തുലാവർഷം: ചാലക്കുടിപ്പുഴയിലെ ഡാമുകളിലെ അധികജലം ഒഴിവാക്കാൻ നിർദേശം
text_fieldsചാലക്കുടി: തുലാവർഷം ശക്തമാകും മുമ്പ് ചാലക്കുടിപ്പുഴയിലെ ഡാമുകളിലെ അധികജലം ഒഴിവാക്കാൻ കലക്ടറുടെ നിർദേശം. ഡാമുകളിലെ ജലനിരപ്പ് പൂർണ സംഭരണ ശേഷിയിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്.
തുലാവർഷം കനത്താൽ അപ്രതീക്ഷിതമായി വെള്ളം തുറന്ന് വിട്ട് ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടി. ഇതു പ്രകാരം ഷോളയാർ ഡാമിൽനിന്നും പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും നിയന്ത്രിതമായ അളവിൽ ജലം വരും ദിവസങ്ങളിൽ തുറന്നു വിട്ടേക്കാം. പെരിങ്ങലിൽ വൈദ്യുതോൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് അൽപം ഉയർന്നിട്ടുണ്ട്.
പെരിങ്ങൽകുത്ത് മേഖലയിൽ ചെറിയ രീതിയിൽ മഴ പെയ്യുന്നുണ്ട്. ഷോളയാർ മേഖലയിൽ ഭേദപ്പെട്ട മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഷോളയാറിൽ 56 എം.എം മഴ പെയ്തിരുന്നു. ഷോളയാർ റിസർവോയറിലെ 19 ശനിയാഴ്ച ജലനിരപ്പ് 2662.10 അടിയായിരുന്നു. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നിലവിൽ മഴപ്പെയ്യുന്നില്ലെങ്കിലും ചെറിയ തോതിൽ നീരൊഴുക്കുണ്ടെന്നും വരുംദിവസങ്ങളിൽ മഴപെയ്ത് നീരൊഴുക്ക് വർധിച്ച് ഡാമിലെ ജലനിരപ്പ് പൂർണ സംഭരണശേഷിയായ 2663 അടിയിൽ എത്താനിടയുണ്ടെന്നും കരുതപ്പെടുന്നു. അങ്ങനെയെങ്കിൽ ഡാമിൽ നിന്നും ഘട്ടം ഘട്ടമായി പരമാവധി 100 ക്യുമെക്സ് വരെ അധികജലം തുറന്നുവിടുന്നതിന് കലക്ടർ നിർദേശിച്ചിട്ടുണ്ട്.
ഷോളയാറിലെ അധികജലം പൊരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ വെള്ളത്തിന്റെ അളവ് ക്രമീകരിക്കാനാണ് നിർദേശം. പകൽ സമയം രാവിലെ ആറിന് ശേഷവും വൈകീട്ട് ആറ് മണിക്ക് മുൻപുമുള്ള സമയത്തും ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയും മാത്രം കേരള ഷോളയാർ ഡാമിലെ ഒഴുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഇടമലയാർ റിസർച്ച് ആൻഡ് ഡാം സേഫ്റ്റി ഡിവിഷൻ നമ്പർ-രണ്ട് അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് കലക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.