കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞയാൾ ഒരു വർഷത്തിനുശേഷം കഞ്ചാവുമായി പിടിയിൽ
text_fieldsചാലക്കുടി: കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞയാൾ ഒരു വർഷത്തിനുശേഷം കഞ്ചാവുമായി പിടിയിലായി. അതിരപ്പിള്ളി കണ്ണൻകുഴി പള്ളിപ്പാടൻ വീട്ടിൽ ആശാൻ സുനി (40) ആണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലനും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ വർഷം മാർച്ചിൽ കൊടകര വട്ടേക്കാട് കൊടകര പൊലീസിന്റെ വാഹന പരിശോധന കണ്ട് രണ്ടുകിലോ കഞ്ചാവും സ്കൂട്ടറും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട കേസിൽ ഒളിവിലായിരുന്നു. മറ്റൊരു പ്രതി ചെമ്പൂച്ചിറ അഭിനന്ദിനെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.
സുനിയെ പിടികൂടാൻ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രേ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. പഴനിക്കടുത്ത് തട്ടാൻകുളം എന്ന സ്ഥലത്ത് കഞ്ചാവ് മൊത്തവിതരണക്കാരിയായ ‘അക്ക’ എന്ന് വിളിപ്പേരുള്ള മുനിയമ്മയുടെ വീട്ടിൽ ഇയാൾ താമസിക്കുന്നതായി കണ്ടെത്തി.
ദിണ്ഡിഗൽ സബ് ഡിവിഷൻ പൊലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. പിന്നീട് എറണാകുളം പുത്തൻവേലിക്കരക്കടുത്ത് താമസിക്കുന്നു എന്ന വിവരത്തെ തുടർന്ന് ഒരു മാസത്തോളം എളവൂർ, കുത്തിയതോട്, പാറക്കടവ് മേഖലകളിൽ പ്രത്യേകാന്വേഷണ സംഘം നിരീക്ഷണം നടത്തി.
തുടർന്ന് എളന്തിക്കര പാടശേഖരത്തോട് ചേർന്ന് സുനിയുടെ രഹസ്യതാവളം കണ്ടെത്തി. പിടികൂടാൻ ശ്രമിക്കവേ ഓടിരക്ഷപ്പെട്ട സുനിയെ കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ കൊടകരയിൽനിന്നാണ് പിടികൂടിയത്. പിടിയിലാകുമ്പോഴും ഇയാളുടെ കൈവശം കഞ്ചാവ് പൊതി ഉണ്ടായിരുന്നു.
പിടികൂടിയ സംഘത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്. സുനിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.