മണ്ഡല പരിചയം: വീഴ്ത്തിയും വാഴിച്ചും ചാലക്കുടി
text_fieldsചാലക്കുടി: 1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ അത്ര പ്രമുഖനല്ലാത്ത എതിരാളിയോട് തോറ്റപ്പോൾ കേരളത്തിലെ കോൺഗ്രസ് ആചാര്യനും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ പ്രതികരിച്ചത് ഒരു പഴത്തൊലിയിൽ ചവിട്ടി വീണുവെന്നാണ്. ചരിത്രപ്രസിദ്ധമായ ഫലിതം ആവർത്തിക്കപ്പെടുകയാണ്. ചാലക്കുടിയിൽ എപ്പോഴാണ് വീഴുക എപ്പോഴാണ് വാഴുക എന്നൊന്നും ഒരു മുന്നണിക്കും ഒരു സ്ഥാനാർഥിക്കും ഇന്നും ഉറപ്പിക്കാനാവില്ല. വർഗീയത, ജനാധിപത്യ ബോധത്തിെൻറ ഉയിർത്തെഴുന്നേൽപ്, സഹതാപതരംഗം, വികസനമുരടിപ്പ് എന്നിവയെല്ലാം വിവിധ തെരഞ്ഞെടുപ്പുകളിൽ പഴത്തൊലികളായിട്ടുണ്ട്. ഇടതിനെയും വലതിനെയും തുടർച്ചയായി കുറച്ചുകാലം വിജയിപ്പിക്കുന്ന പാരമ്പര്യമാണ് മണ്ഡലത്തിനുള്ളത്.
എട്ടുതവണ ഇടതുപക്ഷവും ഏഴു പ്രാവശ്യം കോൺഗ്രസിനൊപ്പവും കൂടി. പനമ്പിള്ളി ഗോവിന്ദമേനോെൻറ തട്ടകമെന്നനിലയിൽ ചാലക്കുടി കോൺഗ്രസ് മണ്ഡലമാണെന്ന് അവകാശമുന്നയിക്കാറുണ്ട്. എന്നാൽ, കർഷക-കമ്പനി തൊഴിലാളികളുടെ സംഘടനാപ്രവർത്തനത്താൽ ഇടതുപക്ഷത്തിന് ഇവിടെ അടിത്തട്ടിൽ വേരോട്ടമുണ്ട്.
പരിയാരം കർഷകസമരത്തിെൻറ ആവേശം 1957ലെ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചപ്പോൾ ഹരിജൻ സംവരണത്തിൽ സി.പി.ഐയിലെ പി.കെ. ചാത്തൻ മാസ്റ്ററും പി.എസ്.പിയിലെ സി.ജി. ജനാർദനനും വിജയിക്കുകയായിരുന്നു. എന്നാൽ, വിമോചനസമരത്തെ തുടർന്നുള്ള സംഭവവികാസങ്ങളാൽ ഇടതുമുന്നണിക്ക് മണ്ഡലം നഷ്ടപ്പെട്ടു. പിന്നെ ഇടതിന് 1977വരെ കാത്തിരിക്കേണ്ടിവന്നു.
അടിയന്തരാവസ്ഥയെ തുടർന്ന് കേരളത്തിലെ മിക്കവാറും മണ്ഡലങ്ങൾ യു.ഡി.എഫ് പക്ഷത്ത് നിന്നപ്പോൾ ചാലക്കുടി മാറിച്ചിന്തിച്ചു. അതോടെ തുടർച്ചയായി എം.എൽ.എ ആയിരുന്ന കോൺഗ്രസിലെ പി.പി. ജോർജ് വീണു. ഇടതുപക്ഷത്തുനിന്ന് മത്സരിച്ച് കേരള കോൺഗ്രസിലെ പി.കെ. ഇട്ടൂപ്പ് വിജയിക്കുകയും ചെയ്തു.
