ഭാരമേറിയ വാഹനങ്ങൾക്ക് നിരോധനം: പരിയാരം കണ്ണുരുട്ടി; പീലാർമുഴിയിലെ മണ്ണെടുപ്പ് നിലച്ചു
text_fieldsചാലക്കുടി: പരിയാരം പഞ്ചായത്ത് നിലപാട് കടുപ്പിച്ചതോടെ ദേശീയപാതയിലെ അടിപ്പാത നിർമാണത്തിനായുള്ള മണ്ണെടുപ്പ് പ്രതിസന്ധിയിലായി. പീലാർമുഴി റോഡിലൂടെ 10 ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കില്ലെന്ന് പഞ്ചായത്ത് കർശന നിലപാട് എടുത്തതോടെയാണ് മണ്ണെടുപ്പ് നിലച്ചത്. ഇതേതുടർന്ന് മണ്ണ് ഖനനം ചെയ്യുന്ന സ്ഥലത്ത് ലോഡ് ചെയ്ത ടോറസ് ലോറികളിലെ മണ്ണ് തിരിച്ചിറക്കി.
മോതിരക്കണ്ണിയിൽ എൽ.ജെ.ഡി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സമരസമിതി നാലാം ദിവസവും മണ്ണെടുപ്പിനെതിരെ സമരം തുടർന്നു. വ്യാഴാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും ക്വാറിയിൽ പ്രതിഷേധവുമായെത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ലോഡുമായി ടോറസുകൾ ആദ്യത്തെ ഒരു വട്ടം ചാലക്കുടിയിലേക്ക് മണ്ണടിച്ചിരുന്നു. രണ്ടാംതവണ ലോഡുമായി വന്ന വാഹനങ്ങളെ മോതിരക്കണ്ണി പള്ളിയുടെ മുൻവശത്ത് കഴിഞ്ഞദിവസത്തെ പോലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തി തടഞ്ഞുവച്ചു. കഴിഞ്ഞദിവസം പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
ഇത്തവണയും ചാലക്കുടി പൊലീസ് ഇവരെ നീക്കംചെയ്യാൻ എത്തിയെങ്കിലും പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ശിവദാസനടക്കമുള്ള പഞ്ചായത്തംഗങ്ങൾ പൊലീസ് നടപടിയെ ചോദ്യം ചെയ്തു.
10 ടണ്ണിൽ അധികം ഭാരമുള്ള വാഹനങ്ങൾ പീലാർമുഴി റോഡിലൂടെ കടന്നു പോവുന്നത് നിരോധിച്ചതായി ഇവർ പൊലീസിനോട് പറഞ്ഞു. ഇതേതുടർന്ന് നിരോധന ഉത്തരവ് രേഖാമൂലം കാണണമെന്ന് പഞ്ചായത്ത് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു. ഇതേതുടർന്ന് പഞ്ചായത്ത് അധികൃതർ ഓഫിസിൽ പോയി രേഖയുമായി വരുന്നതുവരെ മണ്ണ് ലോഡ് നിറച്ച ലോറികൾ റോഡിൽ നിർത്തിയിട്ടു.
ഒടുവിൽ പഞ്ചായത്ത് അധികൃതർ ഉത്തരവുമായി വന്നതോടെ ലോറി തടഞ്ഞവർക്കെതിരെ നടപടിയെടുക്കാനാവാതെ പൊലീസ് നിസഹായരായി പിന്മാറി. കേവലം ആറ് മീറ്റർ വീതിയുള്ള പീലാർമുഴി റോഡിൽ 10 ടണ്ണിൽ അധികം ഭാരമുള്ള വാഹനങ്ങൾ കടത്തി വിടാനാവില്ലെന്ന പഞ്ചായത്തിന്റെ ഉത്തരവ് ലംഘിക്കാനാവില്ലെന്ന് പൊലീസും ഫലത്തിൽ സമ്മതിച്ചു. മണ്ണ് കുത്തിനിറച്ച് 20 ടണ്ണോളം ഭാരമുള്ളതായിരുന്നു ടോറസ് ലോറികളിലെ ലോഡ്.
കഴിഞ്ഞ ദിവസങ്ങളിൽ ലോഡുകൾ കൊണ്ടുപോകാൻ തുടങ്ങിയതോടെ രണ്ട് കിലോമീറ്ററിലധികമുള്ള ഈ റോഡ് തകർന്നിരുന്നു. ഒരുകൽവർട്ടും പാലവും ഇതിനെ തുടർന്ന് തകർച്ചയിലാണ്. തടഞ്ഞിട്ട ലോറികൾ പിന്നീട് കടന്നുപോകാൻ തൽക്കാലം അനുവദിച്ചെങ്കിലും പിന്നീട് മണ്ണെടുപ്പ് നടന്നില്ല.
പീലാർമുഴിയിൽ നിന്ന് രണ്ട് കിലോമീറ്ററിലധികം പഞ്ചായത്തു റോഡിലൂടെയല്ലാതെ ടോറസ് ലോറികൾക്ക് പോകാനാവില്ല. നഷ്ടം സഹിച്ച് താരതമ്യേന ഭാരം കുറഞ്ഞ ടിപ്പർ ലോറികളിൽ വേണമെങ്കിൽ മണ്ണ് കൊണ്ടുപോകാനുള്ള സാധ്യതയാണ് ഇപ്പോൾ കരാറുകാരന് മുന്നിലുള്ളത്.
എങ്കിലും മണ്ണെടുപ്പിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് പഞ്ചായത്ത്. മണ്ണെടുക്കുന്ന സ്ഥലം വനാതിർത്തിയിൽനിന്നും ഇറിഗേഷൻ മെയിൻ കനാൽ പരിധിയിൽനിന്നും അംഗീകൃതമായ അകലം പാലിച്ചിട്ടില്ലെന്ന വാദമാണ് പഞ്ചായത്ത് മുന്നോട്ട് വയ്ക്കാനൊരുങ്ങുന്നത്.
പരിയാരം പഞ്ചായത്ത് ഭാരവാഹികൾക്ക് സ്വീകരണം
ചാലക്കുടി: പരിയാരം പഞ്ചായത്ത് റോഡുകൾക്കും പാലത്തിനും ഒരുകോടി രൂപയിലധികം നഷ്ടമുണ്ടാക്കിയ മണ്ണ് കയറ്റിയ ടോറസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവദാസ്, വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, പഞ്ചായത്തംഗങ്ങളായ എ.എസ്. രാധാകൃഷ്ണൻ, എം.സി. വിഷ്ണു എന്നിവർക്ക് മോതിരക്കണ്ണിയിലെ മണ്ണെടുപ്പിനെതിരെയുള്ള സമരപ്പന്തലിൽ സ്വീകരണം നൽകി.
പരിസ്ഥിതി പ്രവർത്തക പ്രഫ. കുസുമം ജോസഫ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി ജില്ല പ്രസിഡന്റ് യൂജിൻ മോറേലി അധ്യക്ഷത വഹിച്ചു. എൻ.സി. ബോബൻ, കെ.എൽ. ജോസ്, പി.സി. ജോണി, ജോയ് പോട്ടോക്കാരൻ, പി.കെ. മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.