അഷ്ടമിച്ചിറയിൽ കനാൽ വെള്ളം അടുത്ത ആഴ്ച മുതൽ
text_fieldsചാലക്കുടി: തുമ്പൂർമുഴി വലതുകര കനാലിന്‍റെ അഷ്ടമിച്ചിറ ഭാഗത്തേക്കുള്ള ജലവിതരണം ഉടൻ ആരംഭിക്കുമെന്ന് ചാലക്കുടി ജലവിഭവ വകുപ്പ് അധികൃതർ. ചാലക്കുടി റിവർ ഡൈവെർഷൻ സ്കീം വഴി വലതുകര കനാലുകളിലൂടെയുള്ള ജലവിതരണം ഈ മാസം 15ന് ആരംഭിച്ചിട്ടുണ്ടെന്നും കർഷകരും കൃഷി ഓഫിസർമാരും ആവശ്യപ്പെടുന്ന ഇടങ്ങളിലൊക്കെ വലതുകര കനാലിലൂടെ വെള്ളം നൽകുന്നുണ്ടെന്നും ചാലക്കുടി ജലവകുപ്പ് അസി. എക്സി. എൻജിനീയർ അറിയിച്ചു.
ടേൺ അടിസ്ഥാനത്തിലുള്ള ജലവിതരണം ആരംഭിക്കുന്നതിനുമുമ്പ് കർഷകർ ആവശ്യപ്പെടുന്ന മുറക്കാണ് ഓരോ ഭാഗത്തേക്കും വെള്ളം തുറന്നുവിടുന്നത്. അഷ്ടമിച്ചിറ ഭാഗത്തുനിന്ന് കർഷകരോ കൃഷി ഓഫിസറോ ജനപ്രതിനിധികളോ വെള്ളം ആവശ്യപ്പെട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും ചാലക്കുടി ജലവകുപ്പ് അസി. എക്സി. എൻജിനീയർ അറിയിച്ചു.
തുമ്പൂർമുഴി വലതുകര കനാലിന്‍റെ ടേൺ അടിസ്ഥാനത്തിലുള്ള ജലവിതരണം ഡിസംബർ ഒന്നിന് ആരംഭിക്കും. ഒരു ടേൺ പൂർത്തിയാകാൻ നിലവിലെ ജലലഭ്യത അനുസരിച്ച് 20 ദിവസം ആവശ്യമാണ്. വലതുകര മെയിൻ കനാലിന്റെ അമ്പഴക്കാട് കോട്ടവാതിൽ ഭാഗത്ത് കനാലിന്റെ കേടുപാടുകൾ പരിഹരിക്കുന്ന പ്രവൃത്തി നടക്കുകയാണ്. ഡിസംബർ രണ്ടാം തീയതിയോടെ വെള്ളമെത്തിക്കാനാകും.
തുലാവർഷം ലഭിക്കാതിരുന്ന സാഹചര്യത്തിൽ ചാലക്കുടി പദ്ധതിയിൽനിന്നുള്ള ജലവിതരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് നേരത്തേ ആരംഭിക്കുന്നതിന് കനാലുകളുടെ ശുചീകരണപ്രവൃത്തികളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ടെന്നും അസി. എക്സി. എൻജിനീയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.