വിവാദത്തിൽ കലങ്ങി ചാലക്കുടി സഹകരണ ബാങ്കിന്റെ മത്സ്യകൃഷി
text_fieldsചാലക്കുടി: നഗരസഭയിൽ പോട്ടയിലെ ആശാരിപ്പാറക്കുളം, താണിപ്പാറക്കുളം, കടമ്പോട്ടുകുളം തുടങ്ങിയ പൊതുകുളങ്ങളിൽ ചാലക്കുടി സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന മത്സ്യകൃഷി വിവാദത്തിൽ. യു.ഡി.എഫ് ഭരണസമിതി ഭരിക്കുന്ന ബാങ്കിന്റെ പോട്ടയിലെ മത്സ്യകൃഷി അനധികൃതമാണെന്ന വാദവുമായി സി.പി.എം പ്രാദേശിക നേതൃത്വം രംഗത്ത് വന്നു. മത്സ്യകൃഷി നടത്താനുള്ള അനുമതി നഗരസഭ കൗൺസിൽ അഞ്ചു വർഷത്തേക്ക് നൽകിയതാണെന്നും ബാങ്കിന്റെ സൽപ്പേര് തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വാദവുമായി ബാങ്ക് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.
റവന്യു ഭൂമിയിലെ കുളങ്ങൾ സ്വന്തമാക്കി അവിടെ സൊസൈറ്റിയുടെ ബോർഡ് സ്ഥാപിച്ചതും പൊതു ജനങ്ങൾക്ക് പ്രവേശനമില്ല എന്ന് എഴുതിവെച്ചതുമാണ് സി.പി.എം പ്രകോപനത്തിന് കാരണം. അവിടെ പ്രവേശിച്ചാലും മീൻ പിടിച്ചാലും ശിക്ഷിക്കുമെന്ന് സൊസൈറ്റി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കുളങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ മീനുകൾ പിടിച്ചെടുക്കുകയും ഇതിന് വകയിരുത്തിയ ലക്ഷങ്ങൾ സൊസൈറ്റിയിൽ നിന്ന് കൊള്ളയടിക്കുകയും ചെയ്യുകയാണെന്ന് സി.പി.എം ആരോപിക്കുന്നു. ഇത് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ചാലക്കുടി നോർത്ത് മേഖല കമ്മിറ്റി നടത്തിയ ധർണയും പ്രകടനവും ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.എൻ. ശശിധരൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം പി.എസ്. സന്തോഷ്, ബ്രാഞ്ച് സെക്രട്ടറി ജോജു വെട്ടിയാടൻ, പുല്ലൻ ജോസ് എന്നിവർ സംസാരിച്ചു.
അതേ സമയം, ജില്ലയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ബാങ്ക് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മത്സ്യസമ്പത്ത് വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചാലക്കുടിയിലെ കുളങ്ങളിൽ മത്സ്യ കൃഷി ആരംഭിച്ചത്. അഞ്ച് വർഷത്തേക്ക് 20,000 രൂപ നൽകിയാണ് നഗരസഭ കൃഷി ചെയ്യാനുള്ള അധികാരം ബാങ്കിന് നൽകിയത്. റവന്യുഭൂമിയാണെങ്കിലും ഇത് നൽകാൻ നഗരസഭയ്ക്ക് അധികാരമുണ്ട്. എന്നാൽ ചിലർ ഇതിനെതിരെ ഗുണ്ടായിസം കാട്ടുകയാണ്.
കുളത്തിലെ വല നശിപ്പിക്കുകയും ബോർഡ് തകർക്കുകയും ബലമായി മീനുകളെ പിടിച്ചു കൊണ്ടുപോവുകയും ചെയ്തത് ശരിയല്ലെന്ന് വാർത്ത സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് വി.എൽ. ജോൺസൺ, കമ്മിറ്റി അംഗങ്ങളായ ജോസ് മാളിയേക്കൽ, റിന്റോസ് കണ്ണമ്പുഴ, ഷനിൽ, അരുൺ മനോഹരൻ, സെക്രട്ടറി കെ.പി. സാബിൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.