ചാലക്കുടിയിൽ വൻ ലഹരി വേട്ട; 1000 ലിറ്റർ കോട നശിപ്പിച്ചു
text_fieldsചാലക്കുടി: ചാലക്കുടിയിൽ പൊലീസ് നടത്തിയ ലഹരിവേട്ടയുടെ ഭാഗമായി ആയിരത്തോളം ലിറ്റർ കോട നശിപ്പിച്ചു. കലിക്കൽക്കുന്ന് മിനി നഗറിലാണ് ചാരായം വാറ്റാൻ തയാറാക്കിയ ആയിരത്തോളം ലിറ്റർ കോട കണ്ടെത്തിയത്. കലിക്കൽ കുന്ന് മിനി നഗർ കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപന നടക്കുന്നതായി ഡിവൈ.എസ്.പി കെ.എം. ജിജിമോന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മിനി നഗർ ശ്മശാനത്തോട് ചേർന്ന ആളൊഴിഞ്ഞ സ്ഥലത്ത് മണ്ണിനടിയിൽ പ്ലാസ്റ്റിക് ടാങ്കിൽ സൂക്ഷിച്ച നിലയിൽ കോട കണ്ടെത്തിയത്.
പുറത്തെടുത്ത് നശിപ്പിക്കാൻ സാധിക്കാത്തതിനാൽ ഉപ്പും മണ്ണെണ്ണയും ചേർത്ത് ടാങ്കിൽ ദ്വാരം നിർമിച്ച് നശിപ്പിക്കുകയായിരുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, പ്രത്യേകാന്വേഷണ സംഘത്തിലെ എസ്.ഐ ജിനുമോൻ തച്ചേത്ത്, എ.എസ്.ഐമാരായ റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് ചാരായവേട്ടയിൽ പങ്കെടുത്തത്.
ലോക്ഡൗണിനെ തുടർന്ന് മദ്യലഭ്യത കുറഞ്ഞതോടെ മേഖലയിൽ വ്യാജവാറ്റ് സംഘം സജീവമായതായി വിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ ചാരായം വാറ്റുന്നവരെ അറസ്റ്റ് ചെയ്യുകയും ആയിരക്കണക്കിന് ലിറ്റർ കോടയും ചാരായവും ഉപകരണങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കോട തയാറാക്കിയവരെ കുറിച്ച് അന്വേഷണം തുടരുന്നതായും ഇവരെ ഉടൻ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.