തായ്വാനിൽ മരിച്ച അനീഷിന്റെ മൃതദേഹവും കാത്ത് കുടുംബം
text_fieldsചാലക്കുടി: തായ് വാനിൽ അപകടത്തിൽ മരിച്ച പരിയാരം സ്വദേശിയായ യുവാവിന്റെ മൃതദേഹത്തിനുള്ള കാത്തിരിപ്പിൽ കുടുംബം. പരിയാരം വേളൂക്കര വട്ടോലി അന്തോണിക്കുട്ടിയുടെ മകൻ അനീഷ് (35) ആണ് മരിച്ചത്. ഈ മാസം 10നാണ് അനീഷ് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്ന് വീണുമരിച്ചതായി കുടുംബത്തിന് ഫോണിൽ വിവരം ലഭിച്ചത്. പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ഇതോടെ ചിറകു കരിഞ്ഞ് നിലംപൊത്തിയത്.
ജീവിതം കരുപ്പിടിപ്പിക്കാൻ ഡ്രൈവർ ജോലി സ്വപ്നം കണ്ടാണ് അനീഷ് തായ്വാനിലേക്ക് പോയത്. ബാങ്ക് വായ്പയെടുത്ത 3.50 ലക്ഷത്തോളം രൂപ കോഴിക്കോട്ടെ ട്രാവൽ ഏജൻസിക്ക് നൽകിയിരുന്നു. എന്നാൽ അനീഷ് കബളിപ്പിക്കപ്പെടുകയായിരുന്നു. ലേബർ വിസയല്ല, മൂന്ന് മാസത്തെ വിസ മാത്രമാണ് ഏജൻസി നൽകിയത്. തുടർന്ന് ജോലി കണ്ടെത്താൻ അവിടെ കഷ്ടപ്പെട്ടു. എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ കെട്ടിട നിർമാണ ജോലി ചെയ്തുവരുമ്പോഴാണ് നിർഭാഗ്യകരമായ അപകടം ഉണ്ടായത്.
മരത്തിൽനിന്ന് വീണ് പരിക്കേറ്റ് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് പിതാവ് അന്തോണിക്കുട്ടി. രോഗിയാണ് അമ്മ. രണ്ട് സഹോദരിമാരുള്ളവർ വിവാഹം കഴിഞ്ഞുപോയി. മറ്റ് സാമ്പത്തിക സ്രോതസ്സുകളില്ലാത്ത കുടുംബം ദുരിതക്കയത്തിലാണ്. നേരത്തെ ഗൾഫിൽ പോയ അനീഷ് ജോലി കിട്ടാതെ തിരിച്ചെത്തിയിരുന്നു. നാട്ടിൽ വിവിധ ജോലികൾ ചെയ്തു വരുമ്പോൾ കോഴിക്കോട്ടെ ഏജൻസിയുടെ പരസ്യം കണ്ട് കടമെടുത്ത് തായ്വാനിൽ പോയത്.
ഏക മകന്റെ മൃതദേഹമെങ്കിലും ഒരു നോക്ക് കാണാൻ വഴികണ്ണുമായി കാത്തിരിക്കുകയാണ് മാതാപിതാക്കൾ. നിയമക്കുരുക്കുകൾ ഉള്ളതിനാൽ മൃതദേഹം നാട്ടിലെത്തിക്കുക എളുപ്പമല്ലെന്നും ഒരു മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും ബന്ധപ്പെട്ടവർ പറയുന്നു. കടബാധ്യതയിൽ കുടുങ്ങിയ കുടുംബം സാമ്പത്തികമായും പിന്തുണ തേടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.