പാട്ട് നിലച്ചു, പരമേട്ടൻ യാത്രയായി
text_fieldsചാലക്കുടി: അന്നമനടയുടെ സംഗീതപാരമ്പര്യത്തെ വളർത്തുകയും ഉയർത്തുകയും ചെയ്ത പ്രതിഭാശാലിയായ സംഗീതജ്ഞനായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ അന്നമനട പരമേശ്വരൻ. പാലക്കാട് മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് കുറച്ചു നാളുകളായി പാലക്കാടായിരുന്നു താമസം.
പതിറ്റാണ്ടുകൾക്ക് മുമ്പ് കലയെ ആത്മാവിഷ്കാരത്തിനായുള്ള ഉപാധിയും ഉപാസനയും തപസ്സുമായി കൊണ്ടുനടന്ന സംഗീതജ്ഞനായിരുന്നു പരമേട്ടൻ. അന്നമനട, ചാലക്കുടി, മാള എന്നിവിടങ്ങളിലായിരുന്നു പരമേട്ടന്റെ കലാപ്രവർത്തനങ്ങൾ പ്രധാനമായും അരങ്ങേറിയിരുന്നത്.
ഗ്രാമങ്ങളിൽ അമച്വർ നാടക സംഘങ്ങൾ അരങ്ങ് വാണിരുന്ന കാലത്ത് അന്നമനട പരമൻ വായ്പാട്ടിലും ഹാർമോണിയത്തിലും രൂപം നൽകിയ നാദവീചികൾ സംഗീതപ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. അക്കാലത്ത് പ്രദീപ് അഷ്ടമിച്ചിറയും മാള അരവിന്ദനും ചേർന്ന് പരമേട്ടൻ സൃഷ്ടിച്ച നാടകഗാനങ്ങളും ലളിതഗാനങ്ങളും ആസ്വാദകരുടെ ഹൃദയം കവർന്നു.
ക്ഷേത്രങ്ങളുടെ ഉത്സവ പറമ്പുകളിലും പള്ളികളിലെ പെരുന്നാൾ വേദികളിലും ഇവർ തിളങ്ങി. നിരവധി നാടകങ്ങളുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും പുതിയ തലമുറയെ സംഗീത വിദ്യ അഭ്യസിപ്പിക്കുകയും ചെയ്തത് പരമേട്ടന്റെ കലാജീവിതത്തിന്റെ നേട്ടങ്ങളിൽ പ്രധാനമാണ്.
അടുത്ത കാലം വരെ പരമേട്ടന്റെ നേതൃത്വത്തിൽ ഗാർഹികമായ സൗഹൃദ സദസ്സുകളിൽ സംഗീതമേളകൾ നടത്തിയിരുന്നു. ഒരു വർഷം മുമ്പ്, ശിഷ്യഗണങ്ങൾ ഒത്തുചേർന്ന് അദ്ദേഹത്തിന്റെ പഴയ ആ ഗാനങ്ങളിൽ ചിലത് വീണ്ടെടുത്ത് 'മണിമുകിലേ മറന്നുവോ നീ' എന്ന പേരിൽ ആൽബമായി ഇറക്കിയത് സംഗീത ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്നമനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പരമേട്ടനെ ആദരിക്കു കയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.