ഡ്രൈവിങ് പരിശീലനത്തിനിടെ കാർ കിണറ്റിൽ വീണു; മൂന്നുപേരെ രക്ഷിച്ചു
text_fieldsചാലക്കുടി: ഡ്രൈവിങ് പരിശീലനത്തിനിടെ കാർ ചുറ്റുമതിൽ തകർത്ത് കിണറ്റിൽ വീണു. മൂന്ന് പേരെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ചാലക്കുടി പോട്ടയിൽ സുന്ദരിക്കവല പാറക്കൊട്ടിങ്കലിൽ ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പോട്ട കളരിക്കൽ ഹൗസിൽ സതീശൻ, ഭാര്യ ജിനി, സുഹൃത്ത് ഷിബു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്ത് ഷിബുവിന്റെ സഹായത്തോടെ സതീശൻ ഡ്രൈവിങ് പരിശീലനം നടത്തുമ്പോഴാണ് അപകടം. സതീശന്റെ ഭാര്യ ജിനിയും വാഗൺ ആർ കാറിലുണ്ടായിരുന്നു.
പരിശീലനത്തിനിടെ ആക്സിലേറ്ററിൽ പെട്ടെന്ന് കാൽ അമർന്നതോടെ കാർ നിയന്ത്രണം തെറ്റി വഴിയോരത്തെ പറമ്പിലെ കിണറിന്റെ ചുറ്റുമതിൽ തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. 30 അടി താഴ്ചയുള്ള കിണറ്റിൽ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. ചാലക്കുടി അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി. രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്രവർത്തനം നടത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.എസ്. സന്തോഷ് കുമാർ, സി. ജയകൃഷ്ണൻ, എസ്.ആർ. സാജൻ രാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) ടി.എസ്. അജയൻ, ഹോം ഗാർഡ് സി.എസ്. വിനോദ്, കെ.എസ്. അശോകൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.