത്തിയായി വരികയാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് അടിപ്പാത സഞ്ചാരയോഗ്യമാക്കുമെന്ന് അധികാരികൾ വ്യക്തമാക്കിയിരുന്നു. നിർമാണ ജോലികളെ മഴ പ്രതികൂലമായി ബാധിച്ചില്ലെങ്കിൽ ജൂലൈയിൽ അടിപ്പാതയുടെ പ്രവൃത്തി പൂർത്തിയായേക്കാം.
അപകട കേന്ദ്രമായ ചാലക്കുടി നഗരസഭ ജങ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തിന് 25 വർഷത്തിലേറെ പഴക്കമുണ്ട്. ഇവിടെ നടന്നുവന്ന അപകടങ്ങളിൽ മനം മടുത്ത് ജനങ്ങൾ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ഉയർത്തുകയായിരുന്നു. അതിനായി വലിയ ജനകീയ പ്രക്ഷോഭങ്ങൾ നടന്നു. ഒടുവിൽ അടിപ്പാത നിർമാണം ആരംഭിച്ചെങ്കിലും പ്രവൃത്തി ഇഴയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.