'80ൽ പി.കെ. ഇട്ടൂപ്പുതന്നെ വീണ്ടും എം.എൽ.എയായി. എന്നാൽ, 1882ൽ ഇട്ടൂപ്പ് യു.ഡി.എഫ് പക്ഷത്തേക്ക് മാറി മത്സരിച്ചപ്പോൾ ജനതാപാർട്ടിയിലെ കെ.ജെ. ജോർജിനെ ചാലക്കുടി തെരഞ്ഞെടുത്തു.
പിന്നീട് രാജീവ് തരംഗത്തിൽ റോസമ്മ ചാക്കോയെ മത്സരിപ്പിച്ച് 1991ലാണ് കോൺഗ്രസ് ചാലക്കുടി പിടിച്ചെടുത്തത്. രണ്ടു തവണ വിജയിച്ച കോൺഗ്രസിലെ സാവിത്രി ലക്ഷ്മണനെ തോൽപിച്ച് 2006ൽ സി.പി.എമ്മിലെ ബി.ഡി. ദേവസിയെ എം.എൽ.എ ആക്കിയതോടെ വീണ്ടും ചാലക്കുടി ഇടത്തോട്ടുമാറി. 2011ലും 2016ലും കൂടി വിജയിച്ച ബി.ഡി. ദേവസിയാണ് ഏറ്റവും കൂടുതൽ കാലം ചാലക്കുടി എം.എൽ.എ ആയത്. കോൺഗ്രസിലെ പി.പി. ജോർജും മൂന്നുവട്ടം വിജയിച്ചെങ്കിലും 1965ലെ തെരഞ്ഞെടുപ്പിൽ നിയമസഭയിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലും പിരിച്ചുവിട്ടതിനാലും എം.എൽ.എ ആകാനായില്ല.
തുടർച്ചയായി ഒരു മുന്നണിയെ വിജയിപ്പിക്കുന്നതോടൊപ്പം ഒരാൾക്കുതന്നെ ഒന്നിൽ കൂടുതൽ അവസരം നൽകുക എന്ന പ്രവണതകൂടി മണ്ഡലം പ്രകടിപ്പിച്ച് പോന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സന്നാഹങ്ങൾ മുറുകുമ്പോൾ ബി.ഡി. ദേവസിക്ക് തന്നെ നാലാം ഊഴം നൽകണമോ എന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്. എന്നാൽ, ചാലക്കുടിയുടെ സ്പന്ദനം അറിയുന്ന പ്രാദേശിക സ്ഥാനാർഥിയെ നിർത്തി തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാൻ യു.ഡി.എഫ് കരുക്കൾ നീക്കിത്തുടങ്ങി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആറു പഞ്ചായത്തുകൾ ഇടതുപക്ഷവും നഗരസഭയും ഒരു പഞ്ചായത്തും യു.ഡി.എഫും പിടിച്ചെടുത്തിട്ടുണ്ടെങ്കിലും നിയമസഭയിലേക്ക് ഏത് മുന്നണിയെ പറഞ്ഞയക്കണമെന്ന് ചാലക്കുടി മനസ്സ് തുറന്നിട്ടില്ല.
