സൂക്ഷിക്കണം, റോഡ് നിറയെ മരണക്കെണിയാണ്
text_fieldsചാലക്കുടി: അതിരപ്പിള്ളി റോഡിൽ പരിയാരം മേഖലയിൽ കുരിശ് ജങ്ഷൻ മുതൽ കപ്പത്തോട് പാലം വരെ അപകടക്കെണികൾ. ഒരു കിലോമീറ്റർ ദൂരത്തിൽ തുടർച്ചയായ അപകടങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പരിയാരം എത്തുന്നതിന് തൊട്ടുമുമ്പുള്ള വലിയ വളവ് മുതൽ അപകട മേഖല ആരംഭിക്കുന്നു. നാല് വലിയ വളവുകളാണ് മേഖലയിലുള്ളത്.
പരിയാരം ജങ്ഷനിലെ റോഡിന്റെ വീതി കുറവാണ് മറ്റൊരു പ്രശ്നം. കൂടാതെ അതിരപ്പിള്ളിയിലേക്കുള്ള വിനോദ സഞ്ചാരികളുടേത് അടക്കമുള്ള യാത്രാവാഹനങ്ങളുടെ അമിതവേഗവും അപകടങ്ങൾക്ക് കാരണമാകുന്നു. ഇവിടെ ബൈപസ് നിർമിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പരിയാരം സർവിസ് സഹകരണ ബാങ്കിന് മുന്നിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന ട്രാൻസ്ഫോർമറിൽ കഴിഞ്ഞദിവസം നിയന്ത്രണം വിട്ട് ബൈക്കിടിച്ച് രണ്ട് യുവാക്കൾ ദാരുണമായി മരിച്ചിരുന്നു.
റോഡിൽനിന്ന് ഈ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ കുറേ നാളായി ആവശ്യപ്പെടുന്നുണ്ട്. യുവാക്കൾ മരിച്ചശേഷം കെ.എസ്.ഇ.ബി അടിയന്തരമായി ട്രാൻസ്ഫോർമറിന്റെ ഒരു കാൽ അൽപം മാറ്റിസ്ഥാപിച്ചു. പക്ഷേ, ഇത് ശാശ്വത പരിഹാരമല്ല.
പരിയാരം സി.എസ്.ആർ വളവാണ് ഈ മേഖലയിലെ മറ്റൊരു അപകട കേന്ദ്രം. സമീപകാലത്ത് മരത്തിൽ കാറിടിച്ച് രണ്ടുപേർ മരിച്ചതടക്കം നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. അപകട വളവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം പൗരസമിതി പ്രവർത്തകർ പ്രതിഷേധത്തിലാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഇവിടെ സന്ദർശനം നടത്തിയിരുന്നെങ്കിലും പരിഹാരം ഒന്നും ആയിട്ടില്ല. ഈ വളവിൽ റോഡ് ഡബിൾ ലൈൻ ആക്കുക മാത്രമേ പരിഹാരമുള്ളൂ. അതിനായി ഇവിടെ വനം വകുപ്പിന്റെ സ്ഥലം ഉപയോഗപ്പെടുത്താമെന്ന് നിർദേശം ഉയരുന്നുണ്ട്.
അതുപോലെ തന്നെ അപകട വളവാണ് പൂവ്വത്തിങ്കൽ പാലത്തിന് സമീപമുള്ളതും. രണ്ട് വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകുന്ന പാലം വളരെ ഇടുങ്ങിയതാണ്. കപ്പത്തോട് പാലത്തിന്റെ കൈവരിയിലൂടെ വാട്ടർ അതോറിറ്റി അശാസ്ത്രീയമായി പൈപ്പുകൾ സ്ഥപിച്ചിരിക്കുന്നത് അപകട സാധ്യത ഇരട്ടിപ്പിക്കുന്നു.
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിലേക്കുള്ള യാത്ര അപകടരഹിതമാക്കാൻ കപ്പത്തോട് പാലം വീതി കൂട്ടി നിർമിക്കേണ്ടതുണ്ട്. ഇവിടെ തൊട്ടപ്പുറത്ത് പഴയ പാലത്തിന്റെ റോഡ് വികസിപ്പിച്ച് വൺവേ ആക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.