നിറ്റാ ജലാറ്റിൻ കമ്പനിക്കെതിരെ തൊഴിലാളി യൂനിയനുകൾ
text_fieldsചാലക്കുടി: കാതിക്കുടത്തെ നിറ്റാ ജലാറ്റിൻ കമ്പനി മാനേജ്മെൻറിനെതിരെ തൊഴിലാളി യൂനിയനുകളുടെ പടയൊരുക്കം. സി.ഐ.ടി.യു.സി, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് ഇറങ്ങുകയാണ്. ഒരു പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് തൊഴിലാളികൾ നിറ്റാ മാനേജ്മെന്റിനെതിരെ സമരവുമായി തിരിയുന്നത്.
കുറച്ചുവർഷങ്ങളായി കാതിക്കുടത്തെ പരിസ്ഥിതി സമരം കൊണ്ട് പ്രദേശവാസികളുടെയും പ്രളയത്തെ തുടർന്ന് പ്രകൃതിയുടെയും തിരിച്ചടിയേറ്റുവാങ്ങിയ നിറ്റാ ജലാറ്റിൻ കമ്പനി അവരുടെ തൊഴിലാളികളിൽനിന്ന് തന്നെയുള്ള വെല്ലുവിളിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
തൊഴിലാളികളുടെ നിയമാനുസൃത ആനുകൂല്യങ്ങൾ തട്ടിപ്പറിക്കുകയാണ് മാനേജ്മെന്റ് എന്നാണ് സമരത്തിന് കാരണമായി യൂനിയനുകൾ ആരോപിക്കുന്നത്. നിറ്റാ ജലാറ്റിൻ കമ്പനി ജപ്പാൻകാർക്ക് കോടികൾ ലാഭമുണ്ടാക്കികൊടുക്കുന്നതിനുവേണ്ടിയല്ലെന്നാണ് സമരക്കാർ പറയുന്നത്. സമീപകാലത്തായി നാട്ടിലെ യുവാക്കളായ തൊഴിൽ രഹിതർക്ക് കമ്പനി ജോലി നൽകുന്നില്ലെന്ന് യൂനിയനുകൾ പറയുന്നു.
താൽക്കാലിക തൊഴിലാളികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കരാർ അടിസ്ഥാനത്തിൽ തുച്ഛമായ വേതനത്തോടെ ജോലിക്ക് നിയോഗിക്കുകയാണ് മനേജ്മെന്റ്. കമ്പനി മലിനീകരണം നിയന്ത്രിച്ച് പ്രവർത്തിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നത്. നാട്ടുകാർക്ക് ജോലിയും തൊഴിലാളികൾക്ക് ന്യായമായ കൂലിയും ലഭിക്കുംവരെ ഏതറ്റം വരെ പോകാനും തൊഴിലാളികൾ ഒരുങ്ങുകയാണ്.
എന്നാൽ, തൊഴിലാളി യൂനിയനുകളുടെ ഭീഷണി മാനേജ്മെൻറ് വകവെക്കുന്നില്ല. സമരക്കാരിൽ പലരും കമ്പനിയുടെ വിനേയരാണെന്ന് ആരോപണമുണ്ട്. സമര സൂചനയായി വെച്ചിരുന്ന ബോർഡ് കമ്പനിയുടെ മുന്നിൽനിന്ന് എം.ഡിയുടെ സന്ദർശന സമയത്ത് യൂനിയൻകാർ തന്നെ മാറ്റിവെച്ചത് ഇതിന് ഉദാഹരണമാണ്.
കാതിക്കുടത്ത് പുഴയിലും മണ്ണിലും വർഷങ്ങളായി കമ്പനി നടത്തിക്കൊണ്ടിരിക്കുന്ന മലിനീകരണത്തിനെതിരെ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളെ ഏതു വിധവും നേരിടാൻ കമ്പനിക്കൊപ്പം നിന്നവരാണ് തൊഴിലാളികൾ. എന്നാൽ, സമരം പൂർണമായി കെട്ടടങ്ങിയതോടെ തൊഴിലാളികളെ അവഗണിക്കുന്ന നിലപാടാണ് മാനേജ്മെൻറിന്റേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.