ഖാർകീവിൽനിന്ന് ആദിൽ തിരിച്ചെത്തി; വലിയകത്ത് വീട്ടിൽ ആശ്വാസം
text_fieldsചാലക്കുടി: പ്രതിസന്ധികൾ മറികടന്ന് ഖാർകീവിൽ നിന്ന് ആദിൽ എത്തിയതോടെ വലിയകത്ത് വീട്ടിൽ ആശ്വാസം. വെള്ളാഞ്ചിറ ഷോളയാർ വലിയകത്ത് സഗീറിന്റെ മകൻ മുഹമ്മദ് ആദിൽ പുലർച്ചെ നാലോടെയാണ് നെടുമ്പാശേരിയിലെത്തിയത്. അതുവരെ മനസ്സുവെന്തു കഴിഞ്ഞ ഉപ്പയ്ക്കും ഉമ്മ സബിതയ്ക്കും സഹോദരങ്ങൾക്കും ആദിൽ വീട്ടിലെത്തിയതോടെയാണ് ശ്വാസം നേരെയായത്. പോളണ്ട് വഴിയാണ് ആദിൽ അടക്കം 12 ഓളം മലയാളി വിദ്യാർഥികൾ നാട്ടിലെത്തിയത്. ഖാർകീവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായ ആദിലിന്റെ കോഴ്സ് തീരുവാൻ മൂന്നു മാസം കൂടിയേ ഉണ്ടായിരുന്നുള്ളൂ.
യുദ്ധം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് ഇവർക്ക് രക്ഷപ്പെടാൻ മുന്നറിയിപ്പ് കിട്ടിയത്. ആറ് ദിവസത്തോളം 140 ഇന്ത്യക്കാരടക്കം 700 പേരൊത്ത് ബങ്കറിൽ കഴിയുകയായിരുന്നു ഇവർ. യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻ വീട്ടിൽ നിന്ന് പണം അയച്ചത് ഉടൻ തന്നെ മാറ്റാൻ കഴിഞ്ഞു. യുദ്ധം തുടങ്ങിയതോടെ യുക്രെയ്ൻ കറൻസി ആരും വാങ്ങുന്നില്ല. ഡോളർ നൽകിയാലേ എന്തും കിട്ടൂ. എല്ലാവരും ചേർന്ന് മൊത്തമായി ഭക്ഷണ വസ്തുക്കൾ വാങ്ങിയതാണ് രക്ഷയായത്. ഇതിനിടയിൽ ഇവരുടെ കോളജിലെ ഇന്ത്യൻ വിദ്യാർഥി നവീൻ കൊല്ലപ്പെട്ടത് ഞെട്ടലായി. സിറ്റിയിൽ റഷ്യൻ സൈനിക സാന്നിധ്യം സജീവമായതോടെ ഗ്രാമങ്ങളിലേക്ക് പോകാൻ നിർദേശം വന്ന സാഹചര്യത്തിലായിരുന്നു ഇവർ സാഹസികമായി രണ്ടും കൽപ്പിച്ച് ബങ്കർ വിടാൻ തീരുമാനിച്ചത്.
1300 കിലോമീറ്റർ അകലെയുള്ള ലിവീവിലേക്ക് 24 മണിക്കൂർ ട്രെയിനിലും ബസിലുമായി യാത്ര ചെയ്ത ഓർമ നടുക്കുന്നതാണ്. വഴിയിൽ തകർന്ന കെട്ടിടങ്ങൾ, ചിതറിയ മൃതദേഹങ്ങൾ ഞെട്ടിക്കുന്ന കാഴ്ചയായി. ട്രെയിനിൽ പലപ്പോഴും യുക്രെയ്നികളെ മാത്രമേ കയറ്റിയുള്ളു. ട്രെയിനിൽ കയറാൻ 40,000 രൂപ വീതം പൊലീസുകാർക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നു. പണം തികയാത്തവർ കാമറയും ഫോണും ലാപ്ടോപ്പുമെല്ലാം നൽകി. പണമില്ലാത്തതിനാൽ ട്രെയിനിൽ കയറാൻ പറ്റാത്ത വിദ്യാർഥികൾ പ്ലാറ്റ്ഫോമിലൂടെ ഓടി പണത്തിനായി ട്രെയിനിലുള്ളവരോട് അപേക്ഷിക്കുന്ന കാഴ്ച ദയനീയമായിരുന്നു.
പോളണ്ട് അതിർത്തി കടക്കലായിരുന്നു ഏറെ ദുരിതം. യുക്രെയ്ൻ ഉദ്യോഗസ്ഥർ ഇവരുടെ രേഖകളിൽ സീൽ ചെയ്യാൻ വിസമ്മതിച്ചു. കൊടും തണുപ്പിൽ മണിക്കൂറുകളോളം വിറച്ച് പലരും തളർന്നുവീണു. അതിർത്തി കടത്തി വിടാൻ നാട്ടിലെ അധികാരികളോട് സമ്മർദം ചെലുത്താൻ ഫോണിലൂടെ പലരും കരഞ്ഞു പറയുന്നുണ്ടായിരുന്നു. ദുരിതങ്ങൾ താണ്ടി പോളണ്ടിലെത്തിയതോടെ വലിയ ആശ്വാസമായി.
നാട്ടിലെത്തിയിട്ടും ആദിലിന്റെ മനസ്സ് ഖാർകീവിൽ കഷ്ടപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികളെ കുറിച്ച വേവലാതിയിലാണ്. ഇതിൽ പലരും യുദ്ധത്തിന് ഏതാനും ദിവസം മുമ്പ് അവിടെയെത്തിയ വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.