നഗരസഭ പാർക്കിലെ ആനക്കാര്യം ചേനക്കാര്യമായി തുടരുന്നു
text_fieldsചാലക്കുടി: ചാലക്കുടി നഗരസഭയുടെ കലാഭവൻ മണി പാർക്കിൽ നിർമാണം തുടങ്ങിയ കരിവീരന്റെ പ്രതിമയുടെ നിർമാണം നിലച്ചിട്ട് നാളുകളായി. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് നിർമാണം ആരംഭിച്ചത്. ആറ് മാസത്തിലേറെയായിട്ടും പൂർത്തിയായില്ല. പണം തീർന്നതിനാൽ പാർക്കിലെ കരിവീരൻ അന്തിമമായ ഫിനിഷിങ്ങിലെത്താതെ വെള്ളാനയായി തുടരുകയാണ്. ആനക്ക് കൊമ്പും വാലും മറ്റു പല ഭാഗങ്ങളും നിർമക്കാതെ നിർമാതാക്കൾ ഉപേക്ഷിച്ച മട്ടാണ്. പാർക്കിന്റെ കവാടത്തിന് സമീപത്താണ് പത്തടി ഉയരത്തിൽ സിമന്റിൽ ഗജവീരന്റെ രൂപം തയാറാവുന്നത്. നഗരസഭ ചെയർമാൻ എബി ജോർജ് പ്രത്യേക താൽപര്യമെടുത്താണ് രണ്ടര ലക്ഷത്തോളം രൂപ ചെലവിൽ പ്രതിമയുടെ നിർമാണം ആരംഭിച്ചത്. ഒരു മാസം കൊണ്ട് ഇതിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് അന്ന് അവകാശപ്പെട്ടിരുന്നത്. പണം നൽകുന്ന സ്പോൺസർമാരുടെ പിൻമാറ്റമാണ് ആനയുടെ നിർമാണം നിലച്ചതിന് കാരണമെന്നാണ് സംസാരം.
പോട്ട പനമ്പിള്ളി കോളജിന് സമീപം ഫോർ ഹി ആർട് ക്രിയേഷൻ കാരാണ് പ്രതിമ നിർമാണം ഏറ്റെടുത്തിരുന്നത്. ഫൈബറിൽ ചലിക്കുന്ന ആനകളെ നിർമ്മിച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരാണ് ഇവർ. രണ്ടു വർഷം മുമ്പ് ദുബൈയിൽ ഇവർ ചലിക്കുന്ന ആനകളെ നിരത്തി തൃശൂർ പൂരം നടത്തി വിസ്മയം സൃഷ്ടിച്ചിരുന്നു. പ്രശാന്ത്, റോബിൻ, ജിനേഷ്, സാന്റോ എന്നിങ്ങനെ നാല് കലാകാരന്മാരാണ് ഇതിന്റെ അമരക്കാർ. ആനയുടെ നിർമാണം എന്ന് പൂർത്തിയാകുമെന്നത് ചോദ്യം ചിഹ്നമായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.