ചാലക്കുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് ഭീഷണിയായി ജീർണിച്ച സ്കൂൾ കെട്ടിടം
text_fieldsചാലക്കുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് ഭീഷണിയായി ജീർണിച്ച സ്കൂൾ കെട്ടിടംചാലക്കുടി: നഗരസഭ അധികൃതരുടെ അനാസ്ഥ മൂലം വിദ്യാർഥികളുടെ സുരക്ഷക്ക് ഭീഷണിയായി സ്കൂൾ കെട്ടിടം. ചാലക്കുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പഴയ കെട്ടിടങ്ങൾ ഇടിഞ്ഞു വീഴാറായി നിൽക്കുന്നത്. പുതിയ ഹൈടെക് കെട്ടിടങ്ങൾ നിർമിച്ചപ്പോൾ സ്കൂളിനോട് ചേർന്ന് കളിസ്ഥലമൊരുക്കാൻ ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ധാരണയായതാണ്. എന്നാൽ, നഗരസഭ ഭരണസമിതി ഇതിനെ രാഷ്ട്രീയ വൈരം തീർക്കാനുള്ള വേദിയായി കാണുന്നതാണ് പഴയ കെട്ടിടം പൊളിച്ചുനീക്കാത്തതിന് കാരണമെന്ന് ആരോപണമുണ്ട്. മനഃപൂർവം താമസിപ്പിക്കാൻ വേണ്ടി പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ടെൻഡർ നടപടിയും ലേലവുമൊക്കെ നഗരസഭ വൈകിപ്പിക്കുന്നതായും പറയുന്നു.
125 വർഷത്തിലേറെ പഴക്കമേറിയ അഞ്ചോളം കെട്ടിടങ്ങൾ വീഴാറായി നിൽക്കുമ്പോഴും അത്രയൊന്നും പഴക്കമില്ലാത്ത 30 വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങളാണ് നഗരസഭ പൊളിച്ചുനീക്കാൻ താൽപര്യം കാണിച്ചത്.
ദേശീയപാതയുടെ ബൈപാസ് നിർമാണത്തെ തുടർന്നാണ് ഗവ. സ്കൂളിന് വിശാലമായ കളിസ്ഥലം നഷ്ടപ്പെട്ടത്. പകരം കിട്ടിയ കളിസ്ഥലം അകലെയായതിനാൽ വിദ്യാർഥികൾക്ക് ശരിയായി പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കായിക രംഗത്ത് ഏറെ മുന്നിൽ നിന്നിരുന്ന സ്കൂൾ ഇതോടെ പിന്നോട്ടടിച്ചു. തുടർന്ന് ബി.ഡി. ദേവസി എം.എൽ.എയായ കാലഘട്ടത്തിൽ സ്കൂളിന് ഹൈടെക് കെട്ടിടം നിർമിച്ചു. കെട്ടിടം പരമാവധി ഒതുക്കി സ്കൂളിനോട് ചേർന്ന് കളിസ്ഥലത്തിന് സ്ഥലമൊരുക്കാനാണ് ലക്ഷ്യമിട്ടത്.
ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി കളിസ്ഥലവും പവലിയനും നിർമിക്കാൻ തുക അനുവദിച്ചിട്ടുണ്ട്. നഗരസഭയുടെ നിഷേധാത്മക നിലപാട് മൂലം സ്കൂളിന്റെ വികസനം സ്തംഭിച്ചു നിൽക്കുകയാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.