ചാലക്കുടി നഗരസഭക്കെതിരെ ബി.ജെ.പി സമരത്തിന്
text_fieldsചാലക്കുടി: ചാലക്കുടി നഗരസഭക്കെതിരെ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. നഗരസഭയിലെ ദുർഭരണത്തിനും അഴിമതിക്കും സ്വജന പക്ഷപാതത്തിനും വികസന മുരടിപ്പിനുമെതിരെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണെന്ന് മണ്ഡലം പ്രസിസന്‍റ് ടി.വി. പ്രജിത് പറഞ്ഞു.
കെ.എസ്.ആർ.ടി.സി റോഡിലെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ കുടിശ്ശിക എഴുതിത്തള്ളാൻ ഇരു മുന്നണികളും യോജിച്ചാണ് സംസ്ഥാന സർക്കാറിന് അപേക്ഷ അയക്കാൻ തീരുമാനിച്ചത്. ഭരണ -പ്രതിപക്ഷ വിഴുപ്പലക്കലിന്റെ ഭാഗമാണ് ഇപ്പോൾ കമീഷൻ വീതം വെപ്പിന്റെ പേരിലുള്ള വ്യക്തിഗത ആരോപണങ്ങളും പ്രത്യാരോപണങ്ങളും.
കേന്ദ്ര സർക്കാറിന്റെ അമൃതം പദ്ധതിക്ക് കീഴിൽ ചാലക്കുടിയുടെ മൊത്തം വികസനത്തിന് എത്ര തുക കിട്ടിയെന്നും ഏതൊക്കെ പദ്ധതികൾക്ക് ചെലവഴിച്ചുവെന്നതടക്കം വിവരങ്ങൾ നാളിതു വരെ പൊതുജനങ്ങളെ അറിയിച്ചിട്ടില്ല.
ചേരി നിർമാർജനം, പുനരധിവാസം, റോഡ് നവീകരണം, കനാലുകളുടെയും ഓടകളുടെയും നവീകരണം തുടങ്ങിയവക്ക് അനുവദിച്ച ഫണ്ട് ലാപ്സാക്കി. ഉദ്ഘാടന മാമാങ്കത്തിന് ശേഷവും ടൗൺഹാളും ഇൻഡോർ സ്റ്റേഡിയവും ജനങ്ങൾക്ക് ഒരു ഉപയോഗവുമില്ലാതിരിക്കുകയാണ്.
പണക്കാരന്റെ അനധികൃത നിർമാണത്തിന് കുടപിടിക്കുന്ന നഗരസഭ മാനുഷിക പരിഗണ നൽകാതെ കനാൽ പുറമ്പോക്കിൽ കുടിയൊഴിപ്പിക്കലിന് ഒരുങ്ങുകയാണ്. കേന്ദ്ര സർക്കാർ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച തുകയിൽ മൂന്ന് വെൽനെസ്സ് സെന്ററുകൾ തുറക്കുന്നത് പോട്ട, കിഴക്കെ പോട്ട, പടിഞ്ഞാറെ ചാലക്കുടി എന്നിവിടങ്ങളിലാവണം.
പ്രചാരണ ജാഥയുൾെപ്പടെ പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും പ്രജിത്ത് പത്ര സമ്മേളനത്തിൽ അറിയിച്ചു. മണ്ഡലം സെക്രട്ടറിമാരായ പി.ടി. ജോസ്, അമ്പാടി ഉണ്ണികൃഷ്ണൻ, മേഖല പ്രസിഡന്റുമാരായ കെ.പി. ജോണി, കെ.ബി. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.