ചാലക്കുടി ഗവ. സ്കൂൾ: ട്രാക്കിലാകാതെ കളിസ്ഥലവും ചുറ്റുമതിലും
text_fieldsചാലക്കുടി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന കളിസ്ഥലവും ചുറ്റുമതിലും വേഗത്തിൽ യഥാർഥ്യമാക്കണമെന്നാവശ്യം. കളിസ്ഥലം സ്കൂളിനപ്പുറത്ത് നിർമിക്കാൻ അധികാരികൾ രഹസ്യമായി ശ്രമിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ദേശീയപാത ബൈപാസിന് വേണ്ടി 1980കളിൽ കളിസ്ഥലം പോയതോടെയുള്ള ആവശ്യമാണ് സ്കൂളിനോട് ചേർന്ന മൈതാനം.
അക്കാലത്തുതന്നെ അൽപം അകലെ കളിസ്ഥലം ലഭിച്ചിരുന്നെങ്കിലും അത് വിദ്യാർഥികൾക്ക് ഉപകരിക്കുന്നില്ലെന്നാണ് പരാതി. എന്നാൽ, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അവിടെ കളിസ്ഥലം നിർമിക്കാൻ ഇപ്പോഴത്തെ നഗരസഭ ഭരണസമിതി ശ്രമിക്കുന്നുവെന്നാണ് ആരോപണം.
സ്കൂളിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ വേഗത്തിലായിട്ടുണ്ട്. സ്കൂളിന്റെ മുൻവശത്തെ ‘സി ടൈപ്പ്’ കെട്ടിടത്തിന്റെ ഇരുവശത്തെയും പഴയ ക്ലാസ് മുറികൾ കഴിഞ്ഞ ദിവസങ്ങളിൽ പൊളിച്ചുനീക്കി. ഇനി ഇതേ കെട്ടിടത്തിന്റെ ഓഫിസ് ഭാഗത്തെ വശം മാത്രമേ പൊളിച്ചുനീക്കാൻ ബാക്കിയുള്ളൂ. ഇതോടെ സ്കൂളിന്റെ മുഖച്ഛായ മാറും. ഇതിന് പിൻഭാഗത്തായി ഓഫിസ്, ഹൈസ്കൂൾ, യു.പി വിഭാഗം എന്നിവക്ക് വേണ്ടി നേരത്തേ നിർമിച്ച ഹൈടെക് കെട്ടിടം മറഞ്ഞുകിടക്കുകയായിരുന്നു.
അതേസമയം, 125 വർഷത്തിലേറെ പഴക്കമുള്ള സ്കൂളിലെ ജീർണിച്ച ഒരു വശത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി മന്ദഗതിയിലാണ്. മുൻവശത്തെ ലാബ് കെട്ടിടം പൊളിച്ചുനീക്കാൻ ക്വട്ടേഷൻ നടപടി പുരോഗമിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് സ്കൂളിനോട് ചേർന്ന് കളിസ്ഥലം നിർമിക്കാൻ പുതിയ കെട്ടിടങ്ങൾ ഒരു ഭാഗത്ത് ഒതുക്കിയാണ് നിർമിച്ചിട്ടുള്ളത്.
ചുറ്റുമതിലും സ്കൂളിനോട് ചേർന്ന് കളിസ്ഥലവും പവലിയനും നിർമിക്കാൻ ബി.ഡി. ദേവസി എം.എൽ.എ ആയിരിക്കുമ്പോൾ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാത്തത് വിദ്യാർഥികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നതായി പരാതി ഉയർന്നിരുന്നു.
അതുപോലെ ദേശീയപാതയോട് ചേർന്നുകിടക്കുന്ന സ്കൂളിന് ചുറ്റുമതിൽ പണിയാൻ വൈകുന്നതും സുരക്ഷ പ്രശ്നം ഉയർത്തുന്നുണ്ട്. മാത്രമല്ല, ഗേറ്റ് എവിടെയാണെന്നറിയാതെ സ്കൂളിലേക്ക് പുതിയ അഡ്മിഷനെടുക്കാൻ വന്നെത്തുന്ന രക്ഷിതാക്കളും മറ്റും കുഴങ്ങിയിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്ന മതിലുകളുടെ ഭാഗത്തൂടെ ആശങ്കയോടെയാണ് പലരും വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.