ഇതാ ആൻറിൻ; പ്രാണവായുവിന് വിലയിടാത്തവൻ...
text_fieldsചാലക്കുടി: ഒാക്സിജൻ കിട്ടാതെ നൂറുകണക്കിന് പേർ ഉത്തരേന്ത്യയിൽ മരിച്ചുവീഴുന്ന കാഴ്ച കൺമുന്നിൽ തെളിഞ്ഞതോടെ ആൻറിനുമായില്ല പ്രാണവായുവിന് വിലയിടാൻ.
വിൽപനക്ക് വെച്ച 50 ഓക്സിജൻ സിലിണ്ടറുകളും നഷ്ടത്തെക്കുറിച്ച് വേവലാതിപ്പെടാതെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് നൽകി ആ വ്യാപാരി. ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിെൻറ കുറവ് മനസ്സിലാക്കിയ ചാലക്കുടി ട്രാംവേ റോഡിലെ കാവുങ്ങൽ ഏജൻസീസ് നടത്തുന്ന ആൻറിൻ ജോസ് കാവുങ്ങൽ എന്ന ചെറുപ്പക്കാരനാണ് തെൻറ പക്കലുള്ള 50 സിലിണ്ടറും ആരും ആവശ്യപ്പെടാതെ കൊടുത്തത്.
ഒരു രോഗിയും ഓക്സിജൻ ലഭിക്കാതെ കഷ്ടപ്പെടരുതെന്നും ലഭ്യതക്കനുസരിച്ച് ഇനിയും ആശുപത്രിയിലേക്ക് സിലിണ്ടർ കൊടുക്കാൻ തയാറാണെന്നും ആൻറിൻ പറഞ്ഞു. ഈ മാതൃകക്ക് അഭിനന്ദനം അർപ്പിച്ച് ചാലക്കുടി ടൗൺ ചുമട്ടുതൊഴിലാളികൾ കൂലി വാങ്ങാതെ സിലിണ്ടറുകൾ വണ്ടിയിലേക്ക് കയറ്റിക്കൊടുത്തു.
രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിലെ ഓക്സിൻ സിലിണ്ടർ ക്ഷാമത്തെച്ചൊല്ലി ആശുപത്രി സൂപ്രണ്ട് ആശങ്ക പങ്കുവെച്ചിരുന്നു. 12,500 രൂപയാണ് ഒരു സിലിണ്ടറിന് വില. അതും കിട്ടാനില്ലാത്തതാണ് പ്രശ്നം.
നഗരസഭ പ്രാൺ പദ്ധതി ആവിഷ്കരിച്ച് സിലിണ്ടർ വാങ്ങാൻ ജനങ്ങളിൽനിന്ന് ഫണ്ട് സ്വരൂപിക്കുന്നുണ്ട്.
ചാലക്കുടി സെൻറ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മുക്കാട്ടുകരക്കാരെൻറ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ നൽകി. ചാലക്കുടി കല്ലിങ്കൽ ഫാമിലി ട്രസ്റ്റും ഒരു ലക്ഷം രൂപ നൽകി. കല്യാൺ ഗ്രൂപ് അഞ്ച് ഓക്സിജൻ സിലിണ്ടറും ചാലക്കുടി എസ്.എച്ച് കോളജ് രണ്ട് സിലിണ്ടറും നൽകി. വെട്ടുകടവ് വാസ്കോ ക്ലബ് തുടങ്ങിയവരും സിലിണ്ടർ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.