സൗന്ദര്യപിണക്കത്തിൽ കുരുങ്ങി പരിഷ്കാരം: ചാലക്കുടിയിലെ ഗതാഗത പരിഷ്കാരം പൂർണമായി നടപ്പാക്കാനായില്ല
text_fieldsചാലക്കുടി: പോട്ട സുന്ദരിക്കവലയിലെ പ്രശ്നങ്ങളിൽ കുരുങ്ങി ചാലക്കുടി നഗരത്തിൽ ശിപാർശ ചെയ്ത ഗതാഗത പരിഷ്കാരം പൂർണതോതിൽ നടപ്പാക്കൽ വൈകുന്നു. അടിപാത നിർമാണം പൂർത്തിയായ സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച് സർവകക്ഷിയോഗം ശിപാർശ നൽകിയിരുന്നു. പോട്ട സുന്ദരി കവല ഭാഗത്തുണ്ടാകുന്ന തുടർച്ചയായ അപകടങ്ങളെ തുടർന്ന് പൊലീസ് കിഴക്കുവശത്തെ സർവിസ് റോഡിൽ വൺവേ ഗതാഗതം മതിയെന്ന് നിർബന്ധം പിടിച്ചത് പ്രദേശവാസികളുടെ എതിർപ്പിന് കാരണമായി. പരിഷ്കാരത്തിനെതിരെ പ്രദേശവാസി കോടതിയെ സമീപിച്ചതായും പറയുന്നു.
പോട്ട ആശ്രമം കവലയിൽ കിഴക്കുവശത്തെ സർവിസ് റോഡുവഴി വടക്കോട്ട് പോകുന്ന ബസ് സർവിസ് ഒഴിവാക്കി പടിഞ്ഞാറ് ഭാഗത്തുകൂടി ആക്കണമെന്ന് പൊലീസ് നിർദേശം നഗരസഭ ചെയർമാൻ തൽക്കാലം നടപ്പാക്കേണ്ടെന്ന് പറഞ്ഞെങ്കിലും പൊലീസ് വഴങ്ങിയില്ല. പോട്ട ഭാഗത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇവിടെ കിഴക്കുഭാഗത്തെ സർവിസ് റോഡ് വീതികൂട്ടി ഇരുഭാഗത്തേക്കുമുള്ള സർവിസ് നടത്താനും അപകടങ്ങൾ ഒഴിവാക്കാൻ ദേശീയപാതയിൽനിന്ന് സർവിസ് റോഡിലേക്കുള്ള പ്രവേശനമാർഗം കുറക്കാനും സർവിസ് റോഡ് വീതി കൂട്ടുന്ന നടപടി വേഗത്തിലാക്കാനുമാണ് പരിഹാര നിർദേശം.
എന്നാൽ സർവിസ് റോഡ് വീതി കൂട്ടണമെങ്കിൽ പരിസരവാസികൾ മതിൽ പൊളിച്ച് സ്ഥലം വിട്ടു നൽകണം. ഇതിന് ഏതാനും സ്ഥലമുടമകൾ സമ്മതം മൂളിയിട്ടുണ്ടെങ്കിലും അതിരുകളിലെ തേക്ക് അടക്കമുള്ള മരങ്ങൾ മുറിച്ചുനീക്കുന്നതിൽ നിയമപ്രശ്നം ഉള്ളതിനാൽ നീളും. അതേസമയം ചാലക്കുടി നഗരത്തിൽ ട്രാഫിക് പരിഷ്കാരം ചെറിയരീതിയിൽ തുടക്കമായിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കാൻ സാധിക്കൂ. റയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് വരുത്ത സ്വകാര്യ ബസുകളും മറ്റും അടിപ്പാത വഴി ആനമല ജങ്ഷൻ, നോർത്ത് ജങ്ഷന് വഴി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പോകാൻ തുടങ്ങിയത് മാത്രമാണ് ആകെ നടപ്പായത്. ആനമല ജങ്ഷനിലെ നോർത്ത് ബസ് സ്റ്റാൻഡിൽനിന്നും ബസ് സർവിസുകൾ ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.