നിയമസഭ ഇതുവരെ
1957
പി.കെ. ചാത്തൻ (കമ്യൂണിസ്റ്റ്) 43,454
സി.ജെ. ജനാർദനൻ (പി.എസ്.പി) 42,997
ഭൂരിപക്ഷം -457
1960
സി.ജെ. ജനാർദനൻ (പി.എസ്.പി) 66,618
കെ.കെ. ബാലകൃഷ്ൺ (കോൺ) 66,454
ഭൂരിപക്ഷം -164
1965
പി.പി. ജോർജ് (കോൺ) 18,873
ബി.സി. വർഗീസ് (സ്വത) 14,165
ഭൂരിപക്ഷം -4708
1967
പി.പി. ജോർജ് (കോൺ) 26,568
പി.കെ. ചാത്തൻ (സി.പി.ഐ) 23,107
ഭൂരിപക്ഷം -3461
1970
പി.പി. ജോർജ് (കോൺ) 32,223
ടി.എൽ. ജോസഫ് (സ്വത) 22,794
ഭൂരിപക്ഷം -9429
1977
പി.കെ. ഇട്ടൂപ്പ് (കെ.സി.പി.ജി) 33,581
പി.പി. ജോർജ് (കോൺ) 25,968
ഭൂരിപക്ഷം -7613
1980
പി.കെ. ഇട്ടൂപ്പ് (കെ.സി.പി.ജി) 30,786
പി.എ. തോമസ് (കോൺ) 30,657
ഭൂരിപക്ഷം -129
1982
കെ.ജെ. ജോർജ് (ജനത) 33,492
പി.കെ. ഇട്ടൂപ്പ് (കെ.സി.എം) 28,789
ഭൂരിപക്ഷം -4703
1987
കെ.ജെ. ജോർജ് (ജനത) 39,389
ജെ.കെ. റപ്പായി (കെ.സി.ജെ) 34,996
ഭൂരിപക്ഷം -4393
1991
റോസമ്മ ചാക്കോ (േകാൺ) 49,482
ജോസ് പെനാടത്ത് (ജെ.ഡി) 42,742
ഭൂരിപക്ഷം -6740
1996
സാവിത്രി ലക്ഷ്മണൻ (കോൺ) 48,810
പ്രഫ. എം.എം. ജോസഫ് (ജെ.ഡി) 37,644
ഭൂരിപക്ഷം -11,166
2001
സാവിത്രി ലക്ഷ്മണൻ (കോൺ) 51,606
എം.എ. പൗലോസ് (ജെ.ഡി.എസ്) 40,944
ഭൂരിപക്ഷം -10,662
2006
ബി.ഡി. ദേവസി (സി.പി.എം) 51,378
സാവിത്രി ലക്ഷ്മണൻ (കോൺ) 36,823
ഭൂരിപക്ഷം -14,555
2011
ബി.ഡി. ദേവസി (സി.പി.എം) 63,610
കെ.ഡി. ബെന്നി (കോൺ) 61,061
ഭൂരിപക്ഷം 2549
2016
ബി.ഡി. ദേവസി (സി.പി.എം) 74,251
ടി.യു. രാധാകൃഷ്ണൻ (കോൺ) 47,603
ഭൂരിപക്ഷം 26,648
2019 ലോക്സഭ
ബെന്നി ബെഹനാൻ (കോൺ) - 4,73,444
ഇന്നസെൻറ് (സി.പി.എം) - 3,41,170
ഭൂരിപക്ഷം - 1,32,274
തദ്ദേശസ്ഥാപന കക്ഷിനിലചാലക്കുടി നഗരസഭ:
എൽ.ഡി.എഫ് -22, എൻ.ഡി.എ - 21, യു.ഡി.എഫ് - 01
ഗ്രാമപഞ്ചായത്തുകൾ:
കൊടകര: എൽ.ഡി.എഫ് - 09, യു.ഡി.എഫ് - 03 എൻ.ഡി.എ - 04
അതിരപ്പിള്ളി: എൽ.ഡി.എഫ് - 06, യു.ഡി.എഫ് - 03, എൻ.ഡി.എ - 01
മേലൂർ: എൽ.ഡി.എഫ് - 08, യു.ഡി.എഫ് - 04, എൻ.ഡി.എ - 03
പരിയാരം: എൽ.ഡി.എഫ് - 07, യു.ഡി.എഫ് - 02
കൊരട്ടി: എൽ.ഡി.എഫ് - 09, യു.ഡി.എഫ് - 05
കാടുകുറ്റി: എൽ.ഡി.എഫ് - 10, യു.ഡി.എഫ് - 06
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.