ആളുകളെ കടിച്ച പൂച്ചക്ക് പേവിഷബാധ; വി.ആർ. പുരത്ത് ആശങ്ക
text_fieldsചാലക്കുടി: വി.ആർ പുരത്ത് ആളുകളെ കടിച്ച പൂച്ചക്ക് പേവിഷബാധയുള്ളതായി വ്യക്തമായതിനെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി. രണ്ട് ദിവസം മുമ്പാണ് അലഞ്ഞുതിരിഞ്ഞു നടന്ന തവിട്ടു നിറത്തിലുള്ള പൂച്ച നാലുപേരെ കടിച്ചതായി പരാതി ഉയർന്നത്. അവശ നിലയിലായ പൂച്ചയെ പിന്നീട് ഒരു വീടിന്റെ പിന്നിൽ ചത്തനിലയിൽ കണ്ടെത്തി. തുടർന്ന് വാർഡ് കൗൺസിലർ ഷിബു വാലപ്പൻ മുൻകൈയെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടി സ്വീകരിച്ചിരുന്നു.
പൂച്ചയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോസിറ്റീവ് ആയതോടെയാണ് ആളുകളിൽ ഭീതി പരന്നത്. വി.ആർ. പുരം വില്ലനശ്ശേരി റോഡ്, തച്ചുടപറമ്പ് റബർ തോട്ടം റോഡ് എന്നിവിടങ്ങളിലാണ് പൂച്ച കൂടുതലായി സഞ്ചരിച്ചതായി അറിയുന്നത്. പലരും വാക്സിനേഷൻ എടുത്തിട്ടുണ്ട്. മൃഗങ്ങളെ കെട്ടിയിട്ട് നിരീക്ഷിക്കുന്നുമുണ്ട്. പൂച്ച കൂടുതൽ പേരെ കടിച്ചതായി സംശയമുണ്ട്. കൂടാതെ മൃഗങ്ങളെയും കടിച്ചതായി സംസാരമുണ്ട്.
പൂച്ചയുടെ ഏതെങ്കിലും രീതിയിലുള്ള സാമീപ്യത്താൽ മുറിവേറ്റിട്ടുള്ളവർ ആവശ്യമായ വാക്സിനേഷൻ എല്ലാ കോഴ്സുകളും എടുക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഈ പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ളവയെ കുറച്ച് ദിവസം പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ വാക്സിനേഷൻ എടുത്ത വ്യക്തികൾക്കും വളർത്തുമൃഗങ്ങൾക്കും പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.