പൂലാനിയിലെ ഈച്ചകൾ: അന്വേഷണസംഘം സാമ്പിൾ ശേഖരിച്ചു
text_fieldsചാലക്കുടി: മേലൂർ പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ഉപദ്രവകാരികളായ ഇനം ഈച്ചകൾ വ്യാപിച്ചതോടെ വിശദപഠനം നടത്താൻ തൃശൂരിൽനിന്ന് ഉദ്യോഗസ്ഥർ പൂലാനിയിലെത്തി. കൂടുതൽ പേർക്ക് കടിയേറ്റതോടെ ജനങ്ങളിൽ ഉണ്ടായ ആശങ്ക പരിഹരിക്കുകയാണ് ലക്ഷ്യം.
ജില്ല ടെക്നിക്കൽ അസിസ്റ്റൻറ് കെ.എ. വിജയകുമാർ, ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് എച്ച്.എസ് കെ.ടി. ജിൽസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച സ്ഥലം സന്ദർശിക്കുകയും ജനങ്ങളിൽനിന്ന് വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തത്. തുടർന്ന് തോട്ടങ്ങളിലെത്തി പ്രാണികളെ ശേഖരിച്ച് പരിശോധനക്കായി കൊണ്ടുപോയി. ഇവ വിശദ പരിശോധനക്ക് കോട്ടയത്തെ ലാബിലേക്ക് അയക്കും. ഈച്ചകൾ ഭാവിയിൽ ജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്നാണ് ഇവർ പരിശോധിക്കുന്നത്. ഒരാഴ്ചക്കകം ഫലം ലഭിക്കുമെന്ന് കരുതുന്നു.
മേലൂർ പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സുനിത, വൈസ് പ്രസിഡൻറ് പോളി പുളിക്കൻ, കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. എസ്. രശ്മി, പൂലാനി എച്ച്.ഐ മഞ്ജേഷ്, വാർഡ് മെംബർമാർ, കൃഷി ഓഫിസർ, ആരോഗ്യപ്രവർത്തകർ, ആർ.ആർ.ടി അംഗങ്ങൾ എന്നിവരും ഇവർക്കൊപ്പം എത്തിയിരുന്നു.
ഒരുവർഷം മുമ്പാണ് മനീച്ചകൾ എന്ന ഒരുവിഭാഗം ഈച്ചകളെ പൂലാനിയിലും പരിസരത്തും കണ്ടെത്തിയത്. ഇതിനിടെയാണ് ഈച്ചകൾ പെരുകുന്നതിനെപ്പറ്റി പരാതികൾ ഉയർന്നത്. ശരീരത്തിലെ കടിയേറ്റ ഭാഗം തടിച്ചുവീർക്കുകയും അത് പിന്നീട് പൊട്ടി വ്രണം രൂപംകൊള്ളുകയും ചെയ്യുന്നു. ഇവ പലരെയും കടിച്ചതായി പരാതി വന്നുതുടങ്ങിയതാണ് ആശങ്കക്ക് ഇടയാക്കിയത്. സമീപത്തെ ചാലക്കുടി നഗരസഭ, പരിയാരം പഞ്ചായത്ത് പ്രദേശങ്ങളിലേക്കും ഈച്ചകൾ വ്യാപിച്ചത് ആശങ്ക പരത്തി. നീളൻ വസ്ത്രങ്ങളും മറ്റും ധരിച്ച് ഇവയുടെ കടിയേൽക്കാതെ ശ്രദ്ധിക്കണമെന്നാണ് താൽക്കാലികമായ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.