തൊഴിലുറപ്പ് തൊഴിലാളികളെ തേനീച്ച ആക്രമിച്ചു; 13 പേർക്ക് കുത്തേറ്റു
text_fieldsചാലക്കുടി: കുറ്റിച്ചിറയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ 13 പേരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 9.30ഓടെ കൂർക്കമറ്റം പാടത്തായിരുന്നു സംഭവം. 27 അംഗ തൊഴിലുറപ്പ് തൊഴിലാളി സംഘം കൂർക്കമറ്റം പാടത്ത് ജോലിക്കെത്തിയതായിരുന്നു.
ശീലാവതി എന്ന തൊഴിലാളിക്കാണ് ആദ്യം കുത്തേറ്റത്. ഇവരെ രക്ഷിക്കാനെത്തിയ മറ്റുള്ളവർക്കു നേരെയും തേനീച്ചകൾ തിരിയുകയായിരുന്നു. തുടർന്ന് തീ കത്തിച്ചാണ് തേനീച്ചകളെ ഓടിച്ചുവിട്ടത്. കുത്തേറ്റ പലരും രക്ഷപ്പെടാൻ സമീപത്തെ തോട്ടിലേക്ക് എടുത്ത് ചാടി.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.കുണ്ടുകുഴിപ്പാടം സ്വദേശികളായ വെള്ളക്കിളി വീട്ടിൽ ശീലാവതി (50), അടൂപ്പറമ്പിൽ വത്സ രാജൻ (56), മാരാംകോട് സ്വദേശികളായ മൂത്തേടൻ വീട്ടിൽ എൽസി ജോർജ് (55), ചീരൻ വീട്ടിൽ ഡെയ്‌സി ഔസേപ്പ് (50) എന്നിവർക്കാണ് ഗുരുതര കുത്തേറ്റത്.
കൂർക്കമറ്റം സ്വദേശികളായ കോഴിപാടത്ത് മല്ലിക സുബ്രൻ (55), കൊല്ലേലി വീട്ടിൽ ശാന്ത ചന്ദ്രൻ (55), പോട്ടശേരി സുലോചന വിക്ടര്‍ (50), സ്ഥാനക്കാരന്‍ വീട്ടില്‍ കാളിക്കുട്ടി (55), പുതുക്കാടൻ വീട്ടില്‍ ഉഷ സുരേന്ദ്രൻ (50), കുണ്ടുകുഴിപ്പാടം സ്വദേശികളായ കുന്നപ്പിള്ളി വീട്ടില്‍ പുഷ്പ രാമചന്ദ്രൻ (53), പെരുമ്പടത്തി വീട്ടിൽ പങ്കജം (56), ഐക്കരത്ത് വീട്ടിൽ രാധ ജയകൃഷ്ണൻ (53), മാരാകോട് പള്ളിപ്പാടന്‍ വീട്ടില്‍ ലൂസി ഡേവീസ് (50) എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.